ഒൻപത് ദിവസം നീണ്ടുനിന്ന 57-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീല വീഴും...

ഒൻപത് ദിവസം നീണ്ടുനിന്ന 57-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ശനിയാഴ്ച തിരശ്ശീല വീഴും. നവംബർ 20 മുതൽ ഗോവയിൽ ആരംഭിച്ച മേളയിൽ 15 സിനിമകളാണ് അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ സുവർണമയൂരത്തിനായി മാറ്റുരയ്ക്കുന്നത്. ഡോ. ശ്യാമപ്രസാദ് മുഖർജി ഇൻഡോർ സ്റ്റേഡിയത്തിൽ വൈകുന്നേരം നാല് മണിമുതൽ സമാപന ചടങ്ങുകൾക്ക് തുടക്കമാകും.
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ്, ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. പ്രമുഖ ഇന്ത്യൻ സിനിമാ താരങ്ങളും കലാകാരന്മാരും അണിനിരക്കുന്ന കലാപ്രകടനങ്ങളും സമാപന വേദിയിൽ അരങ്ങേറും.
വിജീഷ് മണി സംവിധാനം ചെയ്ത 'അട്ടപ്പാടി' എന്ന തമിഴ് ഡോക്യുമെന്ററി മേളയിൽ പ്രദർശിപ്പിച്ചു. ഇന്ത്യൻ പനോരമ നോൺ ഫീച്ചർ വിഭാഗത്തിലാണ് അട്ടപ്പാടി പ്രദർശനത്തിനെത്തിയത്. ചിത്രത്തിന്റെ ഭാഗമായ അട്ടപ്പാടിയിൽ നിന്നുള്ള കലാകാരന്മാർ ചലച്ചിത്രമേളയുടെ പ്രധാനവേദിയിൽ അവതരിപ്പിച്ച നാടൻ പാട്ടും നൃത്തവും ഏറെ ശ്രദ്ധ നേടി. എൻ.എഫ്.ഡി.സി. ചെയർമാൻ ജി. കൃഷ്ണകുമാർ ഇവർക്കൊപ്പം സമയം ചെലവഴിച്ച് സെൽഫി എടുത്താണ് മടങ്ങിയത്. മത്സരവിഭാഗത്തിലെ ഏറ്റവും മികച്ച ചിത്രത്തിന് സുവർണമയൂരവും 51 ലക്ഷം രൂപയുമാണ് പുരസ്‌കാരമായി ലഭിക്കുക.
മികച്ച സംവിധായിക/ സംവിധായകൻ, മികച്ച നടൻ, നടി, മികച്ച നവാഗത സംവിധായിക/ സംവിധായകൻ തുടങ്ങി വിവിധ വിഭാഗങ്ങളിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും. ഒ.ടി.ടി. രംഗത്തെ മികച്ച പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി മികച്ച വെബ് സീരീസിനുള്ള പുരസ്‌കാരവും ചടങ്ങിൽ നൽകുകയും ചെയ്യും.
"
https://www.facebook.com/Malayalivartha
























