കറുകുറ്റി ട്രെയിന്‍ അപകടം; റെയില്‍വേ ഉദ്യേഗസ്ഥന്റെ സസ്പെന്ഷന് പിന്‍വലിച്ചു
സസ്പെന്ഷന് എന്ന നാടകം കളിച്ച് റെയില്‍വേ വീണ്ടും ആളുകളുടെ കണ്ണില്‍ പൊടിയിട്ടു. അങ്കമാലിയില്‍ ട്രെയിന്‍ പാളം തെറ്റിയ സംഭവത്തില്‍ റെയില്‍വേ ഉദ്യോസ്ഥന്റെ സസ്പെന്ഷന് പിന്‍വലിച്ചു. വിശദമായ തെളിവെടുപ്പിനുശേഷമാണ് ആലുവയിലെ പെര്‍മനന്റ് വേ ഇന്‍സ്പെക്ടറായ ഉണ്ണികൃഷ്ണന്റെ സസ്പെന്ഷന് റദ്ദാക്കിയത്.
അങ്കമാലിയിലെ കറുകുറ്റിയില്‍ പാളം തെറ്റിയ സംഭവത്തിന് കാരണം ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അറ്റകുറ്റപ്പണിയുടെ മേല്‍നോട്ട ചുമതലയുള്ള പെര്‍മനന്റ് വേ ഇന്‍സ്പക്ടര്‍ ഉണ്ണികൃഷ്ണനെ റെയില്‍ ഡിവിഷണല്‍ എഞ്ചിനീയര്‍ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. തകരാറിലായ പാളം വേണ്ട വിധത്തില്‍ അറ്റകുറ്റപ്പണി നടത്താത്തതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. എന്നാല്‍, പാളത്തിന് വിള്ളലുണ്ടെന്ന് ഉദ്യോഗസ്ഥര്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്ന തെളിവിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന് പിന്‍വലിച്ചിരിക്കുന്നത്.
റെയില്‍വെയുടെ പരിശോധനയില്‍ പാളത്തിന് വിള്ളല്‍ കണ്ടെത്തിയിരുന്നു. വിള്ളലുള്ള ഭാഗം മുറിച്ചു മാറ്റി വെല്‍ഡ് ചെയ്തു പിടിപ്പിക്കുന്നതിന് പകരം സ്ക്രൂ ഉപയോഗിച്ച് മുറുക്കുക മാത്രമാണ് ചെയ്തത്. തീവണ്ടി കടന്നുപോയപ്പോള്‍ വിള്ളല്‍ വലുതാകുകയും പാളം പൊട്ടിമാറുകയും ചെയ്തു എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പാളങ്ങളുടെ അറ്റകുറ്റപ്പണികളുടെ മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥനെ റെയില്‍വെ സസ്പെന്‍ഡ് ചെയ്തത്.
എന്നാല്‍, ഉന്നത ഉദ്യോഗസ്ഥരുടെ പിഴവുകള്‍ മറയ്ക്കാന്‍ കീഴ് ഉദ്യോഗസ്ഥരെ ബലിയാടുകളാക്കുകയാണ് എന്നാരോപിച്ച് ഉദ്യോഗസ്ഥര്‍ നടത്തിയ പ്രതിഷേധം ശക്തമായതോടെയാണ് ഉദ്യോഗസ്ഥനെ തിരിച്ച് എടുത്തത്. വിശദമായ അന്വേഷണത്തിന് റെയില്‍വെ ഉത്തരവിട്ടിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം.
ഞായറാഴ്ച പുലര്‍ച്ചെ 2.15നാണ് അങ്കമാലി കറുകുറ്റി സ്റ്റേഷനില്‍ തിരുവനന്തപുരംമംഗലാപുരം എക്സ്പ്രസ് പാളം തെറ്റിയത്. പത്ത് കംപാര്‍ട്ടുമെന്റുകള്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് താറുമാറായ കേരളത്തിലെ റെയില്‍ ഗതാഗതം ഇനിയും പൂര്‍ണമായി പുനഃസ്ഥാപിച്ചിട്ടില്ല.
https://www.facebook.com/Malayalivartha