സോഷ്യൽ മീഡിയ റീലിനായി 18കാരനെ പെട്രോളൊഴിച്ച് തീകൊളുത്തി!

കൊൽക്കത്തയിൽ ഞെട്ടിക്കുന്ന ക്രൂരത. റീൽ ചിത്രീകരിക്കാനെന്ന പേരിൽ യുവാവിനെ ആക്രമിച്ച് തീകൊളുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഒക്ടോബർ 27ന് കൊൽക്കത്തയിലെ ഗർഫ പ്രദേശത്താണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 18കാരനെ ഒരു സംഘം യുവാക്കൾ തടഞ്ഞുനിർത്തി ലെനിൻ നഗറിലെ കുളത്തിനടുത്തേക്ക് കൊണ്ടുപോയി. കണ്ണുകെട്ടി തലയിൽ ഹെൽമറ്റ് ധരിപ്പിച്ചശേഷം മർദിച്ചു. പിന്നീട് പെട്രോൾ കുടിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് വിസമ്മതിച്ചു. തുടർന്ന് ശരീരത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. തീ പടർന്നതോടെ നിലവിളിച്ച് ഓടിയ യുവാവ് കത്തുന്ന വസ്ത്രങ്ങൾ ഊരിമാറ്റി രക്ഷപ്പെട്ടു. നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. നെഞ്ചിലും വയറിലും പൊള്ളലേറ്റ യുവാവിന്റെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ക്രൂരതയുടെ വ്യാപ്തി വ്യക്തമായത്. ആക്രമണം മൊബൈലിൽ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ റീലായി പങ്കുവെക്കാനായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് പ്രായപൂർത്തിയാകാത്തവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, 500 രൂപയുടെ സാമ്പത്തിക ഇടപാടാണ് ആക്രമണത്തിന് പിന്നിലെന്നാണ് യുവാവിന്റെ കുടുംബത്തിന്റെ ആരോപണം. പ്രതികളിലൊരാളിൽനിന്ന് ആറുമാസം മുമ്പ് കടം വാങ്ങിയ 500 രൂപ തിരിച്ചുനൽകിയിട്ടും വൈരാഗ്യം തീർന്നില്ലെന്നാണ് കുടുംബത്തിന്റെ വാദം. റീൽ ചിത്രീകരിക്കാനുള്ള ശ്രമമാണോ അതോ സാമ്പത്തിക തർക്കമാണോ ആക്രമണത്തിന്റെ യഥാർഥ കാരണം എന്നതിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
https://www.facebook.com/Malayalivartha


























