എന്റെ മോള്‍ അനുഭവിച്ച വേദന മുഴുവന്‍ അവനും അറിയണം; ഗോവിന്ദച്ചാമിയെ തൂക്കിലേറ്റിയെന്ന വാര്‍ത്ത കേട്ട് മരിക്കണമെന്നാണ് എപ്പോഴുമുള്ള പ്രാര്‍ത്ഥനയെന്ന് സൗമ്യയുടെ അമ്മ

സൗമ്യ കേസിലെ വിധി വന്നപ്പോള്‍ ആ അമ്മ ആകെ തകര്‍ന്നു പോയി. എന്റെ മോള്‍ അനുഭവിച്ച വേദന മുഴുവന്‍ അവനും അറിയണം. അവനെ തൂക്കിലേറ്റിയെന്ന വാര്‍ത്ത കേട്ടിട്ടായിരിക്കണം എന്റെ മരണമെന്നാണ് എപ്പോഴുമുള്ള പ്രാര്‍ത്ഥന. ഇതിപ്പോള്‍ നെഞ്ചുപൊട്ടുന്ന വിധിയായിപ്പോയി...' സങ്കടവും നിരാശയും ദേഷ്യവും ഒരുമിച്ചെത്തിയപ്പോള്‍ നിസഹായയായി പൊട്ടിക്കരയുകയായിരുന്നു ഇന്നലെ ഷൊര്‍ണൂരിലെ വസതിയില്‍ സൗമ്യയുടെ അമ്മ സുമതി.
സുപ്രീംകോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്നായിരുന്നു അവര്‍ ഏറെ പ്രതീക്ഷിച്ചിരുന്നത്. ഇനി റിവ്യൂ ഹര്‍ജിയുമായി മുന്നോട്ടുപോകാനാണ് തീരുമാനം. സന്ധ്യാ മാഡം വിളിച്ചിരുന്നു. വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യാമെന്ന് അവര്‍ പറഞ്ഞു.
'ഗുരുതരമായ പിഴവാണ് സംഭവിച്ചത്. ഒന്നും അറിയാത്ത വക്കീലിനെ കോടതിയില്‍ കൊണ്ടുവച്ചിട്ട് തെളിവ് എവിടെയെന്ന് ചോദിച്ചാല്‍ അവരെന്ത് പറയും ?. കേസിന്റെ എല്ലാ വശങ്ങളും പഠിച്ച വക്കീലിനെയല്ലേ അയയ്‌ക്കേണ്ടത്. ഇങ്ങനെയൊരു കാര്യം ചെയ്യുമ്പോള്‍ നമ്മളോട് ഒരു വാക്ക് പറയണ്ടേ. വക്കീലിനെ മാറ്റുകയോ മറ്റോ ചെയ്യുമ്പോള്‍ സൗമ്യയുടെ അമ്മ എന്ന നിലയിലെങ്കിലും എന്നെ അറിയിക്കണ്ടേ. കീഴ്‌ക്കോടതിയിലും ഹൈക്കോടതിയിലും വാദിച്ച വക്കീലും ആരും ഒന്നും അറിയാത്ത ഒരു സംഭവമാണിത്. ഇപ്പോഴത്തെ ഭരണകൂടമാണ് ഇതൊക്കെ ചെയ്തത്. ഈ രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോയത് എന്തുകൊണ്ടാണെന്ന് അറിയില്ല. കീഴ്‌ക്കോടതിയിലും ഹൈക്കോടതിയിലും കേസ് വാദിച്ച അഡ്വ. സുരേശനെ തന്നെ സുപ്രീംകോടതിയിലും അയയ്ക്കണമെന്ന് പലതവണ ഞാന്‍ ആവശ്യപ്പെട്ടിരുന്നു.
കേസ് പുനരന്വേഷിക്കേണ്ട ഒരു ആവശ്യവുമില്ല. വളരെ ഭംഗിയായിട്ടാണ് സാറന്‍മാര്‍ കേസ് അന്വേഷിച്ചത്. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് അവരിതൊക്കെ ചെയ്തത്. പലപ്പോഴും അവരെ ഞാന്‍ വിളിക്കുന്ന സമയത്ത് എന്റെ മോളുടെ കാര്യത്തിന് ഒരു ഗഌസ് വെള്ളം പോലും കിട്ടാത്ത നാട്ടില്‍ പോയി ബുദ്ധിമുട്ടുകയായിരുന്നു. ഇത്രയും കാര്യങ്ങള്‍ വക്കീല്‍ നല്ല രീതിയില്‍ പഠിച്ച് കോടതിയില്‍ കയറിയാല്‍ മതി'. സുമതി പറഞ്ഞു
https://www.facebook.com/Malayalivartha