എറണാകുളം ലോ കോളേജ് ചെയര്‍മാന്‍ അനന്തവിഷ്ണു ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

എറണാകുളം ലോ കോളേജില്‍ കെഎസ്യു വിന്റെ ആധിപത്യം പത്തു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടെടുത്ത നിലവിലെ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അനന്ദ വിഷ്ണു ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. നാലാംവര്‍ഷ നിയമ വിദ്യാര്‍ത്ഥി അനന്തവിഷ്ണു കൊടകര മറ്റത്തൂര്‍ക്കുന്നില്‍ വിഷ്ണു നിവാസില്‍ ചിറ്റഴിയത്ത് സോമസുന്ദരന്റെയും വടക്കേ പുത്തന്‍വീട്ടില്‍ സുമയുടെയും മകനാണ്. നിലമ്പൂരിലായിരുന്ന ഇവര്‍ ഏതാനും മാസം മുന്‍പാണു മറ്റത്തൂര്‍കുന്നില്‍ താമസമാക്കിയത്.
കല്ലേറ്റുങ്കര റെയില്‍വെ സ്റ്റേഷനില്‍ നിന്നു വീട്ടിലേക്കു ബൈക്കില്‍ വരുന്നതിനിടെ അജ്ഞാത വാഹനമിടിച്ചാണ് മരിച്ചതെന്നാണ് ലഭ്യമായ പ്രാഥമീക വിവരം. പുലിപ്പാറക്കുന്ന്കുട സ്റ്റോപ്പിനടുത്ത് വച്ച് അപകടത്തില്‍ പെട്ടു കിടക്കുന്ന നിലയില്‍ നാട്ടുകാരാണ് ആദ്യം അനന്ത വിഷ്ണുവിനെ കണ്ടെത്തിയത്. അപകടം നടന്നത് എങ്ങനെയാണെന്ന് ഇതു വരെ വ്യക്തമായിട്ടില്ല. ബൈക്കില്‍ നിന്നും തെറിച്ചു വീണ് തലക്കു ക്ഷതമേറ്റാണ് മരണം സംഭവിച്ചത്.
എസ്എഫ്‌ഐ യുടെ കുത്തകയില്‍ നിന്നു ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ചു ജയിച്ച അനന്ത വിഷ്ണുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് സുഹൃത്തുക്കളുടെ പക്ഷം. പത്തു വര്‍ഷക്കാലമായി എസ്എഫ്‌ഐയുടെ കുത്തക ആയിരുന്നു ലോ കോളേജ്. സാമൂഹിക പ്രശ്‌നങ്ങളിലും മറ്റും സജീവമായി ഇടപെടുന്ന വ്യക്തിയായിരുന്നു അനന്തവിഷ്ണു. അതിനാല്‍ തന്നെ നിരവധി ശത്രുക്കളും ഉണ്ടായിരുന്നതായി സുഹൃത്തുക്കള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha