ഒരു സ്കൂട്ടറിൽ അഞ്ച് കോളേജ് വിദ്യാർത്ഥികളുടെ കൂട്ടയാത്ര; ലൈസൻസ് റദ്ദാക്കാനും പിഴ ചുമത്താനും മോട്ടോർ വാഹന വകുപ്പ്, രക്ഷിതാക്കൾക്കും പണി കിട്ടി...

ഒറ്റ സ്കൂട്ടറിൽ അഞ്ച് പേരെയും കയറ്റി അഭ്യാസയാത്ര നടത്തിയ കോളേജ് വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ എട്ടിന്റെ പണി നൽകി മോട്ടോർ വാഹന വകുപ്പ്. തൃക്കാക്കര പൈപ്പ് ലൈൻ റോഡിലൂടെ അഞ്ച് വിദ്യാർത്ഥികൾ ഒരുമിച്ച് സ്കൂട്ടറിൽ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് മോട്ടോർ വാഹന എൻഫോഴ്സ്മെന്റ് വിഭാഗം കർശന നടപടിയുമായി രംഗത്തെത്തിയത്. തൃക്കാക്കരയിലെ ഒരു സ്വകാര്യ കോളേജിൽ പഠിക്കുന്ന ഈ അഞ്ച് വിദ്യാർത്ഥികളെയും കഴിഞ്ഞ ദിവസം ആർടി ഓഫീസിലേക്ക് വിളിച്ചുവരുത്തി. സ്കൂട്ടർ ഓടിച്ച വിദ്യാർത്ഥിയുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് മുന്നോടിയായി അധികൃതർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. നിയമലംഘനം നടത്തിയതിന് വൻ തുകയാണ് പിഴയായി ഈടാക്കുന്നത്. ഇരുചക്ര വാഹനത്തിൽ രണ്ടിൽ കൂടുതൽ പേരെ കയറ്റി യാത്ര ചെയ്തതിന് വണ്ടിയുടെ ഉടമയ്ക്ക് 1000 രൂപയും, ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് മൂന്ന് വിദ്യാർത്ഥികൾക്ക് 500 രൂപ വീതവും പിഴ ചുമത്തി. എന്നാൽ പിഴ ഒടുക്കുന്നതുകൊണ്ട് മാത്രം ഇവരുടെ ശിക്ഷ അവസാനിക്കുന്നില്ല. ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തി അപകടകരമായ രീതിയിൽ യാത്ര ചെയ്ത ഈ അഞ്ച് വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കൾക്കൊപ്പം മോട്ടോർ വാഹന വകുപ്പ് നടത്തുന്ന പ്രത്യേക ബോധവത്കരണ ക്ലാസിൽ നിർബന്ധമായും പങ്കെടുക്കണമെന്നും അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























