സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടന്നു

കേരളത്തിലെ, സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജില്‍ വിജയകരമായി നടന്നു. വാഹനാപകടത്തെ ത്തുടര്‍ന്ന്,ചികിത്സയില്‍ കഴിയവെ മസ്തിഷ്‌ക്ക മരണം സംഭവിച്ച പാറശ്ശാല പരശുവയ്ക്കല്‍ മലഞ്ചത്ത് പുത്തന്‍വീട്ടില്‍ ധനീഷ് മോഹനന്റെ(17) കരളിലൂടെ തിരുവനന്തപുരം പെരുമാതുറ തെരുവില്‍ വീട്ടില്‍ ബഷീറിനാണ്(60) പുതുജീവന്‍ ലഭിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 5 മണിമുതല്‍ ചൊവ്വാഴ്ച രാവിലെ 10 മണിവരെ നീണ്ട ശസ്ത്രക്രിയകളിലൂടെയാണ് ഡോക്ടര്‍മാര്‍ ഈ ചരിത്രനേട്ടം കൈവരിച്ചത്. ബഷീറിനെ, മെഡിക്കല്‍ കോളേജിലെ ലിവര്‍ ട്രാന്‍സ്പ്ലാന്റ് ഓപ്പറേഷന്‍ തീയറ്ററില്‍നിന്നും പ്രത്യേകം സജ്ജമാക്കിയ ലിവര്‍ ട്രാന്‍സ്പ്ലാന്റ് ഐസിയുവിലേക്ക് മാറ്റി.
വി.എസ്. ശിവകുമാര്‍ എംഎല്‍എ, ആശുപത്രി സന്ദര്‍ശിച്ച് ഡോക്ടര്‍മാരെ അഭിനന്ദിച്ചു. തീരാദുഖത്തിനിടയിലും മാതൃകാപരമായ ജീവകാരുണ്യപ്രവര്‍ത്തനത്തിന് മുന്നോട്ടുവന്ന ധനീഷിന്റെ അച്ഛന്‍ മോഹനന്‍, സഹോദരന്മാര്‍, മറ്റു ബന്ധുക്കള്‍ എന്നിവരെ ആശ്വസിപ്പിച്ചു. ശസ്ത്രക്രിയ നടത്താന്‍ സാധിച്ചത് ആരോഗ്യ പരിപാലന രംഗത്തെ ചരിത്രനേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഏതാനും സ്വകാര്യ ആശുപത്രികളില്‍മാത്രം നടത്തിവരുന്ന, ഏറെ പണച്ചെലവുള്ള കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, സാധാരണക്കാര്‍ക്ക് ഗവണ്‍മെന്റ് ആശുപത്രികളിലൂടെ സൗജന്യമായി ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 7.5 കോടി രൂപ ചെലവില്‍, ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ യൂണിറ്റ് ആരംഭിച്ചത്.
മെഡിക്കല്‍ കോളേജിന്റെ മുന്‍ വൈസ് പ്രിന്‍സിപ്പാള്‍ ഡോ. കെ.ആര്‍. വിനയകുമാറിന്റെ നേതൃത്വത്തിലാണ് ഇതിനായുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി മുഖേന 2012 ഓഗസ്റ്റ് മുതല്‍ നടത്തിവരുന്ന അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലെ അഞ്ഞൂറ്റി എഴുപതാമത്തെയാണ് ഇപ്പോള്‍ നടന്നിട്ടുള്ളത്. മസ്തിഷ്‌ക്കമരണത്തിന് വിധേയരായ 212 പേരില്‍നിന്നാണ് 570 പേര്‍ക്ക് പുതുജീവന്‍ ലഭിച്ചിട്ടുള്ളത്. ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തിലെ സ്വകാര്യമേഖലയില്‍ നടന്നുവരുന്ന, മിക്ക കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളും ജീവിച്ചിരിക്കുന്നവരുടെ കരളിനെ ആശ്രയിച്ചാണ് നടത്തുന്നത് (ലൈവ് ഡോണര്‍ ട്രാന്‍സ്പ്ലാന്റേഷന്‍). ഇത് അത്യന്തം സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയാണ്. ഇതുമായി ബന്ധപ്പെട്ട ആപല്‍സാധ്യത ഒഴിവാക്കാന്‍ മസ്തിഷ്‌ക്കമരണം സംഭവിച്ചവരില്‍നിന്നും അവയവമെടുക്കുന്നത് (ഡിസീസ്ഡ് ഡോണര്‍ ട്രാന്‍സ്പ്ലാന്റേഷന്‍) പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. വികസിത രാജ്യങ്ങളിലെ 95 ശതമാനത്തോളം അവയവം മാറ്റിവയ്ക്കലുകളും ഇത്തരത്തിലാണ് നടക്കുന്നതെന്നും മൃതസഞ്ജീവനി പദ്ധതി ഇതാണ് ലക്ഷ്യമിടുന്നതെന്നും വി.എസ്. ശിവകുമാര്‍ പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേയും സര്‍ക്കാരുമായി കരാറിലേര്‍പ്പെട്ട തിരുവനന്തപുരം കിംസിലേയും ഡോക്ടര്‍മാരടങ്ങുന്ന മെഡിക്കല്‍ സംഘമാണ് കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയാ വിദഗ്ധരായ ഡോ. രമേഷ് രാജന്‍, ഡോ. ബോണി നടേശന്‍, ഡോ. സിന്ധു, ഡോ. ശ്രീജയ, അനസ്തറ്റിസ്റ്റുമാരായ ഡോ. ഉഷാദേവി, ഡോ. അനില്‍ സത്യദാസ്, എന്നിവര്‍ക്കൊപ്പം കിംസിലെ ശസ്ത്രക്രിയാ വിദഗ്ധരായ ഡോ. ബി. വേണുഗോപാല്‍, ഡോ. ടി.യു. ഷബീര്‍ അലി, ഡോ. ഷിറാസ് അഹമ്മദ്, അനസ്തറ്റിസ്റ്റുമാരായ ഡോ. ബദരിനാഥ്, ഡോ. കുസുമാ എച്ച്. മണി എന്നിവരും പാരാമെഡിക്കല്‍-നഴ്‌സിംഗ് ജീവനക്കാരും ശസ്ത്രക്രിയകളില്‍ പങ്കെടുത്തു.
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളും മൃതസഞ്ജീവനിയുടെ സംസ്ഥാന കണ്‍വീനറുമായ ഡോ. തോമസ് മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ. കെ. മോഹന്‍ദാസ്, മൃതസഞ്ജീവനിയുടെ നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ്, ട്രാന്‍സ്പ്ലാന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ പി.വി. അനീഷ്, എസ്.എല്‍. വിനോദ്കുമാര്‍, വി. വിശാഖ്, എസ്. ശരണ്യ തുടങ്ങിയവരാണ് ശസ്ത്രക്രിയയ്ക്കുവേണ്ട ഏകോപനകൃത്യം നിര്‍വ്വഹിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha