വിവാദങ്ങള്‍ക്കൊടുവില്‍ അന്വേഷണം... ചക്കിട്ടപ്പാറ ഖനനാനുമതി വിജിലന്‍സ് അന്വേഷിക്കാന്‍ ഉത്തരവ്

ചക്കിട്ടപ്പാറ ഖനനം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. കാക്കൂര്‍, മാവൂര്‍ എന്നിവിടങ്ങളിലെ ഖനനവും അന്വേഷിക്കും. വ്യവസായ വകുപ്പിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വ്യവസായ വകുപ്പ് ഇത് സംബന്ധിച്ച ഫയല്‍ വിജിലന്‍സിന് കൈമാറി.
ചക്കിട്ടപ്പാറ ഖനന വിവാദത്തില്‍ അന്വേഷണം നടത്തുന്നത് സംബന്ധിച്ച് ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായിരുന്നില്ല. വ്യവസായ വകുപ്പ് വിഷയം പഠിക്കുകയാണ്. വ്യവസായ വകുപ്പിന്‍റെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
കോഴിക്കോട് ചക്കിട്ടപ്പാറയടക്കമുള്ള പശ്ചിമഘട്ടമേഖലയിലെ 2500 ഏക്കര്‍സ്ഥലം ഇരുമ്പയിര് ഖനനത്തിനായി അനുവദിച്ച കഴിഞ്ഞ സര്‍ക്കാറിന്റെ തീരുമാനം വിവാദമായതിനെ തുടര്‍ന്ന് ചക്കിട്ടപ്പാറ ഇരുമ്പയിര് ഖനനത്തിനുള്ള അനുമതി വ്യവസായ വകുപ്പ് അനുമതി റദ്ദാക്കിയിരുന്നു.
ചക്കിട്ടപ്പാറയിലെ ഇരുമ്പയിര് ഖനനത്തിന് ബെല്ലാരിയിലെ എം.എസ്.പി.എല്ലിന് 2009ലാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതിനായി 406.45 ഹെക്ടര്‍ ഭൂമിയാണ് പാട്ടത്തിന് നല്‍കിയിരുന്നത്. 2011ല്‍ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ അവസാന കാലത്ത് ഖനനത്തിന് തത്വത്തില്‍ അംഗീകാരം നല്‍കി. പശ്ചിമഘട്ട മലനിരകളില്‍ പെടുന്ന പരിസ്ഥിതി ദുര്‍ബല പ്രദേശമാണ് ചക്കിട്ടപ്പാറ. വനഭൂമിയും പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കൈവശമുള്ള എസ്‌റ്റേറ്റും ഉള്‍പ്പെടുന്ന പ്രദേശം ഖനനത്തിനായി നിശ്ചയിച്ചിരിക്കുന്നത്. വനഭൂമിയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ചട്ടവിരുദ്ധമാണ്.
ഖനന വിവാദത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കാത്തതിനെതിരെ രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. അന്വേഷണം വൈകുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അമര്‍ഷമുണ്ടെന്ന് മുഖ്യമന്ത്രിക്കയച്ച കത്തില്‍ ചെന്നിത്തല വ്യക്തമാക്കി. ഇനിയും അന്വേഷണം വൈകുന്നത് ജനങ്ങളില്‍ സംശയമുണ്ടാക്കുമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നു.
ഖനന വിവാദം സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ ആവശ്യപ്പെട്ടത്. ഇതേ ആവശ്യം ചീഫ് വിപ്പ് പി സി ജോര്‍ജ്ജും ഉന്നയിച്ചു.
https://www.facebook.com/Malayalivartha