സോറി, ഞങ്ങള്‍ ദുബായിലാണ്

കഴിഞ്ഞ ദിവസം ഫേസ് ബുക്കിലൂടെ പുറത്തായ ടിപി വധക്കേസിലെ പ്രതികളെ കണ്ടപ്പോള്‍ ഇവര്‍ ദുബായില്‍ വച്ചെടുത്ത ഫോട്ടോകള്‍ ആണോ ഇതെന്ന് പലര്‍ക്കും തോന്നിപ്പോയി. അടിപൊളി ടീ ഷര്‍ട്ട്, ഓവര്‍ കോട്ട്, ബര്‍മ്മുഡ, കൂളിംഗ് ഗ്ലാസ്, മൊബൈല്‍ ഫോണ്‍, വിദേശ സിഗററ്റുകള്‍ എല്ലാം. കാറ്റും വെയിലും കൊള്ളാതെ എയര്‍കണ്ടീഷണര്‍ റൂമില്‍ ജീവിക്കുന്നവരെപ്പോലെ എല്ലാം ചുള്ളന്‍ പയ്യന്മാര്‍ . ഈ ഫോട്ടോകള്‍ കണ്ട ഒരാള്‍ പോലും ഇത് ജയിലിലുള്ളവരാണെന്നോ ജയിലില്‍ വച്ചെടുത്തവയാണാന്നോ പറയില്ല. കാരണം നമ്മുടെ മനസിലൊക്കെ ജയിലിനൊരു സങ്കല്‍പമുണ്ട്.
ഈ ഫോട്ടോ കണ്ടാല്‍ ഗള്‍ഫിലെ ഏതോ ലേബര്‍ ക്യാമ്പില്‍ നിന്നു കൊണ്ട് കൂട്ടുകാര്‍ എടുത്ത ഫോട്ടോയായിട്ടേ തോന്നുകയുള്ളു. അത്രയ്‌ക്കുണ്ട് ഒറിജിനാലിറ്റി. ഇതെല്ലാം അപ്പപ്പോള്‍ എടുത്ത് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്യും. ഇതോടെ ഇവരെ അറിയാത്ത നൂറുകണക്കിന് കുമാരി കുമാരന്മാരായ ഫേസ്‌ബുക്ക് സുഹൃത്തുക്കള്‍ ലൈക്ക് ചെയ്യുകയും കമന്റ്‌സ് അറിയയ്‌ക്കുക്കയും ചെയ്‌തു.
ഇതെല്ലാം കാണുമ്പോള്‍ ഓര്‍മ്മ വരുന്നത് ജോഷി സംവിധാനം ചെയ്‌ത റണ്‍വേ എന്ന ചിത്രമാണ്. ദിലീപ് അവതരിപ്പിച്ച വാളയാര്‍ പരമശിവം എന്ന കഥാപാത്രം ഏതാണ്ടിതുപോലെയാണ്. സ്‌പിരിറ്റ് കള്ളക്കടത്തുകാരനായ ദിലീപ് ദീര്‍ഘകാലമായി ജയിലിലാണ്. എന്നാല്‍ താന്‍ ദുബായിലാണെന്ന വിവരമാണ് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും എല്ലാം.
പരോളിനു വരുമ്പോള്‍ നാട്ടിലെ ദുബായ് ഷോപ്പില്‍ നിന്നും ഗള്‍ഫ് സാധനങ്ങളുമായി വരുന്ന ദിലീപിന്റെ ആ രസകരമായ കഥാപാത്രം പോലെയാണ് ജയിലിലെ ഇവരുടെ പ്രകടനം കാണുമ്പോള്‍ തോന്നുന്നത്.
ഇവര്‍ക്കോരോരുത്തര്‍ക്കും മുന്നൂറു മുതലുള്ള ഫേസ്‌ബുക്ക് സുഹൃത്തുക്കളുണ്ട്. ഇതില്‍ ഏറ്റവുമധികം സുഹൃത്തുക്കളുള്ളത് മുഹമ്മദ് ഷാഫിക്കാണ്. 911 സുഹൃത്തുക്കളുണ്ട് ഷാഫിക്ക്. 599 ഫോട്ടോയും ഇട്ടിട്ടുണ്ട്.
