സണ്ണി ജോസഫിന് ഭീഷണി മന്ത്രി സ്ഥാനം തുലാസിൽ കെ പി സി സിയിൽ ജാഗ്രത
സണ്ണി ജോസഫിന് ഭീഷണി
മന്ത്രി സ്ഥാനം തുലാസിൽ
കെ പി സി സിയിൽ ജാഗ്രത
വൈദ്യുതമന്ത്രി സണ്ണി ജോസഫിന് സുപ്രീം കോടതി നടപടി ഭീഷണിയാവുമോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റിട്ട സംഭവത്തിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ മുഴുവൻ ഭാരവാഹികൾക്കും സുപ്രീംകോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചതോടെയാണ് ഈ സംശയം ബലപ്പെടുന്നത്. സണ്ണി ജോസഫ് അറിഞ്ഞാലും ഇല്ലെങ്കിലും കോടതിക്ക് എതിരായ പോസ്റ്റിന്റെ ഉത്തരവാദിത്തം മന്ത്രിക്ക് ഏൽക്കേണ്ടി വരും. സണ്ണി ജോസഫ് പ്രസിഡന്റായ കെ പി സി സി കേസിൽ പ്രതിയാകുമ്പോൾ സംഘടനയുടെ പ്രസിഡന്റ് മന്ത്രിയായി തുടരുന്നതിൽ അഭംഗിയുണ്ടെന്ന് നിയമ വിദഗ്ദ്ധർ ആക്ഷേപം ഉന്നയിച്ചേക്കാം.
ചീഫ് ജസ്റ്റിനെതിരെ രാജ്യത്ത് ആദ്യമായാണ് ഒരു പാർട്ടി അവഹേളനാപരമായ പരാമർശം പരസ്യമായി നടത്തുന്നതെന്നും ശിക്ഷ നൽകിയാൽ മറ്റുള്ളവർക്കും ഇത് പാഠമാകുമെന്നും പരിചയ സമ്പന്നരായ സുപ്രീം കോടതി അഭിഭാഷകർ പറയുന്നു. കേസ് നടത്തിയാലും ജയിക്കാൻ സാധ്യതയില്ലെന്ന ഉപദേശമാണ് കെപിസിസിക്ക് നിയമവ്യത്തങ്ങളിൽ നിന്നും ലഭിച്ചിരിക്കുന്നത്.
നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യം ഏതെങ്കിലും പാർട്ടിയുടെ 'രാഷ്ട്രീയ സൗകര്യത്തിന്' അനുസരിച്ച് ഉപയോഗിക്കാനുള്ളതല്ലെന്ന് പരമോന്നത കോടതി അതിരൂക്ഷമായ ഭാഷയിൽ കെ പി സി സി യെ വിമർശിച്ചു. . ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് വെള്ളിയാഴ്ച കേസ് പരിഗണിച്ചുകൊണ്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഭരണഘടനയാണ് പരമോന്നതമെന്നും ഏതെങ്കിലും വ്യക്തിയോ രാഷ്ട്രീയ പ്രസ്ഥാനമോ അതിന് അതീതരല്ലെന്നും കോടതി വ്യക്തമാക്കി.
കോടതികളെയും ജഡ്ജിമാരെയും വ്യക്തിപരമായി ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പാണ് സുപ്രീം കോടതി നൽകിയത്. 'കോടതി വിധികളെ ആർക്കും വിമർശിക്കാം; വിധികൾ എപ്പോഴും ആരോഗ്യപരമായ വിമർശനങ്ങൾക്ക് തുറന്നതാണ്. എന്നാൽ നീതിനിർവഹണത്തിൽ ഇടപെടാനും ഭീഷണിപ്പെടുത്താനുമുള്ള പരിചയായി അഭിപ്രായ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല. ഏതൊരാൾ എത്ര ഉന്നതമായ പദവിയിലിരിക്കുന്ന ആളായാലും, കോടതിയുടെ അധികാരത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ഏത് ശ്രമത്തെയും ഇരുമ്പുമുഷ്ടിയോടെ നേരിടേണ്ടതുണ്ട്', ബെഞ്ച് ചൂണ്ടിക്കാട്ടി.
'കോടതിയുടെ അധികാരത്തിന് രാഷ്ട്രീയ പാർട്ടികളുടെ അംഗീകാരമോ പിന്തുണയോ ആവശ്യമില്ല; അത് നിയമവാഴ്ചയിലാണ് അധിഷ്ഠിതമായിരിക്കുന്നത്. നീതിനിർവഹണം ഉറപ്പുവരുത്താൻ നിയമം അതിന്റെ വഴിക്ക് പോകും', കോടതി കൂട്ടിച്ചേർത്തു. വിഷയത്തിൽ സിവിൽ കോടതിയലക്ഷ്യമാണോ ക്രിമിനൽ കോടതിയലക്ഷ്യമാണോ ബാധകമാകുക എന്ന് പരിശോധിക്കാൻ സുപ്രീംകോടതി ഒരു മുതിർന്ന അഭിഭാഷകനെ അമിക്കസ് ക്യൂറിയായി നിയമിച്ചു. കൂടാതെ കേന്ദ്ര സർക്കാരിന്റെ അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണിയുടെ സഹായവും കോടതി തേടിയിട്ടുണ്ട്. ആർ. വെങ്കട്ടരമണിയിലൂടെ കേന്ദ്ര സർക്കാർ വിഷയത്തിൽ ഇടപെട്ട് കെ പിസിസിക്ക് പണി കൊടുക്കുമെന്ന് ഉറപ്പാണ്.
ഒക്ടോബർ 12-നാണ് കേരളത്തിലെ കോൺഗ്രസിന്റെ ഔദ്യോഗിക 'എക്സ്' ഹാൻഡിലിൽ നിന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ നേരിട്ട് ലക്ഷ്യമിട്ടുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. വ്യാപകമായ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ കോൺഗ്രസ് ഹാൻഡിൽ നിന്ന് പോസ്റ്റ് പിൻവലിച്ചിരുന്നു. പോസ്റ്റ് പങ്കുവെച്ച വ്യക്തിയെ ചുമതലകളിൽ നിന്ന് നീക്കം ചെയ്തതായി പാർട്ടി നേതൃത്വം പിന്നീട് വിശദീകരിക്കുകയും ചെയ്തു. എന്നാൽ ഉത്തരവാദിത്തത്തിൽ നിന്ന് നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സംസ്ഥാനത്തെ മുഴുവൻ കെ.പി.സി.സി ഭാരവാഹികൾക്കുമെതിരെ സുപ്രീംകോടതി ഇപ്പോൾ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോയിരിക്കുന്നത്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്തിനെതിരെ സമൂഹമാധ്യമത്തിൽ അപകീർത്തികരമായ പോസ്റ്റിട്ട സംഭവത്തിൽ കെപിസിസിക്ക് എതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ സുപ്രീം കോടതി ബാർ അസോസിയേഷനാണ് തീരുമാനിച്ചു. ക്രമസമാധാനം തൻ്റെ വിഷയമല്ലെന്ന ചീഫ് ജസ്റ്റിസിൻ്റെ പരാമർശത്തിന് പിന്നാലെ അദ്ദേഹത്തോട് രാജി ആവശ്യപ്പെട്ടുകൊണ്ട് കെപിസിസി എക്സിൽ പങ്കുവച്ച പോസ്റ്റിനെതിരെയാണ് നടപടി.കോടതിയെ അവഹേളിക്കുന്നത് ആറുമാസം വരെയുള്ള തടവ്, അല്ലെങ്കില്‍ രണ്ടായിരം രൂപ വരെ പിഴ, അല്ലെങ്കില്‍ രണ്ടും ചേര്‍ന്ന ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. വർഷങ്ങൾക്ക് മുമ്പ് നടന്ന രണ്ട് കേസുകൾ പരിശോധിക്കാം.
സ്റ്റാൻഡ്-അപ് കൊമേഡിയൻ കുനാൽ കമ്രയ്ക്കെതിരെ കോടതിയലക്ഷ്യത്തിനു കേസെടുക്കാൻ അന്നത്തെ അറ്റോർണി ജനറൽ കെ.സി.വേണുഗോപാൽ അനുമതി നൽകിയിരുന്നു. റിപ്പബ്ലിക് ടിവി മേധാവി അർണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ച സുപ്രീം കോടതി നടപടിയെ പരിഹസിച്ച് കമ്ര നടത്തിയ ട്വീറ്റിനെത്തുടർന്നാണിത്.
'സുപ്രീം കോടതിയാണ് രാജ്യത്തെ ഏറ്റവും വലിയ തമാശ' എന്നായിരുന്നു കുനാലിന്റെ ട്വീറ്റ്. കാവിനിറമണിഞ്ഞ സുപ്രീം കോടതിയുടെ ചിത്രവും കുനാൽ പോസ്റ്റ് ചെയ്തിരുന്നു. വിമാനത്തിൽ ഫാസ്റ്റ് ട്രാക്കിലൂടെ അദ്യമെത്തിയ ഫസ്റ്റ് ക്ലാസ് യാത്രികർക്ക് ഷാംപെയ്ൻ വിളമ്പുകയാണ് ജസ്റ്റിസ് ഡി.വെ.ചന്ദ്രചൂഢ് എന്നും സാധാരണക്കാർക്ക് എന്നെങ്കിലും അകത്ത് സീറ്റ് കിട്ടുമോയെന്ന് പോലും അറിയാത്ത സാഹചര്യമാണെന്നും കുനാൽ ട്വീറ്റ് ചെയ്തിരുന്നു.
ഇതേത്തുടർന്ന് കോടതിയലക്ഷ്യത്തിനു കേസെടുക്കാൻ അറ്റോർണി ജനറൽ അനുമതി നൽകിയെങ്കിലും ‘അഭിഭാഷകരില്ല, മാപ്പ് പറയില്ല, സമയം കളയാനുമില്ല. എന്റെ ട്വീറ്റുകൾ അവർക്ക് വേണ്ടി സംസാരിച്ചുകൊള്ളും’ എന്നായിരുന്നു ട്വീറ്റിലൂടെ കുനാലിന്റെ പ്രതികരണം. സുപ്രീം കോടതിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളെക്കുറിച്ച് തനിക്ക് ബോധ്യമുണ്ടെന്നും പ്രൈം ടൈം ഉച്ചഭാഷിണിയായ ഒരാൾക്കുവേണ്ടി ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചതിനെയാണ് ട്വീറ്റിൽ പരാമർശിച്ചിരിക്കുന്നതെന്നും കുനാൽ പറഞ്ഞു.
1971 ലെ കോടതിയലക്ഷ്യ നിയമമനുസരിച്ച് കോടതിലക്ഷ്യമെന്നത് സിവിലോ ക്രിമിനലോ ആയ അവഹേളനമാണ്.
കോടതിയുടെ ഏതെങ്കിലും വിധി, തീര്‍പ്പ്, നിര്‍ദേശം, ഉത്തരവ്, റിട്ട് അല്ലെങ്കില്‍ മറ്റ് പ്രക്രിയകള്‍ മനപൂര്‍വ്വം അനുസരിക്കാതിരിക്കുന്നത് അല്ലെങ്കില്‍ കോടതിക്കു നല്‍കിയ രേഖാമൂലമുള്ള ഉറപ്പിന്റെ ലംഘനം എന്നിവ കോടതിയലക്ഷ്യമാവും .
ഏതെങ്കിലും കാര്യത്തിലുള്ള പ്രസിദ്ധീകരണം - വാക്കുകള്‍, സംസാരം, എഴുത്ത്, അല്ലെങ്കില്‍ ചിഹ്നങ്ങള്‍, അല്ലെങ്കില്‍ പ്രകടമായ ദൃശ്യങ്ങള്‍, അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഉപയോഗിച്ചുമുള്ളവ കോടതിയലക്ഷ്യമാവും.
ഏതെങ്കിലും കോടതിയെ അവഹേളിക്കല്‍ അല്ലെങ്കില്‍ അവഹേളിക്കാനുള്ള നീക്കം, കോടതിയുടെ അധികാരത്തെ ഇടിച്ചുതാഴ്ത്തല്‍ അല്ലെങ്കില്‍ ഇടിച്ചുതാഴ്ത്താനുള്ള നീക്കം.
