പത്തു വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ നഗരങ്ങളില്‍ വിലക്ക്

തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ നഗരപരിധിയില്‍ പത്തു വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങരുതെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍. 30 ദിവസമാണു സാവകാശം. അതിനു ശേഷം ഉത്തരവ് ലംഘിക്കുന്ന വാഹനങ്ങളില്‍ നിന്ന് ഓരോ തവണയും 5,000 രൂപ പിഴ ഈടാക്കും.
പൊതുഗതാഗതത്തിന് ഉപയോഗിക്കുന്നതും സര്‍ക്കാരിന്റേതും ഒഴികെ, 2000 സി.സിക്കു മേല്‍ എന്‍ജിന്‍ ശക്തിയുള്ള ഡീസല്‍ വാഹനങ്ങള്‍ക്കു തല്‍ക്കാലം പുതുതായി രജിസ്‌ട്രേഷന്‍ നല്‍കരുതെന്നും ഇടക്കാല ഉത്തരവില്‍ ട്രിബ്യൂണലിന്റെ കൊച്ചി സര്‍ക്യൂട്ട് ബെഞ്ച് നിര്‍ദേശിച്ചു.
ഡീസല്‍ വാഹനങ്ങള്‍ ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കും മാരകമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നെന്നു പരാതിപ്പെട്ട് ലോയേഴ്‌സ് എന്‍വയണ്‍മെന്റല്‍ അവേര്‍നെസ് ഫോറം (ലീഫ്) സമര്‍പ്പിച്ച ഹര്‍ജിയിലാണ് കൊച്ചി സര്‍ക്യൂട്ട് ബെഞ്ചിന്റെ ആദ്യ സിറ്റിങ്ങിലെ ഉത്തരവ്.
പരിസ്ഥിതിനാശത്തിനു നഷ്ടപരിഹാരം എന്ന നിലയിലാണ് പ്രമുഖ നഗരപരിധികളില്‍ കടക്കുന്ന ഡീസല്‍ വാഹനങ്ങളില്‍ നിന്നു പിഴ ഈടാക്കുക. ട്രാഫിക് പോലീസോ മലിനീകരണ നിയന്ത്രണ ബോര്‍ഡോ ആണ് പിഴ ഈടാക്കേണ്ടത്. പിഴത്തുക മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കണം. ഈ പണം ട്രിബ്യൂലിന്റെ നിര്‍ദേശാനുസരണം, ഈ നഗരങ്ങളുടെ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കണം.
സംസ്ഥാനത്താകെ വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള സി.എന്‍.ജിയുടെ ലഭ്യത സംബന്ധിച്ചുള്ള കാര്യങ്ങള്‍ അറിയിക്കാന്‍ ട്രിബ്യൂണല്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കി. നോട്ടീസുകള്‍ക്കു ബന്ധപ്പെട്ട കക്ഷികളുടെ മറുപടി ലഭിച്ചതിനു ശേഷം ഹര്‍ജി ഇനി ജൂലൈ 29നു പരിഗണിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha