ഡോക്ടറെത്തപ്പി ചാനലുകൾ... ഡോക്ടറെ മർദിച്ച കേസിൽ വൻ ട്വിസ്റ്റ്; മദ്യം നൽകി പീഡിപ്പിച്ചെന്ന് പരാതി! നടിയുടെ ബന്ധുവിന്റെ പരാതിയിൽ ഡോക്ടർക്കെതിരെ ബലാത്സംഗക്കേസ്

കൊച്ചിയിൽ സിനിമാ താരങ്ങൾ ഉൾപ്പെട്ട ഡോക്ടർ മർദനക്കേസിൽ പുതിയ വഴിത്തിരിവ്. തന്നെ മർദിക്കുകയും മൂന്നേകാൽ ലക്ഷം രൂപയോളം വിലവരുന്ന സാധനങ്ങൾ കവർന്നെടുക്കുകയും ചെയ്തെന്ന് പരാതി നൽകിയ ഡോക്ടർക്കെതിരെ ഇപ്പോൾ ബലാത്സംഗക്കേസ്.
നടിയുടെ അടുത്ത ബന്ധുവായ യുവതി നൽകിയ പരാതിയിലാണ് ഡോക്ടർക്കെതിരെ ഇൻഫോപാർക്ക് പൊലീസ് കേസെടുത്തിരിക്കുന്നത്. മദ്യം നൽകിയശേഷം അവശയാക്കി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഇതോടെ സിനിമാ താരങ്ങൾ ഉൾപ്പെട്ട മർദനക്കേസ് പുതിയ തലത്തിലേക്ക് മാറിയിരിക്കുകയാണ്.
നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഡോക്ടർ ജോൺസൺ കെ. വർഗീസിനെതിരെയാണ് പരാതി. യുവതിയുടെ കുടുംബ ഡോക്ടർ കൂടിയാണ് ഇദ്ദേഹം. കഴിഞ്ഞ മാസം ഇൻഫോപാർക്കിന് സമീപത്തെ ഒരു ഹോട്ടലിൽവെച്ച് മദ്യം നൽകിയശേഷം പീഡിപ്പിച്ചെന്നാണ് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. തന്റെ ചിത്രങ്ങൾ ഡോക്ടർ പകർത്തിയിട്ടുണ്ടോ എന്ന സംശയവും യുവതി ഉന്നയിച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ഇൻഫോപാർക്ക് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. സംഭവത്തിനു പിന്നാലെ ഡോക്ടറെ സ്വകാര്യ ആശുപത്രി ജോലിയിൽനിന്ന് പുറത്താക്കിയതായും റിപ്പോർട്ടുകളുണ്ട്.
നവംബർ രണ്ടിനാണ് കൊച്ചിയിലെ വൈറ്റില പൊന്നുരുന്നിയിലുള്ള അപ്പാർട്ട്മെന്റിൽ ഡോക്ടർ ആക്രമിക്കപ്പെട്ടതായി പറയുന്ന സംഭവം. നടിയുടെ ബന്ധുവിന് ഗുരുതരമായ ആരോഗ്യപ്രശ്നമുണ്ടെന്നും അടിയന്തര ചികിത്സ ആവശ്യമാണെന്നും പറഞ്ഞാണ് ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയതെന്നാണ് പരാതി.
അവിടെയെത്തിയപ്പോൾ പന്ത്രണ്ടോളം പേർ ഫ്ലാറ്റിലുണ്ടായിരുന്നുവെന്നും തുടർന്ന് മുറിയിൽ തടഞ്ഞുവെച്ച് മർദിച്ചുവെന്നുമാണ് ഡോക്ടർ ആരോപിച്ചത്. നടിയും സംഘവും പീഡനപരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയതായും ഡോക്ടർ പരാതിയിൽ പറഞ്ഞിരുന്നു.
രണ്ട് മൊബൈൽ ഫോണുകൾ, സ്മാർട്ട് വാച്ച്, ഇയർപോഡുകൾ എന്നിവ ഉൾപ്പെടെ മൂന്നേകാൽ ലക്ഷം രൂപയോളം വിലവരുന്ന സാധനങ്ങൾ സംഘം തട്ടിയെടുത്തെന്നും പരാതിയുണ്ട്.
ഈ കേസിൽ നടിയും നടനും ഉൾപ്പെടെ പന്ത്രണ്ടുപേരെ പ്രതികളാക്കി പൊലീസ് കേസെടുത്തിരുന്നു. നടി, നടനും പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമായ ബിബിൻ പെരുമ്പള്ളി, കെ.ബി. വിഷ്ണു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവർക്കായുള്ള അന്വേഷണം തുടരുകയാണ്.
ഇതിനിടെയാണ് ഡോക്ടർക്കെതിരെ പീഡനപരാതി ഉയർന്നിരിക്കുന്നത്. നേരത്തെ ഡോക്ടർ നൽകിയ പരാതിയിൽ പീഡനശ്രമം ആരോപിച്ചിരുന്നതും ഇപ്പോൾ അതേ സംഭവവുമായി ബന്ധപ്പെട്ട യുവതി തന്നെ ഡോക്ടർക്കെതിരെ ഗുരുതരമായ പരാതി നൽകിയതും കേസിനെ കൂടുതൽ സങ്കീർണമാക്കുന്നു.
ഇരുവിഭാഗത്തിന്റെയും ആരോപണങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്. യുവതിയുടെ പരാതിയിൽ പറയുന്ന സംഭവങ്ങളുടെ യാഥാർഥ്യം, ഡോക്ടർക്കെതിരായ ആരോപണങ്ങൾ, ഡോക്ടർ നൽകിയ മർദന-കവർച്ചാ പരാതിയുടെ പിന്നിലെ സാഹചര്യങ്ങൾ എന്നിവയെല്ലാം അന്വേഷണത്തിലൂടെ വ്യക്തമാകേണ്ടതുണ്ട്.
ഒരു വശത്ത് നടിയും സംഘവും പ്രതികളായ ഡോക്ടർ ആക്രമണക്കേസ്. മറുവശത്ത് അതേ ഡോക്ടർക്കെതിരെ ഉയർന്ന ബലാത്സംഗ പരാതി. കൊച്ചിയെ നടുക്കിയ സംഭവത്തിൽ ഇനി പുറത്തുവരാനിരിക്കുന്ന പൊലീസ് അന്വേഷണവിവരങ്ങളിലേക്കാണ് എല്ലാവരുടെയും ശ്രദ്ധ.
https://www.facebook.com/Malayalivartha
