ഏതെങ്കിലും നീതിന്യായ നടപടിക്രമങ്ങളിലുള്ള മുന്‍വിധികള്‍, അല്ലെങ്കില്‍ ഇടപെടല്‍ അല്ലെങ്കില്‍ ഇടപെടാനുള്ള ശ്രമം
മറ്റേതെങ്കിലും വിധത്തില്‍ നീതിനിര്‍വഹണ നടപടി ക്രമങ്ങളിലുള്ള ഇടപെടല്‍ അല്ലെങ്കില്‍ ഇടപെടാനുള്ള ശ്രമം, തടസപ്പെടുത്തല്‍ അല്ലെങ്കില്‍ തടസപ്പെടുത്താനുള്ള ശ്രമം എന്നിവ കോടതിയലക്ഷ്യമാണ്.
കോടതിയെ അവഹേളിക്കുന്നത് ആറുമാസം വരെയുള്ള തടവ്, അല്ലെങ്കില്‍ രണ്ടായിരം രൂപ വരെ പിഴ, അല്ലെങ്കില്‍ രണ്ടും ചേര്‍ന്ന ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പ്രതിയുടെ ക്ഷമാപണം കോടതിക്കു തൃപ്തികരമായാല്‍ ശിക്ഷയില്‍നിന്ന് ഒഴിവാക്കിയേക്കാം.
മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണാണ് ഇതിനു മുൻപ് സുപ്രീം കോടതിക്കെതിരായ വിവാദ ട്വീറ്റുകളെത്തുടര്‍ന്ന് കോടതിയലക്ഷ്യ നടപടി നേരിട്ടയാൾ. കേസിൽ പ്രശാന്ത് ഭൂഷൺ കുറ്റക്കാരനാണെന്ന് വിധിച്ച കോടതി ഒരു രൂപയാണ് ശിക്ഷയായി നൽകിയത്.
പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസത്തേക്ക് സാധാരണ തടവ് ശിക്ഷയും മൂന്ന് വർഷത്തേക്ക് അഭിഭാഷക വൃത്തിയിൽ നിന്നുള്ള വിലക്കും ഭൂഷൺ അനുഭവിക്കേണ്ടി വരുമെന്നും വിധിയിൽ പറഞ്ഞു. വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകിയ പ്രശാന്ത് ഭൂഷൺ, ടോക്കൺ പിഴത്തുക അടച്ചാൽ താൻ വിധി അംഗീകരിച്ചതായി അർത്ഥമാക്കുന്നില്ലെന്നും പിന്നീട് പറഞ്ഞിരുന്നു.
ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെക്കും സുപ്രീം കോടതിക്കുമെതിരായ രണ്ടു ട്വീറ്റുകളെത്തുടര്‍ന്നാണു പ്രശാന്ത് ഭൂഷണ്‍ കോടതിയലക്ഷ്യ നടപടി നേരിട്ടത്. ചീഫ് ജസ്റ്റിസ് ഹാര്‍ലി ഡേവിഡ്‌സണ്‍ മോട്ടോര്‍ സൈക്കിളില്‍ ഇരിക്കുന്ന ഫോട്ടോ ജൂണ്‍ 29ന് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തിരുന്നു. നീതിന്യായ വ്യവസ്ഥയെക്കുറിച്ച് അദ്ദേഹത്തിന്റെ ജൂണ്‍ 27 ലെ ട്വീറ്റും കോടതി പരിഗണിച്ചു.
ജസ്റ്റിസുമാരായ അരുൺ മിശ്ര, ബി.ആർ.ഗവായ്, കൃഷ്‌ണ മുരാരി എന്നിവരുൾപ്പെട്ട ബഞ്ചാണ് പ്രശാന്ത് ഭൂഷണെതിരായ കേസിൽ വിധി പുറപ്പെടുവിച്ചത്. കോടതിയലക്ഷ്യത്തിൽ മാപ്പ് പറഞ്ഞാൽ ശിക്ഷ ഒഴിവാക്കാമെന്ന് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ച് വാദം കേൾക്കലിനിടെ പറഞ്ഞിരുന്നു. എന്നാൽ, മാപ്പ് പറയാൻ താൻ തയാറല്ലെന്ന നിലപാടായിരുന്നു പ്രശാന്ത് ഭൂഷൺ സ്വീകരിച്ചത്. ഈ കേസിൽ വിധി പറഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ജസ്റ്റിസ് അരുൺ മിശ്ര വിരമിച്ചിരുന്നു.
