രാമായണ മാസാചരണം: വടക്കുന്നാഥ ക്ഷേത്രത്തില്‍ ആനയൂട്ടിന്റെ തുടക്കം കുറിച്ച് മഹാഗണപതി ഹോമം

രാമായണ മാസാചരണത്തോടനുബന്ധിച്ച് വടക്കുന്നാഥ ക്ഷേത്രത്തിലെ ആനയൂട്ടിന്റെ തുടക്കം കുറിച്ച് മഹാഗണപതി ഹോമം നടത്തി. ഇതിനായി മാത്രം തയാറാക്കിയ വലിയ ഹോമകുണ്ഡത്തിലാണ് പുലര്‍ച്ചെ ഗണപതിഹോമം നടത്തിയത്. മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന ഹോമമാണിത്.
കര്‍ക്കടകത്തിലെ കടുത്ത മഴയുടെ ദുരന്തങ്ങളില്‍നിന്നു നാടിനെ രക്ഷിക്കാനുള്ള പ്രാര്‍ഥനയാണിത്. ആനയൂട്ടില്‍ 60 ആനകളാണ് പങ്കെടുക്കുന്നത്. പ്രത്യേക ബാരിക്കേഡിനുള്ളിലാണ് ആനകളെ നിര്‍ത്തുക. കാണികള്‍ക്ക് ആനകള്‍ക്കു ഭക്ഷണം നല്‍കാനാകില്ല. ഇതിനായി വൊളന്റിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. 9.30ന് ആനയൂട്ടു തുടങ്ങും. 10 മണിയോടെ ആനകള്‍ പുറത്തേക്കു പോകും.
പ്രശസ്തമായ നാലമ്പല ദര്‍ശനവും ഇന്നു തുടങ്ങും. തൃപ്രയാര്‍ ശ്രീരാമക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍ മാണിക്യ ക്ഷേത്രം, മൂഴിക്കുളം ലക്ഷ്ണ ക്ഷേത്രം, പായമ്മല്‍ ശത്രുഘ്‌ന ക്ഷേത്രം എന്നീ ക്ഷേത്രങ്ങളില്‍ ഒരേ ദിവസം ദര്‍ശനം നടത്തുന്നതാണ് നാലമ്പല ദര്‍ശനം. ഈ ക്ഷേത്രങ്ങളിലെല്ലാം ദര്‍ശന സമയം വര്‍ധിപ്പിച്ചിട്ടുണ്ട്. രാവിലെ മൂന്നിനു തുറക്കുന്ന തൃപ്രയാര്‍ ക്ഷേത്രമാണ് ഇതില്‍ ആദ്യം തുറക്കുന്ന ക്ഷേത്രം.
ഐശ്വര്യത്തിനായി ശ്രീഭഗവതിയെ വീടുകളില്‍ വച്ചു ആരാധിക്കുന്നതും ഇന്നു തുടങ്ങും. വാല്‍ക്കണ്ണാടിയിലാണ് ഭഗവതീ സങ്കല്‍പം. ദശപുഷ്പങ്ങള്‍ സമര്‍പ്പിച്ചു തുളസികൊണ്ടാണ് പൂജിക്കുക. വസ്ത്രം, അരി, നെല്ല്, കണ്‍മഷി, ചാന്ത്, ചന്ദനം, വെറ്റില, അടയ്ക്ക എന്നിവ താലത്തില്‍ സമര്‍പ്പിക്കും. ഇതിനു നടുവിലാണ് വസ്ത്രത്തിനു മുകളിലായി ഭഗവതീ സങ്കല്‍പമുള്ള വാല്‍ക്കണ്ണാടി വയ്ക്കുക. കര്‍ക്കടകം തീരുംവരെ ഇതു തുടരും.
https://www.facebook.com/Malayalivartha