ഇത്രയധികം ഗോഡൗണുകൾ ആവശ്യമില്ല; ഭക്ഷ്യവകുപ്പിനും സപ്ളൈകോയ്ക്കും കീഴിലുള്ള ഗോഡൗണുകളിൽ ആവശ്യമായവ മാത്രം നിലനിർത്തുമെന്ന് മന്ത്രി അനൂപ് ജേക്കബ്

ഭക്ഷ്യവകുപ്പിനും സപ്ളൈകോയ്ക്കും കീഴിലുള്ള ഗോഡൗണുകളിൽ ആവശ്യമായവ മാത്രം നിലനിർത്തി ബാക്കിയുള്ളവ ഒഴിവാക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്. നിലവിൽ 177 എൻ.എഫ്.എസ്.എ ഗോഡൗണുകളും 56 സപ്ലൈകോ ഗോഡൗണുകളുമാണുള്ളത്. ഇത്രയധികം ഗോഡൗണുകൾ ആവശ്യമില്ലെന്ന് വകുപ്പുതല പരിശോധനയിൽ കണ്ടെത്തിയ സാഹചര്യത്തിലാണു പുനഃക്രമീകരണ നടപടികൾ സ്വീകരിക്കുന്നത്.
നിലവിലുള്ള ഗോഡൗണുകളിൽ ഭൂരിഭാഗവും ശാസ്ത്രീയ മാനദണ്ഡങ്ങൾ പാലിക്കാത്തവയും പലതും കാലപ്പഴക്കം ചെന്നവയുമാണ്. 177 എൻ.എഫ്.എസ്.എ ഗോഡൗണുകൾ ആവശ്യമില്ലെന്നാണു ഭക്ഷ്യവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. ഇതുസംബന്ധിച്ച് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിതരണ കമ്മിഷണർക്കു നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.
2019 കാലത്ത് കൃത്യമായ മാനദണ്ഡങ്ങളും ആവശ്യകതയും പരിശോധിക്കാതെ ഗോഡൗണുകൾ അനുവദിച്ചതാണു നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. ആവശ്യത്തിന് സംഭരണശേഷിയില്ലാത്തതും അടിസ്ഥാന സൗകര്യങ്ങൾ പരിമിതമായതുമായ കെട്ടിടങ്ങൾ പോലും ഗോഡൗണുകളായി ഉപയോഗിക്കുന്നതായി പരിശോധനയിൽ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഇതുമൂലം ഭക്ഷ്യധാന്യം നശിച്ചുപോകുന്നതിനൊപ്പം വാടകയിനത്തിൽ സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുമുണ്ടാകുന്നുണ്ട്. വീടുകൾ പോലും വാടകയ്ക്കെടുത്ത് ഗോഡൗണുകളാക്കിയതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം ക്രമക്കേടുകളും അശാസ്ത്രീയ സംവിധാനങ്ങളും ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു .
https://www.facebook.com/Malayalivartha

