പ്രശാന്ത് ഭൂഷണെതിരായ മറ്റൊരു കോടതിയലക്ഷ്യ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. 2009 ലെ സംഭവവുമായി ബന്ധപ്പെട്ടുള്ളതാണ് ഈ കേസ്.
ആദ്യ കോടതിയലക്ഷ്യക്കേസിൽ ശിക്ഷിക്കപ്പെട്ടെങ്കിലും സുപ്രീം കോടതിയെ വിമർശിച്ച് അടുത്തിടെ വീണ്ടും പ്രശാന്ത് ഭൂഷൺ രംഗത്തുവന്നിരുന്നു.ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയ്ക്ക് മധ്യപ്രദേശ് സര്‍ക്കാര്‍ പ്രത്യേക ഹെലികോപ്ടര്‍ ഏര്‍പ്പാടാക്കിയതിനെ വിമര്‍ശിച്ച് ഒക്ടോബര്‍ 21-നാണ് ഈ ട്വീറ്റ് നടത്തിയത്. ഇതിൽ ഭൂഷൺ പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു.
ഡൽഹിയിലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിപക്ഷ നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചുകൊണ്ട്, ക്രമസമാധാനം തൻ്റെ അധികാരപരിധിയിൽ വരുന്ന കാര്യമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കെപിസിസിയുടെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ നിന്ന് ചീഫ് ജസ്റ്റിസിനെതിരെ പോസ്റ്റ് വന്നത്. "പ്രിയപ്പെട്ട സൂര്യ കാന്ത്, ക്രമസമാധാനം നിങ്ങളുടെ അധികാരപരിധിയിലുള്ള കാര്യമല്ലെങ്കിൽ ഇപ്പോൾ തന്നെ രാജിവയ്ക്കുക. അത് കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരാളെ ഞങ്ങൾ കണ്ടെത്തിക്കൊള്ളാം" എന്നായിരുന്നു പോസ്റ്റ്.
സംഭവം വിവാദമായതോടെ ഈ പോസ്റ്റ് പിന്നീട് പിൻവലിച്ചു. എന്നാൽ, നീതിന്യായ വ്യവസ്ഥയെ അപകീർത്തിപ്പെടുത്തുന്ന ഇത്തരം പരാമർശങ്ങൾക്കെതിരെ കർശന നടപടി വേണമെന്ന് സുപ്രീം കോടതി ബാർ അസോസിയേഷൻ ആവശ്യപ്പെട്ടു. കോടതിയലക്ഷ്യ ഹർജി തയ്യാറാക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും, അനുമതിക്കായി ഇത് അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിക്ക് അയക്കുമെന്നും എസ്‌സിബിഎ അധ്യക്ഷൻ പ്രദീപ് റായ് വ്യക്തമാക്കി.
ഇതേ വിഷയത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്രയും ചീഫ് ജസ്റ്റിസിനെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ചീഫ് ജസ്റ്റിസിൻ്റെ പേര് തെറ്റായി ഉപയോഗിച്ചുകൊണ്ട്, "സൂര്യയ്ക്ക് വ്യക്തമായും കഴിയില്ല, അതിനാൽ ഞങ്ങൾ ചെയ്യും" എന്നായിരുന്നു മഹുവ മൊയ്‌ത്ര എക്സിൽ കുറിച്ചത്. എന്നാൽ, ഈ പോസ്റ്റുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി തൃണമൂൽ കോൺഗ്രസ് ഔദ്യോഗികമായി രംഗത്തെത്തി. മഹുവയുടെ പരാമർശത്തെ തള്ളിപ്പറഞ്ഞ പാർട്ടി, ഇത്തരം പ്രസ്താവനകൾ വ്യക്തിപരമാണെന്നും പാർട്ടിയുടെ നിലപാടല്ലെന്നും വിശദീകരിച്ചു.