ഒന്നാം പ്രതി അനൂപ്, രണ്ടാം പ്രതി മനോജ് കിര്‍മാനി, മൂന്നാം പ്രതി കൊടി സുനി, അഞ്ചാം പ്രതി മുഹമ്മദ് ഷാഫി, ആറാം പ്രതി അണ്ണന്‍ സിജിത്ത്, ഏഴാം പ്രതി ഷിനോജ് കോഹിന്നൂര്‍ , ഇരുപത്തി അഞ്ചാം പ്രതി രജിത്ത് കോമ്പാറ എന്നിവരാണ് ജയിലില്‍ നിന്നും ഫേസ് ബുക്കിലേക്ക് ഒഴുകിയ താരങ്ങള്‍ .
ഇവരും ഏതാണ്ട് ദിലീപിന്റെ വാളയാര്‍ പരമശിവം കഥാപാത്രത്തിന്റെ ദുബായ് മൂഡിലാണ്. ഗള്‍ഫിലെ അതേ അവസ്ഥ. ലീവിന് നാട്ടിലെത്തുന്നതു പോലെ പരോള്‍ കിട്ടുമ്പോള്‍ വീട്ടിലെത്താം. ഇടയ്‌ക്കിടയ്‌ക്ക് വീട്ടുകാരെയോ ബന്ധുക്കളേയോ വിളിക്കുകയും ചെയ്യാം. പുതുപുത്തന്‍ ഡ്രസുമണിഞ്ഞുള്ള ഫോട്ടോകള്‍ ഫേസ് ബുക്കിലിടാം.
അതിലൂടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും പ്രണയിനികള്‍ക്കും അയയ്‌ച്ചു കൊടുക്കുകയും ചെയ്യാം. പിന്നെ മേലനങ്ങി ജോലി ചെയ്യേണ്ട. രാഷ്‌ട്രീയ തടവുകാരെന്ന മേല്‍വിലാസമുള്ളതിനാല്‍ എല്ലാവരുടെ ഇടയിലും ഹീറോ. ഇഷ്‌ടം പോലെ ജീവിക്കാം. ഒരു പോലീസുകാരനും ചേദിക്കില്ല.
അങ്ങനെ സസുഖം ദുബായില്‍ വാണിരുന്ന ഈ ചേറുപ്പക്കാര്‍ക്ക് ഫേസ്‌ബുക്ക് തന്നെ അവസാനം പാരയുമായി. അവര്‍ ആരോരുമറിയാതെ സുഹൃത്തുക്കള്‍ക്കായി ഫേസ്‌ബുക്കിലിട്ട ഫോട്ടോകളെല്ലാം നാട്ടുകാരെല്ലാവരും കണ്ടു. ഇവരെ തിരിച്ചറിഞ്ഞ ചില നേതാക്കന്മാര്‍ തിരുവഞ്ചൂരിനെ കളിയാക്കാനായി ഇത് വെളിച്ചത്ത് കൊണ്ടു വന്നെന്നാണ് അവസാനം അറിയാന്‍ കഴിഞ്ഞത്. അങ്ങനെ കൊടി സുനിയെന്നും കിര്‍മാണി മനോജെന്നും പേരുമാത്രം അറിയാവുന്ന മലയാളികള്‍ക്ക് ഇന്ന് ഇവരെല്ലാം സുപരിചിതര്‍ . ഇവരെക്കാണാനായി ആഭ്യന്തരമന്ത്രി പോലും ജയിലില്‍ നേരിട്ടെത്തിയില്ലേ!
എന്തായാലും ഇവരുടെ ദുബായ് ജീവിതത്തിന് തത്‌ക്കാലം മങ്ങലേറ്റിരിക്കുകയാണ്. അതിനാല്‍ ഇനി ലീവ് കിട്ടിയിട്ടുവേണം ( പരോള്‍ ) അടുത്ത ഫേസ്‌ബുക്ക് പോസ്റ്റിടാന്‍ . അതുവരെ തല്‌ക്കാലം വാര്‍ത്തകളില്‍ നിറയാതെ സ്വാതന്ത്രത്തിന് നിയന്ത്രണമുള്ള അടുത്ത (ഗള്‍ഫ് രാജ്യത്തേക്ക്) ജയിലിലേക്ക്…
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha