മണ്ണന്തല രഞ്ജിത് കൊലക്കേസിൽ 11 പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി... ശിക്ഷ നാളെ വിധിക്കും

മണ്ണന്തല രഞ്ജിത് കൊലക്കേസിൽ 11 പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി. കേസിലാകെ 12 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. പ്രതികളിൽ ഒരാൾ ഒളിവിലായതിനാൽ വിചാരണ നേരിട്ടിരുന്നില്ല. ആർഎസ്എസ് പ്രവർത്തകനായിരുന്ന രഞ്ജിത്തിനെ ഒരു സംഘം സിപിഎം പ്രവർത്തകർ രാഷ്ട്രീയ വിരോധം മൂലം കൊലപ്പെടുത്തിയെന്നാണ് കേസ്. കുറ്റക്കാർക്കുള്ള ശിക്ഷ നാളെ വിധിക്കുന്നതാണ്.
2008 ഒക്ടോബർ 17ന് പുലർച്ചെ 5:15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മണ്ണന്തലയിലെ കോട്ടമുകളിലെ തൻ്റെ ബേക്കറിയിൽ രഞ്ജിത്ത് നിൽക്കവെയാണ് രണ്ട് കാറിലും ബൈക്കിലുമായെത്തിയ പ്രതികൾ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കിയ ശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ കൊലപാതകത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നതായി കണ്ടെത്തിയിട്ടുണ്ടായിരുന്നു.
കേസിൽ മുതിർന്ന ക്രിമിനൽ അഭിഭാഷകനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട രഞ്ജിത്തിൻ്റെ മാതാവ് ഇടത് സർക്കാരിനെ സമീപിച്ചിട്ടുണ്ടായിരുന്നു. എന്നാൽ ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്ന് മാതാവ് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടുകയായിരുന്നു. തുടർന്ന് അഭിഭാഷകനായ പ്രതാപ് ജി പടിക്കലിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കാനായി സർക്കാർ അംഗീകാരം നൽകി. കേസിലാകെ 41 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. വിചാരണാ വേളയിൽ പ്രോസിക്യൂഷൻ സാക്ഷികളായിരുന്ന ചില പൊലീസുകാർ കൂറുമാറുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























