വീണ്ടും അഗ്നിപരീക്ഷ.. തിരുവഞ്ചൂരിനെതിരെ ഐ ഗ്രൂപ്പില്‍ പടയൊരുക്കം, ആഭ്യന്തരമന്ത്രിയെ മാറ്റാന്‍ ഹൈക്കമാന്‍ഡിന് കണ്ണൂര്‍ ഡിസിസിയുടെ ഫാക്‌സ്

ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന് വീണ്ടും അഗ്നി പരീക്ഷ. ടി.പി. വധക്കേസ് പ്രതികളെ ആഭ്യന്തര വകുപ്പ് സംരക്ഷിക്കുന്നു എന്ന പരാതിയുമായി ഐഗ്രൂപ്പ് ഒരിക്കല്‍ക്കൂടി രംഗത്തെത്തി. കെ. സുധാകരന്റെ നേതൃത്വത്തില്‍ തിരുവഞ്ചൂരിനിതിരെ ശക്തമായി നീങ്ങാനാണ് കണ്ണൂര്‍ കോണ്‍ഗ്രസുകാരുടെ നീക്കം. അതിന്റെ ഭാഗമായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ കണ്ണൂര്‍ ഡിസിസി ഹൈക്കമാന്റിന് ഫാക്‌സ് അയച്ചു. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, മുകുള്‍ വാസ്‌നിക് എന്നിവര്‍ക്കാണ് ഫാക്‌സ് അയച്ചത്. ആഭ്യന്തരമന്ത്രിയെ മാറ്റാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടണം എന്നതാണ് ഫാക്‌സിലെ ആവശ്യം. ആഭ്യന്തരമന്ത്രി തികഞ്ഞ പരാജയമാണെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സുരേന്ദ്രന്‍ ആരോപിച്ചു.
ജയില്‍ ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി ടി പി വധക്കേസ് പ്രതികള്‍ മൊബൈല്‍ ഫോണും ഫെയ്‌സ് ബുക്കും ഉപയോഗിക്കുന്നതിന്റെ തെളിവുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തുടര്‍ന്ന് തിരുവഞ്ചൂരിനെതിരെ കെ സുധാകരന്‍ എംപി, കെ മുരളീധരന്‍, പി സി ജോര്‍ജ്ജ് തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.
ടി പി വധക്കേസിലെ പ്രതികളുടെ ജയിലിലെ ചട്ടലംഘനം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിഞ്ഞാണോയെന്ന് പരിശോധിക്കണമെന്നാണ് കെ സുധാകരന്‍ ആവശ്യപ്പെട്ടത്. ആഭ്യന്തരമന്ത്രിയെ താഴെയിറക്കാന്‍ ആരും ശ്രമിക്കുന്നില്ലെന്നും അങ്ങനെ തോന്നുന്നെങ്കില്‍ അത് അദ്ദേഹത്തിന്റെ കുറ്റബോധം കൊണ്ടാണെന്നും സുധാകരന്‍ ആരോപിച്ചു. ജയിലിലെ ഗുരുതരമായ സുരക്ഷാവീഴ്ചകള്‍ക്ക് ആഭ്യന്തരമന്ത്രി ഉത്തരം പറയണം. ടിപി വധക്കേസിലെ വീഴ്ചകള്‍ സംബന്ധിച്ച് എഐസിസിയെ വിവരം അറിയിക്കുമെന്നും സുധാകരന്‍ പറഞ്ഞിരുന്നു.
കെ.പി.സി.സി. അധ്യക്ഷന്‍ രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ക്ക് ആഭ്യന്തരവകുപ്പിന്റെ പല നടപടികളോടും യോജിപ്പില്ല.
മുസ്ലിം ലീഗിന്റെ യുവജനവിഭാഗമായ യൂത്ത്‌ലീഗിന്റെ സംസ്‌ഥാന പ്രസിഡന്റ് പി.എം. സാദിഖലിയും കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്റ് കെ. സുരേന്ദ്രനും രൂക്ഷമായ ഭാഷയിലാണ് ആഭ്യന്തരവകുപ്പിനെ വിമര്‍ശിച്ചത്.
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ കോഴിക്കോട് ജില്ലാ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതും സി.പി.എം. നേതാവ് എളമരം കരീം സംശയനിഴലിലായ ചക്കിട്ടപാറ ഖനന വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിക്കാതെ ഉരുണ്ടുകളിക്കുന്നതുമാണു ആഭ്യന്തരവകുപ്പിനെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. ജയിലിലെ ചട്ടലംഘനങ്ങളെക്കുറിച്ചു രഹസ്യാന്വേഷണവകുപ്പ് നല്‍കിയ മുന്നറിയിപ്പുകള്‍ ആഭ്യന്തരവകുപ്പ് പലവട്ടം അവഗണിച്ചതും വിമര്‍ശനത്തിനു കാരണമായിട്ടുണ്ട്. ജയില്‍ അധികൃതരുടെ വീഴ്‌ചയെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അഞ്ചിലേറെ പ്രാവശ്യം റിപ്പോര്‍ട്ട് നല്‍കിയെങ്കിലും എല്ലാം ഫലം കാണാതെ പോകുകയായിരുന്നു.
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ 20 പ്രതികളെ വെറുതെ വിട്ടതിനെതിരേ അപ്പീല്‍ നല്‍കാതെ സംസ്‌ഥാന സര്‍ക്കാര്‍ മുഖംതിരിച്ചതും ആഭ്യന്തരവകുപ്പിന്റെ വീഴ്‌ചയായി. അപ്പീല്‍ നല്‍കാനുള്ള സമയപരിധി കഴിഞ്ഞിട്ടും സര്‍ക്കാരിന് ഇക്കാര്യത്തില്‍ അറിഞ്ഞമട്ടില്ല. അപ്പീല്‍ നല്‍കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പലതവണ പറഞ്ഞ കേസിലാണ് ഈ വീഴ്‌ച. തെളിവില്ലെന്നു പറഞ്ഞായിരുന്നു കോടതി പ്രതികളെ വെറുതെവിട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha