സംസ്ഥാനത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാ തീയതികളും ക്രിസ്മസ് അവധിയും പ്രഖ്യാപിച്ചു...

സംസ്ഥാനത്തെ 2027-ലെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പൊതുപരീക്ഷാ തീയതികൾ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പ്രഖ്യാപിച്ചു. 2027 മാർച്ച് ഒന്നിനാണ് എസ്.എസ്.എൽ.സി പരീക്ഷകൾ ആരംഭിക്കുന്നത്. ഫെബ്രുവരി 1 മുതൽ 15 വരെ ഐ.ടി പ്രാക്ടിക്കൽ പരീക്ഷകളും, ഫെബ്രുവരി 16 മുതൽ 20 വരെ മോഡൽ പരീക്ഷകളും നടക്കും. ഏപ്രിൽ അഞ്ചിന് മൂല്യനിർണയം ആരംഭിച്ച് മെയ് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കാനാണ് തീരുമാനം. ഇത്തവണ 4,25,000 വിദ്യാർത്ഥികളാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്.
ഹയർ സെക്കൻഡറി / വി.എച്ച്.എസ്.ഇ പരീക്ഷ:
ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ മാർച്ച് രണ്ട് മുതൽ മാർച്ച് 30 വരെയാണ് നടക്കുക. മാർച്ച് 12, 30 തീയതികളിൽ ഉച്ചയ്ക്ക് രണ്ട് മണിക്കും, മറ്റ് ദിവസങ്ങളിൽ രാവിലെ 9:30-നും പരീക്ഷകൾ ആരംഭിക്കും. രണ്ടാം വർഷ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 25-നും, മോഡൽ പരീക്ഷകൾ ഫെബ്രുവരി 11 മുതൽ 24 വരെയും നടക്കും. മെയ് 15-നാണ് ഹയർ സെക്കൻഡറി ഫലപ്രഖ്യാപനം.
കേരളം, ഗൾഫ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലായി 2000-ത്തോളം കേന്ദ്രങ്ങളിൽ ഏകദേശം ഒൻപത് ലക്ഷം വിദ്യാർത്ഥികൾ ഹയർ സെക്കൻഡറി പരീക്ഷ എഴുതും. 389 കേന്ദ്രങ്ങളിലായി 53,000 വിദ്യാർത്ഥികളാണ് വി.എച്ച്.എസ്.ഇ പരീക്ഷ എഴുതുന്നത്.
ക്രിസ്മസ് പരീക്ഷയും അവധിയും:
ഈ അധ്യയന വർഷത്തെ ക്രിസ്മസ് പരീക്ഷകൾ ഡിസംബർ 8 മുതൽ 17 വരെ നടക്കും. എൽ.പി ക്ലാസുകൾക്ക് ഡിസംബർ 11 മുതലാണ് പരീക്ഷ ആരംഭിക്കുന്നത്. ഡിസംബർ 18-ന് ക്രിസ്മസ് ആഘോഷങ്ങൾക്ക് ശേഷം സ്കൂളുകൾ അടയ്ക്കുകയും, പത്ത് ദിവസത്തെ അവധിക്ക് ശേഷം ഡിസംബർ 28-ന് വീണ്ടും തുറക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha


























