മുഖ്യമന്ത്രിയുടെ ചാവേറല്ല, ഷാഫി ഇരയുമല്ല... എന്നെ ക്രൂശിക്കാൻ നടക്കുന്നു; നിലപാട് കടുപ്പിച്ച് ഉണ്ണിത്താൻ... കോൺഗ്രസിൽ വീണ്ടും പോർമുഖം

കോൺഗ്രസിലെ പോര് അവസാനിച്ചെന്ന് കരുതിയവർക്ക് തെറ്റി. മുഖ്യമന്ത്രിയുടെ ചാവേറല്ല താനെന്നും ഷാഫി പറമ്പിൽ തനിക്ക് ഒരു ഇരയുമല്ലെന്നും തുറന്നടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. തനിക്കെതിരെ എല്ലാവരും ചേർന്ന് ആക്രമണം നടത്തുകയാണെന്നും തന്നെ ക്രൂശിക്കാനാണ് ചിലരുടെ ശ്രമമെന്നും ഉണ്ണിത്താന്റെ ആരോപണം. അതേസമയം, ഷാഫി പറമ്പിലിനെ പിന്തുണച്ച് രമേഷ് പിഷാരടിയും രംഗത്തെത്തിയതോടെ കോൺഗ്രസിലെ തർക്കം പുതിയ തലത്തിലേക്ക്. പരസ്യപ്രസ്താവനകൾ അവസാനിപ്പിക്കണമെന്ന് നേതൃത്വം ആവശ്യപ്പെട്ടിട്ടും വിവാദം പൂർണമായി കെട്ടടങ്ങിയിട്ടില്ല.
ഈ പരാമർശങ്ങൾക്കു പിന്നിൽ കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങൾ കൂടിയാണ് ചർച്ചയാകുന്നത്. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പ്രവർത്തനശൈലിയിലും പാർട്ടിയിലെ അധികാരവിന്യാസത്തിലും അതൃപ്തിയുള്ളവർ ഉണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് തർക്കം പരസ്യമായത്. കെ.പി.സി.സി അധ്യക്ഷസ്ഥാനത്തെ ചൊല്ലിയുള്ള നീക്കങ്ങളും ഈ പോരിന്റെ പ്രധാന പശ്ചാത്തലമായി വിലയിരുത്തപ്പെടുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ അനുകൂലിക്കുന്നവരും മുഖ്യമന്ത്രി വി.ഡി. സതീശനോട് അടുപ്പമുള്ളവരും തമ്മിലുള്ള സ്വാധീനമത്സരവും ചർച്ചയിലുണ്ട്.
വിവാദത്തിന് തുടക്കമിട്ടത് ഷാഫി പറമ്പിൽ എ ഗ്രൂപ്പുകാരനാണെന്ന വാദത്തെ രാജ്മോഹൻ ഉണ്ണിത്താൻ ചോദ്യം ചെയ്തതോടെയാണ്. ഷാഫി പറമ്പിൽ എ ഗ്രൂപ്പിലാണെന്ന് പറയുന്നത് ലോകത്തിലെ എട്ടാമത്തെ അത്ഭുതമായിരിക്കുമെന്നായിരുന്നു പരിഹാസം. പിന്നാലെ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ഷാഫിയുടെ അനുയായികളാണെന്ന ആരോപണവും ഉണ്ണിത്താൻ ഉന്നയിച്ചു. ഷാഫിയുമായി പരസ്യ സംവാദത്തിന് തയ്യാറാണെന്നും വെല്ലുവിളിച്ചു. ആരോപണങ്ങൾക്കൊപ്പം ചില നേതാക്കളെക്കുറിച്ച് തന്റെ കൈവശം വിവരങ്ങളുണ്ടെന്ന സൂചനകളും നൽകിയതോടെ വിവാദം കൂടുതൽ കടുത്തു.
ഇതിനിടെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ ഉണ്ണിത്താന്റെ പരാമർശങ്ങളെ പിന്തുണച്ച് രംഗത്തെത്തിയത് തർക്കത്തിന് മറ്റൊരു മാനം നൽകി. ഉണ്ണിത്താനെ മറിയാമ്മ പിന്തുണച്ചതോടെ കാര്യങ്ങൾ വീണ്ടും കൈവിട്ടുപോയി.
