വിവാഹത്തിലും ഐപിഎൽ സസ്പെൻസ്... പരമ്പരാഗത വിവാഹച്ചടങ്ങുകൾ ഒഴിവാക്കി അനിരുദ്ധും കാവ്യയും; തിരഞ്ഞെടുത്തത് പെരിയാറിന്റെ ആശയങ്ങളിൽ അധിഷ്ഠിതമായ സെൽഫ് റെസ്‌പെക്‌ട് മാര്യേജ്

സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്‌സ് ഹൈദരാബാദ് സഹ ഉടമ കാവ്യ മാരനും വിവാഹിതരായത് വ്യത്യസ്തമായൊരു വിവാഹരീതിയിലൂടെ. നവംബർ 11ന് ഗ്രീസിൽ നടന്ന വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. പരമ്പരാഗത ആചാരങ്ങളും പുരോഹിതന്മാരും ഇല്ലാതെ സമത്വത്തിനും പരസ്പര ബഹുമാനത്തിനും പ്രാധാന്യം നൽകുന്ന 'സെൽഫ് റെസ്‌പെക്‌ട് മാര്യേജ്' വിവാഹമാണ് ഇരുവരും തിരഞ്ഞെടുത്തത്.
പരസ്പരം മാലകൾ അണിയിച്ചും ഒരേപോലെയുള്ള പെൻഡന്റുകൾ കൈമാറിയുമായിരുന്നു വിവാഹം. ഡിഎംകെയുടെ ഐടി വിംഗ് സെക്രട്ടറി ടി.ആർ.ബി. രാജയും വിവാഹരീതിയുടെ പ്രത്യേകത സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ സാമൂഹിക പരിഷ്‌കർത്താവ് പെരിയാർ ഇ.വി. രാമസാമിയുടെ ആത്മാഭിമാന പ്രസ്ഥാനത്തിൽ നിന്നാണ് ഈ വിവാഹസങ്കൽപ്പം രൂപപ്പെട്ടത്. ജാതിവിവേചനത്തെയും പുരുഷാധിപത്യ ആചാരങ്ങളെയും ചോദ്യം ചെയ്ത് തുല്യതയ്ക്കും വ്യക്തിസ്വാതന്ത്ര്യത്തിനും പ്രാധാന്യം നൽകുന്നതാണ് ഈ രീതി. 1967ലെ നിയമഭേദഗതിയിലൂടെ തമിഴ്‌നാട്ടിൽ ഹിന്ദു വിവാഹ നിയമത്തിലെ ഏഴാം എ വകുപ്പ് പ്രകാരം ഈ വിവാഹരീതിക്ക് നിയമപരമായ അംഗീകാരവും ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