കെപിസിസിയുടെ നടപടിയെ സുപ്രീം കോടതി ബാർ അസോസിയേഷനും സുപ്രീം കോടതി അഡ്വക്കേറ്റ്സ് ഓൺ റെക്കോർഡ് അസോസിയേഷനും ശക്തമായി അപലപിച്ചു. ഭരണഘടനാ സ്ഥാപനങ്ങളെയും പദവികളെയും ഇകഴ്ത്തിക്കാണിക്കുന്ന ഇത്തരം പ്രവണതകൾ അംഗീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി വിമൻ ലോയേഴ്സ് അസോസിയേഷനും വ്യക്തമാക്കി. അസോസിയേഷൻ അധ്യക്ഷയായ അഭിഭാഷക മഹാലക്ഷ്മി പവാനിയുടെ നേതൃത്വത്തിലാണ് കെപിസിസിക്ക് എതിരെ രംഗത്തെത്തിയത്.
"ഉത്തരവാദിത്തമില്ലാത്തതും അനാവശ്യവുമായ പരാമർശങ്ങളിലൂടെ നീതിന്യായ വ്യവസ്ഥയെ അപകീർത്തിപ്പെടുത്താനോ, അതിലുള്ള ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കാനോ ശ്രമിക്കുന്നത് തികച്ചും ആശങ്കാജനകമായ കാര്യമാണ്. വിയോജിപ്പുകൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം എന്നത് ഭരണഘടനാ പദവികളെയും സ്ഥാപനങ്ങളെയും കുറിച്ച് സംസാരിക്കുമ്പോൾ പാലിക്കേണ്ട മാന്യതയും സംയമനവും ഇല്ലാതാക്കുന്നില്ല" എന്ന് അവർ പറഞ്ഞു. കോടതിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും, ഇത്തരം പ്രസ്താവനകൾ നീതിന്യായ വ്യവസ്ഥയിലുള്ള കടന്നുകയറ്റമാണെന്നും അഭിഭാഷക സംഘടനകൾ ചൂണ്ടിക്കാട്ടി
തിരഞ്ഞെടുപ്പ് കമ്മിഷനിലെ ക്രമക്കേടുകളിൽ നിവേദനം സമർപ്പിക്കാൻ അനുമതി തേടിയ ഇന്ത്യ സഖ്യ നേതാക്കളുടെ ആവശ്യം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തള്ളിയതാണ് കെ പി സി സിയുടെ പ്രകോപനത്തിന് ഒരു കാരണം.. വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലിരിക്കുന്ന കാര്യമായതിനാൽ, ഹർജിയിലൂടെ നിയമപരമായി മാത്രമേ കോടതിയെ സമീപിക്കാവൂ എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇതുസംബന്ധിച്ച വ്യക്തമായ കാരണങ്ങൾ വിശദീകരിച്ചുള്ള മറുപടി ചീഫ് ജസ്റ്റിസിന്റെ കാര്യാലയം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾക്ക് ഇമെയിൽ വഴി കൈമാറിയിയതായാണ് റിപ്പോർട്ട്.
കാണുന്നതിനു സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്ത്യ സഖ്യ നേതാക്കൾ ചീഫ് ജസ്റ്റിസിനു കത്ത് നൽകിയിരുന്നത്. എസ്‌ഐആറുമായി ബന്ധപ്പെട്ട നിർണായകമായ വിഷയങ്ങളുണ്ടെന്നും അത് സംസാരിക്കാൻ സമയം അനുവദിക്കണമെന്നുമാണ് ചീഫ് ജസ്റ്റിസിനു നൽകിയ കത്തിൽ പറഞ്ഞിരുന്നത്. ഈ ആവശ്യമാണ് നിഷേധിച്ചത്.
