അമേരിക്കയില്‍ ആഞ്ഞടിച്ച് 'നോര്‍-ഈസ്റ്റര്‍' കൊടുങ്കാറ്റ്... പലയിടത്തും വെള്ളപ്പൊക്കം, മണിക്കൂറില്‍ 70 മൈല്‍ (112 കി.മീ) വരെ വേഗതയില്‍ വീശിയടിച്ച കാറ്റും മഞ്ഞുവീഴ്ചയും തീരദേശ വെള്ളപ്പൊക്കവും ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതത്തെ ബാധിച്ചു, നിരവധി വിമാനങ്ങൾ റദ്ദാക്കി

അമേരിക്കയില്‍ ആഞ്ഞടിച്ച് 'നോര്‍-ഈസ്റ്റര്‍' കൊടുങ്കാറ്റ്. കനത്ത മഴയും കാറ്റിലും രാജ്യത്തിന്റെ മധ്യ, കിഴക്കന്‍ മേഖലകളെ സാരമായി ബാധിച്ചു. കൊടുങ്കാറ്റിനെ തുടര്‍ന്ന് പലയിടത്തും വെള്ളപ്പൊക്കമുണ്ടായി. മണിക്കൂറില്‍ 70 മൈല്‍ (112 കി.മീ) വരെ വേഗതയില്‍ വീശിയടിച്ച കാറ്റും മഞ്ഞുവീഴ്ചയും തീരദേശ വെള്ളപ്പൊക്കവും ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതത്തെയും അവധിക്കാല യാത്രകളെയും സാരമായി ബാധിച്ചു.
കൊടുങ്കാറ്റിനെ തുടര്‍ന്ന് കടപുഴകി വീണ മരങ്ങളും വൈദ്യുതി ലൈനുകളും തകര്‍ന്നതോടെ രാജ്യത്തുടനീളം വലിയ തോതില്‍ വിദ്യുച്ഛക്തി തടസ്സം നേരിടുകയും ചെയ്തു. രാജ്യത്ത് ഒമ്പതു ലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തടസപ്പെട്ടു. പെന്‍സില്‍വാനിയ, മേരിലാന്‍ഡ്, വിര്‍ജീനിയ എന്നിവിടങ്ങളിലാണ് വൈദ്യുതി തടസം ഏറ്റവും രൂക്ഷമായി ബാധിച്ചിട്ടുള്ളത്. നാനൂറിലധികം വിമാനങ്ങള്‍ റദ്ദാക്കി. 1800ല്‍ അധികം വിമാനങ്ങള്‍ വൈകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൊടുങ്കാറ്റ് താങ്ക്‌സ്ഗിവിങ് ആഘോഷങ്ങളെയും തടസ്സപ്പെടുത്തി.
ഫ്‌ലൈറ്റ് അവെയര്‍ നല്‍കുന്ന കണക്കുകള്‍ പ്രകാരം, അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളില്‍, പ്രത്യേകിച്ച് കിഴക്കന്‍ മേഖലകളില്‍, ഏകദേശം 400 വിമാനങ്ങള്‍ റദ്ദാക്കുകയും 2,000-ത്തിലധികം വിമാനങ്ങള്‍ വൈകുന്നതായുമാണ് റിപ്പോര്‍ട്ട്.
കനത്ത കൊടുങ്കാറ്റും വെള്ളപ്പൊക്കവും കണക്കിലെടുത്ത് ന്യൂയോര്‍ക്കിലും ന്യൂജേഴ്സിയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ന്യൂജേഴ്സി ഗവര്‍ണര്‍ മിക്കി ഷെറില്‍ ബുധനാഴ്ച തന്നെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
വെസ്റ്റ് വിര്‍ജീനിയയിലെ ഷോഷൂവില്‍ മണിക്കൂറില്‍ 70 മൈല്‍ വേഗതയില്‍ കാറ്റ് വീശിയടിച്ചു. മേരിലാന്‍ഡ്, വിര്‍ജീനിയ, ഡെലവെയര്‍, നോര്‍ത്ത് കരോലിന എന്നിവിടങ്ങളിലും മണിക്കൂറില്‍ 60 മൈലില്‍ കൂടുതല്‍ വേഗതയില്‍ കാറ്റ് വീശിയടിച്ചു. പെന്‍സില്‍വാനിയയെയും ന്യൂജേഴ്സിയെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായ കൊമോഡോര്‍ ബാരി പാലം ഉള്‍പ്പെടെ നിരവധി പ്രധാന പാലങ്ങള്‍ കാലാവസ്ഥ കാരണം അടച്ചു.
https://www.facebook.com/Malayalivartha


























