ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കുന്ന ഉദ്യമം പരാജയപ്പെട്ടെങ്കിലും ജനുവരിയിൽ വീണ്ടും ആരംഭിക്കുമെന്ന് വനം വകുപ്പ്...

ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കുന്ന ഉദ്യമം പരാജയപ്പെട്ടെങ്കിലും ജനുവരിയിൽ വീണ്ടും ആരംഭിക്കുമെന്ന് വനം വകുപ്പ്. നിലവിലെ കാലാവസ്ഥയും ഭൂപ്രകൃതിയുമാണ് ദൗത്യത്തിന് തടസ്സമായതെന്നും അത് മുന്നിൽക്കണ്ട് പുല്ല് ഉണങ്ങി കാഴ്ച കൂടുതൽ തെളിയുന്ന ഘട്ടത്തിൽ ദൗത്യം പുനരാരംഭിക്കാനാണ് നീക്കമെന്ന് അധികൃതർ. ആദ്യ മിഷനിൽ വന്ന പിഴവുകൾ തിരുത്തിയാകും അടുത്ത മിഷൻ. മയക്കുവെടിയേറ്റ ശേഷം ആന വെള്ളത്തിലിറങ്ങിയ സാഹചര്യം എങ്ങിനെ മറികടക്കാമെന്നതിനെപ്പറ്റിയും ഗൃഹപാഠം ചെയ്യുമെന്നും ഇതിനായി ചക്കക്കൊമ്പന്റെ സഞ്ചാരപാതയടക്കം നിരീക്ഷിക്കും.
ആന ജനവാസ മേഖലയിൽ പ്രവേശിക്കാതിരിക്കാൻ നിരീക്ഷണവും മുന്നറിയിപ്പ് സംവിധാനവും തുടരും. ചക്കകൊമ്പൻ ദൗത്യവുമായി ബന്ധപ്പെട്ട് ഏറെ നിർണായകമായിരുന്നു മൂന്നാം ദിവസത്തെ ദൗത്യം. വെള്ളിയാഴ്ച രാവിലെ മുതൽ അനുകൂല കാലാവസ്ഥയായിരുന്നു. രാവിലെ ഏഴു മണിക്ക് തന്നെ ദൗത്യം തുടങ്ങിയിരുന്നു.അതിരാവിലെ ഒരു പ്രദേശവാസിയുടെ പറമ്പിൽ കൃഷിനാശം വിതച്ച ചക്കകൊമ്പൻ ഇടിക്കുഴിയിൽ നിന്നും പിന്നീട് ജലാശയത്തിൻറെ അരികിലേക്ക് നീങ്ങി.
ആനയിറങ്കൽ ഡാമിലെ നടുത്തുരുത്തി തുരുത്ത് ഭാഗത്തേക്ക് പോയ കൊമ്പൻ ഒരു മണിക്കൂറിനു ശേഷമാണ് മറയൂർ കുടി ഭാഗത്തെ കരയിലേക്ക് നീങ്ങിയിരുന്നത്. മൂന്നേകാലോടെ 301 കോളനിക്ക് സമീപത്തെ അംഗൻവാടിയിലെത്തിയതും കാത്തിരുന്ന ദൗത്യസംഘം ആദ്യമയക്കുവെടി ഉതിർത്തു. എന്നാൽ, പിന്നീടുള്ള കാര്യങ്ങൾ വനം വകുപ്പിന് വലിയ ആശങ്കയിലാഴ്ത്തുന്ന കാഴ്ചക്കാണ് സാക്ഷ്യം വഹിച്ചത്.
ആന പൂർണമായും മയങ്ങിയില്ലെന്ന് മാത്രമല്ല ജലാശയത്തിൻറെ അടുത്തേക്ക് നീങ്ങിയത് നെഞ്ചിടിപ്പ് വർദ്ധിപ്പിച്ചു. ആദ്യ ഡോസിന് ശേഷം അരമണിക്കൂർ കഴിഞ്ഞപ്പോൾ രണ്ടാമത്തെ ഡോസും നൽകി. രണ്ട് ഡോസ് മയക്കുവെടിയിലും ചക്കക്കൊനമ്പൻ മയങ്ങാതെ നിലയുറപ്പിച്ചു. ദൗത്യ സംഘം ആനയുടെ പിന്നാലെ തന്നെ നിലയുറപ്പിച്ചു. പിന്നീട്, മയക്കുവെടിയേറ്റ കൊമ്പൻ അണക്കെട്ടിലെ ജലാശയത്തിലേക്ക് ഇറങ്ങിയത് ദൗത്യസംഘത്തിലും നാട്ടുകാരിലും വളരെയേറെ ആശങ്കയാണ് സൃഷ്ടിച്ചത്.
"
https://www.facebook.com/Malayalivartha
