ഇതിനുശേഷം ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ സുപ്രീം കോടതി രൂക്ഷ വിമർശനമുന്നയിച്ചു. തിങ്കളാഴ്ച സുപ്രീംകോടതിയിലേക്ക് രാഹുൽ ഗാന്ധി നടത്തിയ മാർച്ചിനെക്കുറിച്ചാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ വിമർശനം. ജുഡീഷ്യറിയെ ആർക്കും ഭയപ്പെടുത്താനാവില്ലെന്ന് സൂര്യകാന്ത് പറഞ്ഞു. എസ്ഐആറുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനത്തെ ചോദ്യം ചെയ്ത് രാഹുൽ ഗാന്ധിയും ഇന്ത്യാ സഖ്യ നേതാക്കളും സമർപ്പിച്ച ഹർജിയും കോടതി പരിഗണിച്ചു.
ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മിഷനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കും രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണർമാർക്കും സുപ്രീംകോടതി നോട്ടിസ് അയച്ചു. നോട്ടിസ് അയച്ചതിന്റെ അർഥം രാഷ്ട്രീയ നേതാക്കളുടെ പ്രവൃത്തികൾ വകവച്ചുകൊടുത്തു എന്നല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയിലേക്കു നടന്ന മാർച്ചിനെക്കുറിച്ചി സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത, മുതിർന്ന അഭിഭാഷകൻ ഗൗരവ് ഭാട്ടിയ എന്നിവരാണ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
രാഷ്ട്രീയ പാർട്ടിയുടെ മാർച്ച് കോടതിയിലേക്ക് നടത്തുന്നത് അംഗീകരിക്കാൻ കഴിയാത്തതാണ്. സുപ്രീംകോടതിയിൽ സംഭവിച്ച കാര്യം ഒരിക്കലും ഉണ്ടാകാൻ പാടില്ലായിരുന്നുവെന്ന് ഗൗരവ് ഭാട്ടിയ പറഞ്ഞു. കോടതിക്കുനേരെയുള്ള പ്രതിഷേധം ഭീരുത്വമാണെന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. ‘ഭീരുത്വം നിറഞ്ഞ ശ്രമങ്ങളാണിത്. ഞങ്ങൾ ദന്തഗോപുരത്തിൽ ഇരിക്കുന്നവരല്ല. ഇവർ പുറത്തുനടത്തുന്ന പ്രസ്താവനകളെക്കുറിച്ചെല്ലാം ഞങ്ങൾ അറിയുന്നുണ്ട്.’–കോടതി പറഞ്ഞു. പ്രതിപക്ഷത്തിന്റെ സുപ്രീംകോടതി മാർച്ചിന്റെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിച്ചുവയ്ക്കാനും കോടതി നിർദേശം നൽകി. എസ്ഐആറുമായും തിരഞ്ഞെടുപ്പ് കമ്മിഷനുമായും ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് നിരസിച്ചതിനു പിന്നാലെയാണ് ഒക്ടോബർ 12ന് രാഹുൽ ഗാന്ധിയും ഇന്ത്യാ സഖ്യ നേതാക്കളും സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്തിയത്. എല്ലാവരും ലക്ഷ്യമിട്ടത് ജസ്റ്റിസ് സൂര്യകാന്തിനെയാണ്.
സുപ്രീം കോടതിയുടെ 53ാമത് ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് സൂര്യകാന്ത്. ഹരിയാനയിലെ ഒരു മധ്യവര്‍ഗ കര്‍ഷക കുടുംബത്തില്‍ ജനിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 2019 മുതലാണ് സുപ്രീം കോടതിയില്‍ ജഡ്ജിയായി നിയമിതനാകുന്നത്.
ഹരിയാനയില്‍ നിന്നുള്ള ആദ്യ ചീഫ് ജസ്റ്റിസാണ് സൂര്യകാന്ത് എന്ന് പ്രത്യേകതയുമുണ്ട്. 38-ാം വയസില്‍ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കറ്റ് ജനറലായി.
1984ല്‍ ഹിസാറിലെ ജില്ലാ കോടതിയിലാണ് അഭിഭാഷക ജോലി ആരംഭിക്കുന്നത്. 1985ല്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നതിനായി ചണ്ഡീഗഡിലേക്ക് മാറി. തുടര്‍ന്ന് 2000ത്തിലാണ് ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കറ്റ് ജനറലായത്.
