ഇന്ത്യയിലൊരിടത്തും കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലില്ലാത്തത് ഒരു പുരോഗമന പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ശോഭനമായ കാര്യമല്ല; ഇടതുപക്ഷത്തിന്റെ തകർച്ചയുടെ വ്യക്തമായ ലക്ഷണമാണിതെന്ന് ഗതാഗത മന്ത്രി സി.പി ജോൺ

ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വസന്തവും സോഷ്യലിസവും വീണ്ടും പൂവണിയണമെങ്കിൽ ജനാധിപത്യത്തിന്റെ ഞാറ്റടി അനിവാര്യമാണെന്ന് സി.എം.പി ജനറൽ സെക്രട്ടറിയും ഗതാഗത മന്ത്രിയുമായ സി.പി ജോൺ. സി.എം.പി സ്ഥാപകൻ എം.വി രാഘവന്റെയും പാർട്ടിയുടെയും കാഴ്ചപ്പാട് ഇതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു. എം.വി രാഘവന്റെ സ്മരണാർഥം എം.വി.ആർ ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാരം കാർട്ടൂണിസ്റ്റ് ഇ.പി ഉണ്ണിക്ക് സമർപ്പിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സി.പി ജോൺ.
കേരളത്തിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ 1957 മുതൽ നിലനിന്നിരുന്ന ഭരണപങ്കാളിത്തം ഇന്ന് അവശേഷിക്കുന്നത് സി.എം.പിയിലൂടെ മാത്രമാണെന്ന് പറയുന്നതിൽ അത്ര സന്തോഷമില്ല. ഇന്ത്യയിലെ ഒരുപാട് സംസ്ഥാനങ്ങളിൽ വിവിധ രൂപത്തിലുള്ള ഇടതുപക്ഷ പാർട്ടികൾ അധികാരത്തിൽ ഇരിക്കുന്നതാണ് സി.എം.പി സ്വപ്നം കാണുന്നത്.
എന്നാൽ ഇന്ത്യയിലൊരിടത്തും കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലില്ലാത്തത് ഒരു പുരോഗമന പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ശോഭനമായ കാര്യമല്ല. ഇടതുപക്ഷത്തിന്റെ തകർച്ചയുടെ വ്യക്തമായ ലക്ഷണമാണ്. സർക്കാർ സംവിധാനത്തിലിരുന്നുകൊണ്ട് നിർണായകമായ കാര്യങ്ങൾ ചെയ്യാൻ ഒരു ചെറിയ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സാധിക്കുമെന്ന് എം.വി രാഘവൻ വിഴിഞ്ഞം പദ്ധതിയലൂടെയും പരിയാരം മെഡിക്കൽ കോളേജിലൂടെയും തെളിയിച്ചിട്ടുള്ളതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha


























