നീട്ടിവളർത്തിയ മുടി പറ്റെവെട്ടി സുഹൈലും കൂട്ടുകാരും.. തങ്ങളുടെ നിർബന്ധപ്രകാരം മുടി വെട്ടിയതല്ലെന്നും പ്രതി സ്വയം വെട്ടിയതാണെന്നും ബോസ്റ്റൽ സ്കൂൾ അധികൃതർ...

വാപ്പ മകനെ രക്ഷിക്കാനായി നെട്ടോട്ടം ഓടുമ്പോൾ മകനെ തിരിച്ചറിയാൻ പോലും സാധിക്കാത്ത തരത്തിലായി.നീട്ടിവളർത്തിയ മുടി പറ്റെവെട്ടി ‘ജയിൽ മേക്ക് ഓവറിൽ’ സുഹൈൽ കോടതിയിൽ. തങ്ങളുടെ നിർബന്ധപ്രകാരം മുടി വെട്ടിയതല്ലെന്നും പ്രതി സ്വയം വെട്ടിയതാണെന്നും സുഹൈലിനെ റിമാൻഡിൽ പാർപ്പിച്ച കാക്കനാട് ബോസ്റ്റൽ സ്കൂൾ അധികൃതർ. നെടുമ്പാശേരി വാഹനാപകടക്കേസ് പ്രതി സുഹൈലിന്റെയും കൂട്ടാളികളുടെയും ശരീരഭാഷയിൽ വരുത്തിയത് ഒറ്റനോട്ടത്തിൽ ആളെ തിരിച്ചറിയാനാവാത്തത്ര മാറ്റം.
നന്നേ അടുപ്പമുള്ളവർക്കു പോലും ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാവാത്ത രൂപത്തിലാണു സുഹൈലും സുഹൃത്തുക്കളും കോടതിയിലെത്തിയത്.ബോസ്റ്റൽ സ്കൂൾ അന്തേവാസികൾക്കു മുടി മുറിച്ചു വൃത്തിയാകാനുള്ള ട്രിമ്മറുകൾ അധികൃതർ പൊതു ഉപയോഗത്തിനായി നൽകിയിട്ടുണ്ട്. അന്തേവാസികളിൽ പലരും ഇതു പരസ്പരം ചെയ്തു കൊടുക്കാറുമുണ്ട്. എന്നാൽ, സുഹൈൽ സ്വയം മുടി മുറിക്കുകയായിരുന്നു.ഇന്ന് വൈകുംനേരം അഞ്ചുമണിവരെയാണ് പ്രതികളെ പോലീസിന് കസ്റ്റഡിയിൽ ലഭിച്ചിരിക്കുന്നത്.
എന്നാൽ പ്രതികളെ കസ്റ്റഡിയിൽ വിട്ടുനൽകരുതെന്ന് പ്രതിഭാഗം കോടതിയിൽ ശക്തമായി വാദിച്ചിരുന്നു. അപകടസമയത്ത് സ്കൂട്ടറിൽ യാത്ര ചെയ്തിരുന്നവർ ഹെൽമെറ്റ് ധരിച്ചിരുന്നില്ലെന്നും, മദ്യപിച്ചിരുന്ന പ്രതികളെ പോലീസ് പൊതുമധ്യത്തിൽ പ്രദർശിപ്പിച്ചെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. അപകട മരണത്തെ ഒരിക്കലും ന്യായീകരിക്കുന്നില്ലെന്നും, എന്നാൽ മാധ്യമങ്ങളെ തൃപ്തിപ്പെടുത്താൻ വേണ്ടിയല്ല മറിച്ച് സത്യസന്ധമായ അന്വേഷണമാണ് ഈ കേസിൽ നടക്കേണ്ടതെന്നും അവർ വ്യക്തമാക്കി. പ്രതികൾക്ക് പ്രായം കുറവാണെന്ന പ്രതിഭാഗത്തിന്റെ വാദത്തെ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി എതിർത്തു.
മരിച്ചവർക്കും പ്രായം കുറവാണെന്നും അവർക്കും ജീവിതത്തിൽ ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നുവെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഇരുഭാഗത്തെയും വാദമുഖങ്ങൾ വിശദമായി കേട്ട ശേഷമാണ് നാല് പ്രതികളെയും കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്. പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചതോടെ വരും ദിവസങ്ങളിൽ തെളിവെടുപ്പ് ഉൾപ്പെടെയുള്ള കൂടുതൽ അന്വേഷണ നടപടികളിലേക്ക് പോലീസ് കടക്കും.
https://www.facebook.com/Malayalivartha



























