തിരുവനന്തപുരം മെഡിക്കൽ കോളേജിന്‍റെ പ്ലാറ്റിനം ജൂബിലി കൺവെൻഷൻ നവംബർ 20, 21, 22 തീയതികളില്‍

തിരുവനന്തപുരം മെഡിക്കൽ കോളേജ് 75 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി പ്ലാറ്റിനം ജൂബിലി കൺവെൻഷൻ 2026 നവംബർ 20, 21, 22 തീയതികളിൽ നടക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡയമണ്ട് ജൂബിലി അലുമ്നി ഓഡിറ്റോറിയത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. മെഡിക്കൽ രംഗത്തെ നൂതന മുന്നേറ്റങ്ങൾ, ഗവേഷണം, ആരോഗ്യ പരിപാലനത്തിലെ പുതിയ പ്രവണതകൾ, ഭാവിയിലെ ആരോഗ്യ രംഗത്തിന്റെ സാധ്യതകൾ എന്നിവ ചർച്ച ചെയ്യുന്ന അക്കാദമിക് കോൺക്ലേവും കൺവെൻഷന്റെ ഭാഗമായി നടക്കും. 'ഭൂതകാലത്തെ ആദരിക്കുക, വർത്തമാനത്തെ ആഘോഷിക്കുക, ഭാവിയെ രൂപപ്പെടുത്തുക' (HONOURING THE PAST, CELEBRATING THE PRESENT, SHAPING THE FUTURE) എന്നതാണ് പരിപാടിയുടെ പ്രമേയം. തിരുവനന്തപുരം മെഡിക്കൽ കോളേജ് അലുമ്നി അസോസിയേഷൻ (TMCAA), ടീച്ചേഴ്സ് അസോസിയേഷന്‍, സ്റ്റുഡന്‍സ് യൂണിയന്‍ എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. നവംബർ 20-ന് ഉച്ചയ്ക്ക് 2.15-ന് 'ടി.എം.സി വിഷൻ 2030' എന്ന വിഷയത്തിൽ സെമിനാറോടെ അക്കാദമിക് പരിപാടികൾക്ക് തുടക്കമാകും. മെഡിക്കൽ കോളേജിന്റെ പാരമ്പര്യവും ഭാവിവികസനവും പൂർവവിദ്യാർഥികളുടെ സംഭാവനകളും ചർച്ചയാകും. വൈകിട്ട് 5.30-ന് ഉദ്ഘാടനവും പുരസ്കാരദാന ചടങ്ങും നടക്കും. തുടർന്ന് സാംസ്കാരിക പരിപാടികളും വിരുന്നും ഉണ്ടായിരിക്കും.
ടി.എം.സി വിഷൻ സെമിനാറില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മുഖ്യരക്ഷാധികാരിയാകും. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ, ശശി തരൂര്‍ എംപി, വി. മുരളീധരൻ എം.എൽ.എ എന്നിവർ വിശിഷ്ടാതിഥികളാകും. തിരുവനന്തപുരം നഗരസഭാ മേയർ അഡ്വ. വി.വി. രാജേഷ്, കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ്. എന്നിവരും ചടങ്ങിൽ വിശിഷ്ടാതിഥികളായിരിക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജ് അലുമ്നി അസോസിയേഷൻ മുൻ പ്രസിഡന്റും കിംസ് ഹെൽത്തിന്റെ ചെയർമാനുമായ ഡോ. എം.ഐ. സഹദുള്ള ടി.എം.സി വിഷൻ 2030' എന്ന സെമിനാറിന്‍റെ അധ്യക്ഷത വഹിക്കും. പ്ലാനിങ് ബോർഡ് അംഗം ഡോ. എസ്.എസ്. ലാൽ വൈസ് ചെയർമാനായിരിക്കും. ഡോ. തോമസ് മാത്യു, ഡോ. കവിത രവി, ഡോ. ശ്രീജിത്ത് എൻ. കുമാർ, ഡോ. ഷിബു ആർ. എന്നിവർ കോ-ഓർഡിനേറ്റർമാരായി പ്രവർത്തിക്കും. നവംബർ 21-ന് മെഡിക്കൽ എത്തിക്സ്, രക്താർബുദ ചികിത്സയിലെ പുതിയ മുന്നേറ്റങ്ങൾ, വയോജന ആരോഗ്യനയം, ഓങ്കോളജി, പ്രായപൂർത്തിയായവർക്കുള്ള വാക്സിനേഷൻ, പ്രോസ്റ്റേറ്റ് കാൻസർ, ക്ഷയരോഗ നിയന്ത്രണം, സ്ട്രോക്ക് ചികിത്സ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ പ്രഭാഷണങ്ങൾ നടത്തും. കേരളത്തിന്റെ ആരോഗ്യപരിപാലന മാതൃക, സർക്കാർ കേന്ദ്രീകൃത മെഡിക്കൽ ഇൻഷുറൻസ് സംവിധാനം, ഇടത്തരം ആശുപത്രികളുടെ സാധ്യതകൾ, യുവ ഡോക്ടർമാരുടെ പങ്ക് തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്യും.
രാവിലെ 11 മണിക്ക് നടക്കുന്ന അവാര്‍ഡ് വിതരണ ചടങ്ങില്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥി ആയിരിക്കും. വൈകിട്ട് 6 മുതൽ കവടിയാർ ഉദയ് പാലസിൽ സാംസ്കാരിക സായാഹ്നം സംഘടിപ്പിക്കും. നവംബർ 22-ന് മെഡിക്കൽ ഗവേഷണം, ജനിതക പരിശോധനയും ചികിത്സയും, നൂതന ആരോഗ്യ ഉപകരണങ്ങൾ, ഹെയർ ട്രാൻസ്‌പ്ലാന്റേഷൻ, തിമിര ശസ്ത്രക്രിയ, റോബോട്ടിക് സർജറി, ഹൃദ്രോഗ ചികിത്സ, കാൻസർ ചികിത്സയിലെ പുതിയ രീതികൾ, ഗർഭകാല പരിചരണം തുടങ്ങിയ വിഷയങ്ങളിലാണ് അക്കാദമിക് സെഷനുകൾ. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുഖ്യാതിഥിയായും പ്രിൻസ് ആദിത്യ വർമ്മ വിശിഷ്ടാതിഥിയായും പങ്കെടുക്കുന്ന പുരസ്കാരദാന ചടങ്ങും അന്നേ ദിവസം നടക്കും.
അലുമ്നി അസോസിയേഷന്‍ പ്രസിഡന്‍റ് ഡോ. സി. ജോണ്‍പണിക്കര്‍, സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് പ്രൊഫസര്‍ ഡോ. തോമസ് മാത്യു, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. രഞ്ജു രവീന്ദ്രന്‍, അലുമ്നി അസോസിയേഷന്‍ സെക്രട്ടറി ഡോ. കവിത രവി, ഡോ. ഗിരിജ കുമാരി, വൈസ് പ്രസിഡന്‍റ് ഡോ. ദിനേശ് കെ., കോളേജ് യൂണിയന്‍ സെക്രട്ടറി ആഫ്ന എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കില്‍ ലാബ്, ഇന്ത്യയിലെ ആദ്യ മെഡിക്കല്‍ ഹിസ്റ്ററി മ്യൂസിയം എന്നിവ ഉള്‍പ്പെടുന്ന അമിനിറ്റി സെന്‍റര്‍ 15 കോടി മുടക്കി നിര്‍മ്മിച്ച് സമര്‍പ്പിക്കുമെന്ന് മെഡിക്കല്‍ കോളേജ് അലുമ്നി അസോസിയേഷന്‍ പ്രസിഡന്‍റ് ഡോ. സി. ജോണ്‍പണിക്കര്‍ അറിയിച്ചു. ഡോക്ടർമാർക്കും ആരോഗ്യരംഗത്തെ വിദഗ്ധർക്കും പൂർവവിദ്യാർഥികൾക്കും അധ്യാപകർക്കും വിദ്യാർഥികൾക്കും ഒത്തുചേരാനും അനുഭവങ്ങളും അറിവുകളും പങ്കുവയ്ക്കാനുമുള്ള വേദിയായിരിക്കും പ്ലാറ്റിനം ജൂബിലി കൺവെൻഷൻ. രജിസ്ട്രേഷനും അന്വേഷണങ്ങൾക്കും 94470 24807 എന്ന നമ്പറിലും tvmmcalumni@gmail.com എന്ന ഇ മെയിലിലും ബന്ധപ്പെടാം.
https://www.facebook.com/Malayalivartha

























