പ്രമുഖ ഐടി കേന്ദ്രമാകാൻ കോഴിക്കോട്; ആഗോള വിപണിയിലേക്ക് വഴിതുറന്ന് 'ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ' ദേശീയ റോഡ്ഷോ നാളെ

കേരളത്തിന്റെ മുൻനിര ഐടി-സ്റ്റാർട്ടപ്പ് ഹബ്ബുകളിലൊന്നായി അതിവേഗം ശക്തിപ്പെടുന്ന കോഴിക്കോടിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടി, ദുബായ് വേൾഡ് ട്രേഡ് സെന്റർ ആസ്ഥാനമായുള്ള സെൻട്രൽ സംഘടിപ്പിക്കുന്ന 'ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ' ദേശീയ റോഡ്ഷോയ്ക്ക് നാളെ കോഴിക്കോട്ട് തുടക്കമാകും. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ എക്സ്പാൻഡ് നോർത്ത് സ്റ്റാർ 2026, ജൈടെക്സ് ഗ്ലോബൽ മേളകളിലേക്ക് ഇന്ത്യൻ സംരംഭകർക്ക് നേരിട്ട് പ്രവേശനം ഒരുക്കുന്ന സമ്മേളനം ഹൈലൈറ്റ് ബിസിനസ് പാർക്കിലാണ് നടക്കുന്നത്.
പരമ്പരാഗത വ്യാപാര നഗരമെന്ന ഖ്യാതിക്കപ്പുറം, മലബാറിന്റെ പ്രമുഖ ഐടി കേന്ദ്രമായി കോഴിക്കോട് വികസിച്ചിരിക്കുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള സൈബർപാർക്ക്, ഹൈലൈറ്റ് ബിസിനസ് പാർക്ക്, കാഫിറ്റ് എന്നിവയുടെ സംയുക്ത പങ്കാളിത്തത്തിലാണ് റോഡ്ഷോ സംഘടിപ്പിക്കുന്നത്. നൂതന സാങ്കേതിക സ്റ്റാർട്ടപ്പുകൾ, പ്രമുഖ ഐടി സംരംഭങ്ങൾ, നൈപുണ്യ ശേഷിയുള്ള ജീവനക്കാർ തുടങ്ങിയവയാണ് കോഴിക്കോടിൻ്റെ കരുത്ത്. നഗരത്തിന്റെ സുശക്തമായ ഐടി ആവാസവ്യവസ്ഥയെയും വളർച്ചാ സാധ്യതകളെയും മുൻനിർത്തിയാണ് രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ നടക്കുന്ന റോഡ്ഷോയുടെ ഉദ്ഘാടന വേദിയായി കോഴിക്കോടിനെ തിരഞ്ഞെടുത്തത്.
പ്രാദേശിക സംരംഭങ്ങൾക്ക് അന്താരാഷ്ട്ര നിക്ഷേപകരുമായും ആഗോള വിപണിയുമായും നേരിട്ട് കൈകോർക്കാനുള്ള സുവർണാവസരമാണ് ഇതിലൂടെ തുറന്നുകിട്ടുന്നത്. ഇന്ത്യൻ ടെക്നോളജി സംരംഭകർക്ക് വിദേശ വിപണികളിലേക്ക് പ്രവേശനം നേടാനും ആഗോള നിക്ഷേപം കണ്ടെത്താനും അവസരമൊരുക്കുകയാണ് ലക്ഷ്യം. കോഴിക്കോടിന് പുറമെ കൊച്ചി, തിരുവനന്തപുരം, കന്യാകുമാരി, കോയമ്പത്തൂർ, ചെന്നൈ, ബാംഗ്ലൂർ തുടങ്ങിയ നഗരങ്ങളിലേക്കും റോഡ്ഷോ വ്യാപിപ്പിക്കും.
സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സൈബർപാർക്ക്, ഇൻഫോപാർക്ക്, ടെക്നോപാർക്ക്, കൂടാതെ സ്റ്റാർട്ടപ്പ് ടിഎൻ, കർണാടക ഡിജിറ്റൽ ഇക്കോണമി മിഷൻ , ജി-ടെക്, വേൾഡ് ട്രേഡ് സെന്റർ (ചെന്നൈ,ബംഗളൂരു, കൊച്ചി) തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പരിപാടി നടക്കുന്നത്.
റോഡ് ഷോയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 100 ഇന്ത്യൻ സ്റ്റാർട്ടപ്പ് സ്ഥാപകർക്ക് ദുബായിൽ നടക്കുന്ന എക്സ്പാൻഡ് നോർത്ത് സ്റ്റാർ, ജൈടെക്സ് ഗ്ലോബൽ മേളകളിൽ പങ്കെടുക്കാനുള്ള ഏഴു ദിവസത്തെ പ്രത്യേക അവസരം ലഭിക്കും. ദുബായ് വേൾഡ് ട്രേഡ് സെന്ററിലെ സെൻട്രൽ ബിസിനസ് ഹബ്ബ് കേന്ദ്രീകരിച്ചാകും ഇവരുടെ സന്ദർശനം.
പ്രദർശനം സന്ദർശിച്ച് മടങ്ങുക എന്നതിലുപരി, ആഗോള വിപണിയിൽ ദീർഘകാല പങ്കാളിത്തങ്ങളും നിക്ഷേപങ്ങളും കണ്ടെത്താൻ സംരംഭകരെ പ്രാപ്തരാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സെൻട്രൽ ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടർ റഫീസ് റഹ്മത്തുള്ള വ്യക്തമാക്കി. കോഴിക്കോട് പോലെ വളർന്നുവരുന്ന ഐടി ഹബ്ബുകളിലെ പ്രതിഭകൾക്ക് ദുബായ് വഴി ആഗോളതലത്തിലേക്ക് വളരാനുള്ള കൃത്യമായ വഴികാട്ടിയാകും ഈ സംരംഭമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
കോഴിക്കോട് നടക്കുന്ന റോഡ്ഷോയിൽ ഐടി സംരംഭകർ, നിക്ഷേപകർ, വ്യവസായ പ്രമുഖർ എന്നിവർ പങ്കെടുക്കും. ആഗോള വിപണി വികസനം, നിക്ഷേപ സാധ്യതകൾ, ബിസിനസ് അവസരങ്ങൾ എന്നിവയെക്കുറിച്ച് വിദഗ്ധർ ചർച്ച ചെയ്യും. രജിസ്ട്രേഷനായി https://roadshow.zentral.world എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് admin@zentral.world എന്ന ഇമെയിലിലോ www.zentral.world എന്ന വെബ്‌സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്.
https://www.facebook.com/Malayalivartha
























