പിഞ്ചു കുഞ്ഞിന്റെ മരണത്തിന് പിന്നില്‍ ചികിത്സാപ്പിഴവില്ല

എസ്.എ.ടി. ആശുപത്രിയില്‍ കഴിഞ്ഞ ഞായറാഴ്ച മരണമടഞ്ഞ മാറനല്ലൂര്‍ വിലങ്ങറത്തല കിഴക്കുംകര വീട്ടില്‍ സുരേഷ് ബാബു-രമ്യ ദമ്പതികളുടെ നാലുമാസം പ്രായമായ മകള്‍ രുദ്ര മരണമടഞ്ഞത് ചികിത്സാ പിഴവുമൂലമല്ലെന്ന് മെഡിക്കല്‍ കോളേജ്എസ്.എ.ടി. ആശുപത്രി സൂപ്രണ്ടുമാര്‍. ഗുരുതരമായ പോഷകാഹാര കുറവുമൂലം കുട്ടികള്‍ക്കുണ്ടാകുന്ന സിവിയര്‍ അക്യൂട്ട് മാല്‍ ന്യൂട്രീഷന്‍ എന്ന അസുഖത്തിന്റെ മൂര്‍ധന്യാവസ്ഥയിലാണ് രുദ്ര മരണമടഞ്ഞത്. എത്രനല്ല പരിചരണം നല്‍കിയാലും ഈ അസുഖത്തിന്റെ സങ്കീര്‍ണതകള്‍ ബാധിച്ചു കഴിഞ്ഞാല്‍ മറ്റുകുട്ടികളെ അപേക്ഷിച്ച് മരണനിരക്ക് വളരെ കൂടുതലാണ്. 30 മുതല്‍ 50 ശതമാനം വരെയാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്ന മരണ നിരക്ക്.
ഈ അസുഖത്തിന് സാധ്യമായ എല്ലാ ചികിത്സകളും ഈ കുട്ടിക്ക് നല്‍കിയിട്ടുണ്ടെന്ന് ആശുപത്രി രേഖകളിലുണ്ടെന്നും അവര്‍ വ്യക്തമാക്കി. എസ്.എ.ടി. ആശുപത്രിയിലെ ശിശുരോഗ വിഭാഗത്തിലെ പ്രൊഫസറുടെ നേതൃത്വത്തില്‍, സീനിയര്‍ ഡോക്ടര്‍മാര്‍, തീവ്രപരിചരണത്തില്‍ പ്രത്യേക വൈദഗ്ധ്യം നേടിയ രണ്ട് ശിശുരോഗ വിദഗ്ധര്‍, പി.ജി. ഡോക്ടര്‍മാര്‍ എന്നിവടങ്ങിയ വിദഗ്ധ സംഘമാണ് രുദ്രയ്ക്ക് ചികിത്സ നല്‍കിയത്.
ജൂണ്‍ ഇരുപത്തിയെട്ടാം തീയതിയാണ് ഗുരുതരമായ പോഷകാഹാര കുറവുമൂലം രുദ്രയെ എസ്.എ.ടി. ആശുപത്രിയില്‍ അഡ്മിറ്റാക്കിയത്. തുടര്‍ന്നു നടത്തിയ വിദഗ്ധ പരിശോധനകളിലൂടെയാണ് ഗുരുതരമായ പോഷകാഹാര കുറവുമൂലം കുട്ടികള്‍ക്കുണ്ടാകുന്ന സിവിയര്‍ അക്യൂട്ട് മാല്‍ ന്യൂട്രീഷന്‍ എന്ന അസുഖമാണെന്ന് സ്ഥിരീകരിച്ചത്. അമിതമായി നേര്‍പ്പിച്ച പാല്‍പ്പൊടി, കുറുക്കുകള്‍ എന്നിവയാണ് വെറും നാലുമാസം പ്രായമായ കുഞ്ഞിന് നല്‍കിയിരുന്നത്. ഏകദേശം അഞ്ചര കിലോഗ്രാം തൂക്കം ആവശ്യമുള്ള കുഞ്ഞിന് കേവലം മൂന്നു കിലോഗ്രാം തൂക്കം മാത്രമേയുണ്ടായിരുന്നുള്ളൂ. ഈ അവസ്ഥയില്‍ വരുന്ന കുട്ടികള്‍ക്ക് ഉണ്ടാകുന്ന സങ്കീര്‍ണതകളും അവസ്ഥാവിശേഷങ്ങളുമാണ് പിന്നീട് ഈ കുട്ടിക്കുണ്ടായത്. ഇക്കാരണം കൊണ്ടാണ് കുട്ടിയുടെ തൊലി ഇളകിപ്പോയത്. നാപ്കിന്‍ വച്ചോ, ക്രീം പുരട്ടിയോ തൊലിയിളകിയെന്നു പറയുന്നത് ഒരു കാരണമേയല്ല.
