ടെക്നോപാര്‍ക്കില്‍ 'കുബര്നെറ്റീസ് കേരള' ക്ലൗഡ്-നേറ്റീവ് ടെക്നോളജി മീറ്റപ്പ് നാളെ...

പാര്‍ക്ക് സെന്ററിലെ ട്രാവന്‍കൂര്‍ ഹാളില്‍ ഉച്ചയ്ക്ക് 2.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ് പരിപാടി. ആധുനിക സോഫ്റ്റ് വെയര്‍ വികസനത്തിലും ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജ്മെന്റിലുമുള്ള പ്രധാന വെല്ലുവിളികളെയും പുതിയ പ്രവണതകളെയും കുറിച്ചുള്ള നാല് സാങ്കേതിക സെഷനുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വര്‍ധിച്ചുവരുന്ന പങ്കിന് പരിപാടി പ്രത്യേക ഊന്നല്‍ നല്‍കും.
പ്രൊഡക്ഷന്‍ പരിതസ്ഥിതികളില്‍ സോഫ്റ്റ് വെയര്‍ വിശ്വസനീയമായി പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍, സ്വയം പ്രവര്‍ത്തിക്കുന്ന ഇന്‍സിഡന്റ് മാനേജ്മെന്റില്‍ എഐയുടെ സാധ്യതകള്‍, ജനറേറ്റീവ് എഐയും ഏജന്റിക് സാങ്കേതികവിദ്യകളും വഴി സോഫ്റ്റ് വെയര്‍ വികസനത്തിലുണ്ടാകുന്ന മാറ്റങ്ങള്‍, കുബര്നെറ്റീസ് ക്ലസ്റ്ററുകള്‍ വിന്യസിച്ചതിന് ശേഷം ഉയര്‍ന്നുവരുന്ന പ്രവര്‍ത്തനപരമായ വെല്ലുവിളികള്‍ എന്നിവ ഈ സെഷനുകളില്‍ ചര്‍ച്ച ചെയ്യും.
പബ്ലിസിസ് സാപിയന്റിലെ അഖില്‍ എസ്. കുമാര്‍, എച്ച് ആന്‍ഡ് ആര് ബ്ലോക്കിലെ മനോജ് എസ്.ടി, ഇന്‍ഫോസിസിലെ അന്‍സൂ തോമസ്, നുട്ടാനിക്സിലെ കുമാര്‍ എം എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിക്കും.
കുബര്നെറ്റീസ്, ക്ലൗഡ്-നേറ്റീവ് സാങ്കേതികവിദ്യകളെക്കുറിച്ചുള്ള ക്വിസ് മത്സരവും പരിപാടിയുടെ ഭാഗമായി നടക്കും. ഏകദേശം 20,000 രൂപ മൂല്യമുള്ള, 'ക്ലൗഡ് നേറ്റീവ് കമ്പ്യൂട്ടിംഗ് ഫൗണ്ടേഷന്' സര്‍ട്ടിഫിക്കേഷനായുള്ള 50 ശതമാനം ഡിസ്കൗണ്ട് വൗച്ചര്‍ സമ്മാനമായി നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.
പ്രൊഫഷണലുകള്‍ക്ക് പ്രായോഗിക അറിവുകള്‍ കൈമാറാനും, വിദഗ്ധരില്‍ നിന്ന് പഠിക്കാനും, ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, സോഫ്റ്റ് വെയര്‍ എഞ്ചിനീയറിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ മേഖലകളിലെ പുതിയ മാറ്റങ്ങളെക്കുറിച്ച് മനസ്സിലാക്കാനും മീറ്റപ്പ് അവസരമൊരുക്കും.
സാങ്കേതിക വിദഗ്ധര്‍, ഡെവലപ്പര്‍മാര്‍, വിദ്യാര്‍ഥികള്‍, ക്ലൗഡ്-നേറ്റീവ് കമ്മ്യൂണിറ്റി അംഗങ്ങള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.
https://www.facebook.com/Malayalivartha


























