റവന്യൂ അഭിഭാഷക സുശീല ഭട്ടിനെ മാറ്റി, സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ഹാരിസണ്‍ കേസ് നിര്‍ണായക ഘട്ടത്തിലിരിക്കവെ പ്രത്യേക അഭിഭാഷക സുശീല ഭട്ടിനെ മാറ്റി. ഹാരിസണ്‍, കരുണ എസ്‌റ്റേറ്റ് തുടങ്ങിയ സുപ്രധാന റവന്യൂ കേസുകള്‍ കൈകാര്യം ചെയ്തിരുന്ന സുശീല ഭട്ടിനെയാണ് സര്‍ക്കാര്‍ തല്‍സ്ഥാനത്ത് നിന്ന് നീക്കിയത്.
പുതിയ സര്‍ക്കാര്‍ വന്ന സാഹചര്യത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം എല്‍ഡിഎഫ് തലത്തില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.സുശീല ഭട്ടിനെ മാറ്റിയ നിലപാട് തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പിണറായി ഏകാധിപതിയാകാനാണ് ശ്രമിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം തീരുമാനം സംസ്ഥാന താത്പര്യത്തിന് ഏതിരാണെന്നും പറഞ്ഞു.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രത്യേക ഉത്തരവിലൂടൊണ് സുശീല ഭട്ടിനെ റവന്യൂ അഭിഭാഷകയായി നിയമിച്ചത്. ഹൈക്കോടതിയുടെ പരിധിയിലുള്ള നിരവധി ഭൂമിയിടപാടുകളുടെ ചുമതല കഴിഞ്ഞ 10 വര്‍ഷത്തോളമായി സുശീല ഭട്ടിനായിരുന്നു.
ഈ കേസുകളിലെല്ലാം നിര്‍ണായക ഇടപെടലുകളാണ് ഇവര്‍ നടത്തിയിരുന്നത്. ഇതേ തുടര്‍ന്നാണ് ഹാരിസണ്‍ ഭൂമി ഏറ്റെടുക്കുന്നതിന് കലക്ടര്‍ രാജമാണിക്യത്തിന്റെ പിന്തുണയോടെ പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ തീരുമാനമായത്. ഹാരിസണ്‍ ഭൂമി ഇടപാടില്‍ സര്‍ക്കാരിനായി കടുത്ത നിലപാടാണ് ഇവര്‍ സ്വീകരിച്ചത്. കേസ് അവസാനഘട്ടത്തിലിരിക്കെയാണ് ഇവരുടെ സ്ഥാനമാറ്റം.
https://www.facebook.com/Malayalivartha