2018ല്‍ അദ്ദേഹം ഹിമാചല്‍ പ്രദേശ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി. 2019ല്‍ സുപ്രീം കോടതി ജഡ്ജിയായും നിയമിതനായി.
ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റിയതുള്‍പ്പെടെ നിരവധി സുപ്രധാന വിധികളുടെ ഭാഗമായിട്ടുണ്ട് ജസ്റ്റിസ് സൂര്യകാന്ത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കില്‍ 370 എടുത്തു മാറ്റിയ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ശരിവച്ചുകൊണ്ടായിരുന്നു സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ തന്നെ നടന്നിരുന്നു. എന്നാല്‍ ഈ വിധി സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കിഷന്‍ കൗള്‍, ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ബിആര്‍ ഗവായി എന്നിവരടങ്ങിയ ബെഞ്ചായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നടപടി ശരിവച്ച് ഉത്തരവിറക്കിയത്.
സര്‍ക്കാരുകളും ഗവര്‍ണര്‍മാരും തമ്മിലുള്ള തര്‍ക്കം സംബന്ധിച്ച കേസുമായി ബന്ധപ്പെട്ട സമീപകാലങ്ങളിലെ വിധിന്യായങ്ങളിലും ജസ്റ്റിസ് സൂര്യകാന്ത് ഉള്‍പ്പെട്ടിരുന്നു. സംസ്ഥാനം പാസാക്കുന്ന ബില്ലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഗവര്‍ണര്‍ക്ക് അധികാര പരിധി നിശ്ചിയിക്കുന്ന, ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായി അധ്യക്ഷനായിരുന്ന അഞ്ചംഗ ബെഞ്ചില്‍ ജസ്റ്റിസ് സൂര്യകാന്തും ഉള്‍പ്പെട്ടിരുന്നു.
ബിഹാറില്‍ എസ്‌ഐആറിന്റെ ഭാഗമായി ഒഴിവാക്കപ്പെട്ട 65 ലക്ഷം വരുന്ന വോട്ടര്‍മാരുടെ പേര് വിവരങ്ങള്‍ പുറത്തുവിടണമെന്നും സൂര്യകാന്ത് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി ബാര്‍ അസോസിയേഷനിലടക്കം മൂന്നില്‍ ഒരു സീറ്റ് സ്ത്രീകള്‍ക്കായി സംവരണം ചെയ്യണമെന്നും സൂര്യകാന്ത് വിധിച്ചു. 2022ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബില്‍ സന്ദര്‍ശനം നടത്തവെയുണ്ടായ സുരക്ഷാ വീഴ്ച അന്വേഷിക്കാന്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ അധ്യക്ഷതയില്‍ നിയമിച്ച ബെഞ്ചില്‍ സൂര്യകാന്തും ഉള്‍പ്പെട്ടിരുന്നു.
കൊളോണിയല്‍ കാലഘട്ടത്തിലെ രാജ്യദ്രോഹ നിയമം മരവിപ്പിച്ച ചരിത്രപരമായ ബെഞ്ചിലും ജസ്റ്റിസ് സൂര്യകാന്ത് ഉള്‍പ്പെട്ടിരുന്നു. സര്‍ക്കാര്‍ പുനഃപരിശോധന പൂര്‍ത്തിയാകുന്നത് വരെ ഈ നിയമപ്രകാരം പുതിയ എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും ബെഞ്ച് നിര്‍ദേശിച്ചിരുന്നു. പെഗാസസ് സ്‌പൈവെയര്‍ കേസിലെ വാദം കേട്ട ബെഞ്ചിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി ശരിവയ്ക്കുകയും ചെയ്തിരുന്നു.
കെ പി സി സി കേസിൽ ചീഫിന്റെ ദയക്ക് വേണ്ടിയാണ് കോൺഗ്രസ് കാത്തിരിക്കുന്നത്. വിധി പ്രതികൂലമായാൽ സണ്ണിയുടെ കാര്യത്തിൽ തീരുമാനമാകും.
https://www.facebook.com/Malayalivartha


