സിവിയര്‍ അക്യൂട്ട് മാല്‍ ന്യൂട്രീഷന്‍ എന്ന രോഗം വന്നാല്‍ അത് ശരീരത്തിലെ മറ്റ് എല്ലാ അവയവങ്ങളേയും ഗുരുതരമായി ബാധിക്കും. പെട്ടെന്ന് ബി.പി. കുറയുകയും ഷോക്കെന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യും. ശരീരത്തില്‍ നീര്, പൃഷ്ടഭാഗം, കാലിടുക്കുകള്‍, കക്ഷം, കഴുത്ത്, മുഖം തുടങ്ങിയ എല്ലാ ഭാഗങ്ങളിലും തൊലി പൊട്ടിപ്പൊളിയുക എന്നതാണ് ഈ രോഗത്തിന്റെ തുടക്കം. തീവ്രമായ പ്രതിരോധക്കുറവ് കാരണം ന്യൂമോണിയ, വയറിളക്കം, സെപ്റ്റിസീമിയ തുടങ്ങിയ ഗുരുതരമായ രോഗാവസ്ഥകള്‍ക്കും ഇത് കാരണമാകാം. ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളായ ഹൃദയം, വൃക്കകള്‍, തലച്ചോറ്, കരള്‍ എന്നിവയുടെ പ്രവര്‍ത്തനവും തകരാറിലാകും. അതിനോടൊപ്പം രക്താണുക്കളുടെ എണ്ണം കുറയുകയും തത്ഫലമായി രക്തം കട്ടപിടിക്കാതിരുന്ന് ഗുരുതര രക്തസ്രാവം ഉണ്ടാകാനും സാധ്യതയുണ്ട്. രുദ്ര എന്ന കുഞ്ഞിനേയും ഈ അവസ്ഥയിലാണ് എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
നാപ്കിന്‍ വച്ച് തുടയിടുക്കുകളിലെ തൊലിയിളകി എന്ന കാരണവുമായാണ് രുദ്രയെ ആദ്യമായി എസ്.എ.ടി. ആശുപത്രി ഒ.പി.യിലെത്തിയത്. കുട്ടിക്ക് മറ്റ് ബാഹ്യമായ പ്രശ്‌നങ്ങളൊന്നും ഇല്ലാത്തതിനാല്‍ ത്വക്കുരോഗ വിദഗ്ധനെ കാണിക്കാന്‍ റഫര്‍ ചെയ്തു. അങ്ങനെയാണ് മെഡിക്കല്‍ കോളേജിലെ ത്വക്കുരോഗ വിദഗ്ധനെ കാണിച്ചത്. ചെറിയ കുഞ്ഞായതിനാല്‍ കുട്ടിയ്ക്ക് മറ്റ് പാര്‍ശ്വ ഫലങ്ങളൊന്നുമില്ലാത്ത മരുന്നാണ് നല്‍കിയത്. തുടര്‍ന്ന് കുട്ടിയ്ക്ക് വേറെ പല രോഗ ലക്ഷണവും കണ്ടതിനാലാണ് എസ്.എ.ടി. ആശുപത്രിയില്‍ വീണ്ടും റഫര്‍ ചെയതത്. അന്നുമുതല്‍ ഈ രോഗാവസ്ഥയ്ക്കാവശ്യമായ എല്ലാ ചികിത്സകളും നല്‍കി വന്നു. അതോടെ കുട്ടിയുടെ തൂക്കം മെല്ലെ കൂടുകയും കാര്യമായ പുരോഗതി ഉണ്ടാകുകയും ചെയ്തു. എന്നാല്‍ കുട്ടിയുടെ പ്രതിരോധ ശേഷി മോശമായ അവസ്ഥയായതിനാല്‍ പെട്ടെന്ന് കുട്ടിക്ക് വയറിളക്കം ബാധിക്കുകയും നിര്‍ജലീകരണം മൂലം ഗുരുതരമായ അവസ്ഥയിലാകുകയും ചെയ്തു.
ഉടന്‍തന്നെ കുട്ടിയെ (ആറാം തീയതി ഉച്ചയോടെ) കുട്ടികളുടെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അവിടെവച്ച് ഇത്തരം അവസ്ഥകളില്‍ കൊടുക്കേണ്ട എല്ലാ ചികിത്സകളും കുട്ടിക്ക് നല്‍കി. കരളിന്റെ പ്രവര്‍ത്തനം മോശമാവുകയും ക്രമേണ രക്തം കട്ടപിടിക്കാതിരിക്കുക, വൃക്കകളുടേയും ഹൃദയത്തിന്റേയും പ്രവര്‍ത്തനം തകരാറിലാകുക തുടങ്ങിയ ഈ അസുഖത്തിന്റെ സങ്കീര്‍ണതകളും കുട്ടിയെ ബാധിച്ചു. തുടര്‍ന്ന് ഈ ഘട്ടത്തില്‍ കുട്ടിയ്ക്ക് നല്‍കാവുന്ന മികച്ച മരുന്നുകള്‍ നല്‍കുകയും ഡയാലിസിസ് നടത്തുകയും ചെയ്തു. എന്നാല്‍ ഇതിനു ശേഷവും കുട്ടിയുടെ അവസ്ഥ ഗുരുതരമായി തുടര്‍ന്നു. ശ്വാസോഛ്വാസത്തിന് തടസം നേരിട്ടപ്പോള്‍ കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റി. സാധ്യമായ എല്ലാ ചികിത്സകളും നല്‍കിയിരുന്നെങ്കിലും കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചേ കുട്ടി മരണമടയുകയായിരുന്നു.
https://www.facebook.com/Malayalivartha