കണ്ണീരിന്റെ കാലം പിന്നിട്ട് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ഗുരുവായൂർ നടയിൽ താലിചാർത്തി സന്ദീപ്, തകർന്നുപോയ ജീവിതത്തിന് സ്നേഹത്തിന്റെ കരുതൽ

വയനാട് ചൂരൽമല ദുരന്തത്തിൽ ഉറ്റവരെയും വീടും നഷ്ടപ്പെട്ട ശ്രുതിക്ക് ഒടുവിൽ ജീവിതത്തിൽ സന്തോഷത്തിന്റെ പുതിയ അധ്യായം. കേരളത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ ആ ദുരന്തത്തിന്റെ ഓർമകൾക്കിടയിൽ ശ്രുതി ഇന്ന് വിവാഹിതയായി. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. മാനന്തവാടി സ്വദേശിയും വയനാട് കലക്ടറേറ്റിലെ ജീവനക്കാരനുമായ സന്ദീപാണ് ശ്രുതിക്ക് താലിചാർത്തിയത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന വിവാഹച്ചടങ്ങുകൾക്ക് മുൻമന്ത്രി കെ. രാജനും പിതാവിന്റെ സ്ഥാനത്തുനിന്ന് നേതൃത്വം നൽകി. വിവാഹശേഷം സന്തോഷം മറച്ചുവയ്ക്കാതെയായിരുന്നു ശ്രുതിയുടെ പ്രതികരണം. തന്റെ കഴിഞ്ഞകാലത്തെക്കുറിച്ച് എല്ലാം അറിഞ്ഞുകൊണ്ടുതന്നെ കൈപിടിച്ചയാളാണ് സന്ദീപെന്നും മുന്നോട്ടുള്ള ജീവിതം സന്തോഷകരമാകട്ടെയെന്ന് പ്രാർഥിക്കുന്നുവെന്നും ശ്രുതി പറഞ്ഞു.
2024 ജൂലൈ 30-ന് ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ ഒൻപത് പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. വീടും ജീവിതത്തിന്റെ എല്ലാ പ്രതീക്ഷകളും തകർന്നു. ആ പ്രതിസന്ധിക്കാലത്ത് താങ്ങായി നിന്ന പ്രതിശ്രുത വരൻ ജെൻസനെയും പിന്നീട് വാഹനാപകടത്തിൽ ശ്രുതിക്ക് നഷ്ടമായി. ആ അപകടത്തിൽ ശ്രുതിക്കും കാലുകൾക്ക് പരുക്കേറ്റിരുന്നു. തുടർച്ചയായ ദുരന്തങ്ങൾക്കിടയിലും ജീവിതത്തോട് തോൽക്കാൻ തയ്യാറാകാതെ മുന്നോട്ടുപോയ ശ്രുതിക്ക് സർക്കാർ റവന്യൂ വകുപ്പിൽ ജോലി നൽകുകയും വയനാട് കലക്ടറേറ്റിലെ പൊതുജന പരാതി വിഭാഗത്തിൽ ക്ലാർക്കായി നിയമിക്കുകയും ചെയ്തു. 2024 ഡിസംബറിൽ ജോലിയിൽ പ്രവേശിച്ച ശ്രുതി ഇന്ന് സന്ദീപിന്റെ കൈപിടിച്ച് പുതിയ ജീവിതത്തിലേക്ക് കടക്കുകയാണ്. ഒരിക്കൽ കേരളത്തെ മുഴുവൻ കരയിച്ച ആ പെൺകുട്ടിയുടെ ജീവിതത്തിൽ ഇന്ന് സന്തോഷത്തിന്റെ നിമിഷം. ശ്രുതിയുടെ ഈ പുതിയ തുടക്കത്തിന് ആശംസകളുമായി നാടൊന്നാകെ കൂടെയുണ്ട്.
https://www.facebook.com/Malayalivartha

























