വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഇറക്കുമതി ചെയ്യേണ്ട ആദ്യ കണ്ടെയ്‌നറുമായി കപ്പലെത്തി...

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഇറക്കുമതി ചെയ്യേണ്ട ആദ്യ കണ്ടെയ്‌നറുമായി കപ്പലെത്തി. ചൈനയിലെ നിങ്‌ബോയിൽ നിന്ന് ബുക്ക് ചെയ്ത കണ്ടെയ്‌നറുകൾ എം.എസ്.സി. സബ്രീന-3 കപ്പലിലാണ് വിഴിഞ്ഞത്തെത്തിയത്.
തിരുവനന്തപുരത്തെ ഓൾടെയർ ഗ്രൂപ്പിനായി നഗരത്തിലെ സ്റ്റാർട്ടപ്പായ ബി.എസ്.ജി. ലോജിസ്റ്റിക്‌സ് ആൻഡ് ഷിപ്പ് ചാൻഡ്‌ലേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് കണ്ടെയ്‌നർ ബുക്ക് ചെയ്തത്.
പരമ്പരാഗത പ്ലൈവുഡിന് പകരം നിർമാണ മേഖലയിൽ ഉപയോഗിക്കുന്ന എൻജിനിയേർഡ് ബിൽഡിങ് ബോർഡുകളാണ് കണ്ടെയ്‌നറിലുള്ളത്. ആദ്യ ഇറക്കുമതി കണ്ടെയ്‌നറിന്റെ ഫ്ളാഗ് ഓഫ് ശനിയാഴ്ച വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ജെറോമിക് ജോർജ് നിർവഹിക്കുകയായിരുന്നു.
ഇറക്കുമതി സൗകര്യം ആരംഭിക്കുന്നതോടെ ചരക്കുകൾ വിഴിഞ്ഞത്ത് നേരിട്ട് ഇറക്കി കസ്റ്റംസ് നടപടികൾ പൂർത്തിയാക്കി കേരളത്തിലെ വിപണികളിലെത്തിക്കാനാകും.
ഇതുവഴി മറ്റ് തുറമുഖങ്ങളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യവും ചരക്കുനീക്കത്തിനുള്ള സമയവും ചെലവും കുറയും. ചരക്ക് കൈകാര്യം ചെയ്യൽ, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളിലെ വരുമാനം സംസ്ഥാനത്ത് നിലനിർത്താനും കഴിയും.
അതേസമയം ലോകത്തിലെ തന്നെ പ്രധാന അന്താരാഷ്ട്ര കപ്പൽ പാതയോട് തൊട്ടടുത്തു കിടക്കുന്ന വിഴിഞ്ഞത്ത് നേരിട്ട് ഇറക്കുമതി സാധ്യമായതോടെ ലോജിസ്റ്റിക്‌സ്, വെയർഹൗസിങ്, കസ്റ്റംസ് ബ്രോക്കറേജ് തുടങ്ങിയ മേഖലകളിൽ വലിയ തോതിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
"
https://www.facebook.com/Malayalivartha






















