ചാർജ് ചെയ്യാൻ വച്ച ലാപ്ടോപ്പിന് തീപിടിച്ചു; വീട്ടിലെ സോഫയും കസേരകളും ഉൾപ്പെടെ വീട്ടുപകരണങ്ങൾ കത്തിനശിച്ചു

ലാപ്ടോപ്പ് ചാർജ് ചെയ്യാൻ വച്ചത് വലിയ അപകടത്തിന് കാരണമായി. കണ്ണൂർ പയ്യന്നൂരിലെ ഒരു വീട്ടിലാണ് ലാപ്ടോപ്പിന് തീപിടിച്ച് വീട്ടുപകരണങ്ങൾ കത്തിനശിച്ചത്. പയ്യന്നൂർ ശാന്തിഗ്രാമത്തിലെ വി.പി. പ്രസന്നകുമാറിന്റെ ഉഷസ്സ് വീട്ടിലാണ് വ്യാഴാഴ്ച ഉച്ചയോടെ തീപിടിത്തമുണ്ടായത്. ചാർജ് ചെയ്യുന്നതിനായി സോഫാ സെറ്റിന് മുകളിൽ വെച്ചിരുന്ന ലാപ്ടോപ്പ് അമിതമായി ചൂടായതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ലാപ്ടോപ്പ് ചാർജ് ചെയ്യാൻ വെച്ചശേഷം വീട്ടുകാർ വീട് പൂട്ടി പുറത്തുപോയിരുന്നു. തിരികെ എത്തിയപ്പോഴാണ് വീട്ടിൽ തീപിടിത്തമുണ്ടായതായി ശ്രദ്ധയിൽപ്പെട്ടത്. തീപിടിത്തത്തിൽ ലാപ്ടോപ്പ്, സോഫാ സെറ്റ്, കസേരകൾ, വാച്ച്, ചുമരിൽ തൂക്കിയിരുന്ന ഫോട്ടോകൾ തുടങ്ങിയവ കത്തിനശിച്ചു. പയ്യന്നൂർ അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്.
ലാപ്ടോപ്പും മൊബൈൽ ഫോണും ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്യുമ്പോൾ സോഫ, കിടക്ക തുടങ്ങിയ തീപിടിക്കാൻ സാധ്യതയുള്ള പ്രതലങ്ങളിൽ വയ്ക്കരുതെന്നാണ് അഗ്നിരക്ഷാസേനയുടെ മുന്നറിയിപ്പ്. ചാർജിങ്ങിനിടെ ഉപകരണങ്ങൾ അമിതമായി ചൂടാകുന്നുണ്ടോ എന്നും ശ്രദ്ധിക്കണം. ചാർജ് ചെയ്യാൻ ഉപകരണങ്ങൾ വെച്ചശേഷം വീട് പൂട്ടി പുറത്തുപോകുന്നതും ഒഴിവാക്കണം.
https://www.facebook.com/Malayalivartha


