എന്നാൽ ഷാഫിയെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗം ശക്തമായി രംഗത്തുണ്ട്. ഷാഫി പറമ്പിലിനെതിരെ ഉണ്ണിത്താൻ നടത്തിയ പരാമർശങ്ങളിൽ എ ഗ്രൂപ്പ് നേതാക്കൾ അതൃപ്തി പ്രകടിപ്പിച്ചു. ഉണ്ണിത്താനോട് പാർട്ടി വിശദീകരണം ചോദിക്കണമെന്ന അഭിപ്രായവും ഉയർന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിയെയും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിനെയും മുതിർന്ന നേതാക്കൾ നേരിൽക്കണ്ട് വിഷയം ചർച്ച ചെയ്തു. വ്യക്തിപരമായ ആരോപണങ്ങൾ ഒഴിവാക്കണമെന്നും പരസ്യപ്രസ്താവനകൾ അവസാനിപ്പിക്കണമെന്നും നേതൃത്വം ഇരുവിഭാഗത്തോടും ആവശ്യപ്പെട്ടിരുന്നു.
ഈ ഘട്ടത്തിലാണ് ഷാഫിക്ക് പിന്തുണയുമായി പാലക്കാട് എം.എൽ.എ രമേഷ് പിഷാരടി രംഗത്തെത്തിയത്. ഷാഫി അധികാരത്തേക്കാൾ പാർട്ടിക്കാണ് പ്രാധാന്യം നൽകിയതെന്ന് പിഷാരടി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിക്കാൻ പാലക്കാട്ടെ രാഷ്ട്രീയ അടിത്തറ ഉപേക്ഷിച്ചില്ലായിരുന്നെങ്കിൽ ഇന്ന് ഷാഫി മന്ത്രിയായിരിക്കുമായിരുന്നുവെന്നും പിഷാരടി ചൂണ്ടിക്കാട്ടി. പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസിന് തിരിച്ചുവരവുണ്ടാക്കുന്നതിലും വടകരയിൽ വിജയിക്കുന്നതിലും ഷാഫിയുടെ പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു.
കോൺഗ്രസിൽ ഗ്രൂപ്പുകൾ സ്വാഭാവികമാണെങ്കിലും വ്യക്തിപരമായ അധിക്ഷേപങ്ങളും പരസ്പരം കാലുവാരലും പാർട്ടിക്ക് ഗുണം ചെയ്യില്ലെന്ന മുന്നറിയിപ്പും പിഷാരടി നൽകി. നിയമസഭാ തിരഞ്ഞെടുപ്പിൽ 102 സീറ്റുകളുടെ വലിയ വിജയം നേടിയ മുന്നണിക്ക് ഐക്യം നഷ്ടപ്പെടരുതെന്നും ഓർമിപ്പിച്ചു.
അതേസമയം, നവംബർ 26-ന് ഷാഫിയുമായുള്ള വിവാദത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന നിലപാടിലേക്ക് ഉണ്ണിത്താൻ എത്തിയിരുന്നു. മണ്ഡലത്തിലെ പരിപാടികളുടെ തിരക്കിലാണെന്നും കാര്യങ്ങൾ പിന്നീട് പറയാമെന്നുമായിരുന്നു പ്രതികരണം. എന്നാൽ പുതിയ അഭിമുഖത്തിൽ വീണ്ടും നിലപാട് വ്യക്തമാക്കിയതോടെ വിവാദം വീണ്ടും ചർച്ചയാകുകയാണ്.
കെ.പി.സി.സി അധ്യക്ഷസ്ഥാനത്തേക്കുള്ള നീക്കങ്ങൾ, പഴയ ഗ്രൂപ്പ് സമവാക്യങ്ങൾ, മുഖ്യമന്ത്രിയുടെ നേതൃത്വത്തെച്ചൊല്ലിയുള്ള അതൃപ്തികൾ, നേതാക്കൾ തമ്മിലുള്ള പരസ്യ ഏറ്റുമുട്ടൽ. ഇതെല്ലാം ചേർന്ന് കോൺഗ്രസിനുള്ളിലെ അധികാരപ്പോരിന് പുതിയ മുഖം നൽകിയിരിക്കുകയാണ്. ഹൈക്കമാൻഡ് ഇടപെടൽ ശക്തമാകുമോ, അച്ചടക്ക നടപടികളിലേക്ക് കാര്യങ്ങൾ നീങ്ങുമോ എന്നതും നിർണായകമാണ്. പുറമേ വെടിനിർത്തൽ പ്രഖ്യാപിച്ചാലും കോൺഗ്രസിലെ പോര് അടിത്തട്ടിൽ അവസാനിച്ചിട്ടില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്.
https://www.facebook.com/Malayalivartha


























