വീണ് പരിക്കേറ്റ ആനക്കുട്ടിയെ ചികിത്സയ്ക്കായി ഗുജറാത്തിലെ വൻതാരയിലേക്ക് എയർലിഫ്റ്റ് ചെയ്യും

വീണ് പരിക്കേറ്റ ആനക്കുട്ടിയെ ചികിത്സയ്ക്കായി ഗുജറാത്തിലെ വൻതാരയിലേക്ക് എയർലിഫ്റ്റ് ചെയ്യും. ഹെൽത്ത് മോണിറ്ററിംഗ് കമ്മിറ്റി ദയാവധത്തിന് വിധിച്ച ആനക്കുട്ടിയെയാണ് ഗുജറാത്തിലെ ജാം നഗറിലുള്ള വൻതാരയിലേക്ക് കൊണ്ടുപോകുന്നത്.
റിലയൻസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആനന്ദ് അംബാനി ആരംഭിച്ച ലോകത്തിലെ ഏറ്റവും വലിയ വന്യജീവി രക്ഷാപ്രവർത്തന പുനരധിവാസ കേന്ദ്രമാണ് വൻതാര. ജനിച്ചദിവസം തന്നെ കോടനാട്ടേക്ക് എത്തിയതാണ് ഒന്നര വയസ് മാത്രം പ്രായമുള്ള ആനക്കുട്ടി. ജന്മനാ അസ്ഥിവൈകല്യമുള്ള ആനക്കുട്ടി കഴിഞ്ഞദിവസം കളിക്കുന്നതിനിടെയാണ് വീണ് പരിക്കേറ്റത്.
130 കിലോയോളം ഭാരമുള്ള ആനക്കുട്ടി നിലവിൽ ശരീരം ചെറുതായിപോലും ചലിപ്പിക്കാനായി കഴിയാത്ത അവസ്ഥയിലാണ്. കോടനാട്ട്നിന്നും ക്രെയിൻ ഉപയോഗിച്ചാണ് ആനക്കുട്ടിയെ അനിമൽ ആംബുലൻസിലേക്ക് മാറ്റിയത്.
നെടുമ്പാശേരിയിൽ നിന്നുള്ള ചാർട്ടേഡ് വിമാനത്തിലാണ് വൻതാരയിലേക്ക് കൊണ്ടുപോകുന്നത്. കേരളത്തിലെ വിദഗ്ദ്ധ ഡോക്ടർമാരും ഇത്രയും നാൾ ആനക്കുട്ടിയെ പരിചരിച്ച വനംവകുപ്പ് ജീവനക്കാരും വിമാനത്തിലുണ്ടാകും. സുഖം പ്രാപിച്ചുകഴിഞ്ഞാൽ കേരളത്തിലേക്ക് തിരികെ കൊണ്ടുവരുമെന്ന് വൻതാരയിലെ ഡോക്ടർമാർ ഉറപ്പ് നൽകി. നിലവിൽ 60 ദിവസത്തെ ചികിത്സാ പാക്കേജാണ് വൻതാരയിലെ ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്.
"
https://www.facebook.com/Malayalivartha























