നിലവില്‍ 177 എന്‍.എഫ്.എസ്.എ ഗോഡൗണുകളും 56 സപ്ലൈകോ ഗോഡൗണുകളുമാണുള്ളത്; ഗോഡൗണുകളില്‍ ആവശ്യമായവ മാത്രം നിലനിര്‍ത്തി ബാക്കിയുള്ളവ ഒഴിവാക്കും; നിലപാട് വ്യക്തമാക്കി മന്ത്രി അനൂപ് ജേക്കബ്

ഭക്ഷ്യവകുപ്പിനും സപ്‌ളൈകോയ്ക്കും കീഴിലുള്ള ഗോഡൗണുകളില്‍ ആവശ്യമായവ മാത്രം നിലനിര്‍ത്തി ബാക്കിയുള്ളവ ഒഴിവാക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്. നിലവില്‍ 177 എന്‍.എഫ്.എസ്.എ ഗോഡൗണുകളും 56 സപ്ലൈകോ ഗോഡൗണുകളുമാണുള്ളത്. ഇത്രയധികം ഗോഡൗണുകള്‍ ആവശ്യമില്ലെന്ന് വകുപ്പുതല പരിശോധനയില്‍ കണ്ടെത്തിയ സാഹചര്യത്തിലാണു പുനഃക്രമീകരണ നടപടികള്‍ സ്വീകരിക്കുന്നത്.
നിലവിലുള്ള ഗോഡൗണുകളില്‍ ഭൂരിഭാഗവും ശാസ്ത്രീയ മാനദണ്ഡങ്ങള്‍ പാലിക്കാത്തവയും പലതും കാലപ്പഴക്കം ചെന്നവയുമാണ്. 177 എന്‍.എഫ്.എസ്.എ ഗോഡൗണുകള്‍ ആവശ്യമില്ലെന്നാണു ഭക്ഷ്യവകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. ഇതുസംബന്ധിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിതരണ കമ്മിഷണര്‍ക്കു നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.
2019 കാലത്ത് കൃത്യമായ മാനദണ്ഡങ്ങളും ആവശ്യകതയും പരിശോധിക്കാതെ ഗോഡൗണുകള്‍ അനുവദിച്ചതാണു നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. ആവശ്യത്തിന് സംഭരണശേഷിയില്ലാത്തതും അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതമായതുമായ കെട്ടിടങ്ങള്‍ പോലും ഗോഡൗണുകളായി ഉപയോഗിക്കുന്നതായി പരിശോധനയില്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ഇതുമൂലം ഭക്ഷ്യധാന്യം നശിച്ചുപോകുന്നതിനൊപ്പം വാടകയിനത്തില്‍ സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുമുണ്ടാകുന്നുണ്ട്. വീടുകള്‍ പോലും വാടകയ്‌ക്കെടുത്ത് ഗോഡൗണുകളാക്കിയതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം ക്രമക്കേടുകളും അശാസ്ത്രീയ സംവിധാനങ്ങളും ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു
https://www.facebook.com/Malayalivartha

























