ഇത് ഒരു ചെറിയ പ്രതികാരം... ലീഗിനോട് മധുര പ്രതികാരം വീട്ടി കെടി ജലീല്‍

കാലം അങ്ങനെയൊക്കെയാണ് പ്രതികാരം വീട്ടാറ്. അതും മധുരമായിത്തന്നെ. മന്ത്രിപ്പട്ടികയില്‍ ഇടം പിടിച്ച ഡോ. കെ.ടി. ജലീലിന് ഇത് തന്നെ പുകച്ചുപുറത്തുചാടിച്ച മുസ്ലിം ലീഗ് നേതൃത്വത്തോടുള്ള മധുര പ്രതികാരമാണ്. ജലീല്‍ എന്ന യുവ രാഷ്ട്രീയ പ്രതിഭയുടെ അസ്തമയം സ്വപ്നം കണ്ടവര്‍ക്കുള്ള ശക്തമായ തിരിച്ചടി. 2005ല്‍ മുസ്ലിം ലീഗില്‍നിന്ന് പുറത്തുകടന്ന ജലീല്‍ 2006ല്‍ കുറ്റിപ്പുറം മണ്ഡലത്തില്‍ ലീഗിന്റെ അതികായന്‍ പി.കെ. കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തിയതിലൂടെ തുടങ്ങിയ തിരിച്ചടിയുടെ പുതിയ രൂപം. അന്ന് വിമാനം ചിഹ്നത്തില്‍ മത്സരിച്ച് അട്ടിമറി സൃഷ്ടിച്ച ജലീല്‍ 2011ല്‍ തവനൂര്‍ മണ്ഡലത്തില്‍ വി.വി. പ്രകാശനെതിരെ മത്സരിച്ചപ്പോള്‍ ലഭിച്ച ചിഹ്നമായ ഗ്യാസ് സിലിണ്ടര്‍ പൊട്ടിച്ച് മൂലക്കിരുത്താമെന്ന മുസ്ലിം ലീഗിന്റെ സ്വപ്നവും തകര്‍ത്തെറിഞ്ഞ് അദ്ദേഹം വീണ്ടും നിയമസഭയില്‍ എത്തി. ഇത്തവണ 'ഓട്ടോറിക്ഷ'യില്‍ കയറി കോണ്‍ഗ്രസിലെ ഇഫ്തിഖാറുദ്ദീനെ തോല്‍പിച്ചാണ് മന്ത്രിക്കസേരയില്‍ എത്തുന്നത്.
കെ.ടി. കുഞ്ഞിമുഹമ്മദിന്റെയും പാറയില്‍ നഫീസയുടെയും മകനായി തിരൂരില്‍ ജനിച്ച ജലീല്‍ കുറ്റിപ്പുറം ഗവ. ഹൈസ്‌കൂളില്‍നിന്ന് എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കിയ ശേഷം ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയ കോളജ്, തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് എന്നിവിടങ്ങളിലായിരുന്നു തുടര്‍പഠനം. എം.ഫില്‍ പൂര്‍ത്തിയാക്കിയശേഷം കേരള സര്‍വകലാശാലയില്‍നിന്ന് പി.എച്ച്ഡി എടുത്തു. മുസ്ലിം യൂത്ത് ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന ജലീല്‍ നേതൃത്വത്തിന്റെ സ്വേച്ഛാധിപത്യ പ്രവര്‍ത്തനത്തില്‍ അതൃപ്തി പൂണ്ടാണ് വിഘടിത ശബ്ദം മുഴക്കി പുറത്തുകടന്നത്.
മലപ്പുറത്ത് ലീഗിനെ പിടിച്ചുകെട്ടാന്‍ സി.പി.എം പോരാളിയെ കാത്തുനിന്ന കാലം. അങ്ങനെയാണ് 2006ല്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ സ്വതന്ത്രനായി മത്സരിച്ച ജലീലിനെ പിന്തുണച്ച് വിജയിപ്പിച്ച് ചരിത്രം സൃഷ്ടിച്ചത്. സി.പി.എം അംഗമല്ലാതിരുന്നിട്ടും പാരമ്പര്യമുള്ള പാര്‍ട്ടി പ്രവര്‍ത്തകനെന്നപോലെ ഇടതുപക്ഷം ജലീലിനെ നെഞ്ചേറ്റി. ലീഗില്‍നിന്ന് വിട്ടുപോരുമ്പോള്‍ ഇടതുവഴിയിലൂടെ സഞ്ചരിച്ച് ഇത്ര വലിയ സ്ഥാനത്ത് എത്തുമെന്ന് സ്വപ്നത്തില്‍പോലും കരുതിയിരുന്നില്‌ളെന്ന് കെ.ടി. ജലീല്‍ പറഞ്ഞു. വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലായ എം.പി. ഫാത്തിമയാണ് ഭാര്യ. മക്കള്‍: അസ്മ ബീവി, മുഹമ്മദ് ഫാറൂഖ്, സുമയ്യ ബീഗം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha