സൗമ്യ വധക്കേസില്‍ തിരിച്ചടിയായത് സര്‍ക്കാരിന്റെ അമിത ആത്മവിശ്വാസമോ..?

വിചാരണ കോടതിയിലും ഹൈക്കോടതിയിലും വധശിക്ഷ ശരിവെച്ച കേസില്‍ സര്‍ക്കാര്‍ കാട്ടിയ അമിത ആത്മവിശ്വാസം തന്നെയാണ് സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടിക്ക് കാരണമായത്. ഇനി കേസില്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയാല്‍ പോലും അതിലൂടെ സൗമ്യക്ക് നീതി കിട്ടാനുള്ള സാധ്യത ഒരുശതമാനം പോലും ഇല്ല.
സൗമ്യവധക്കേസിലെ വാദപ്രതിവാദങ്ങളെ ചൊല്ലി ഉയര്‍ന്ന വിവാദങ്ങളുടെ ചൂടാറും മുമ്പാണ് സുപ്രീംകോടതിയുടെ വിധി വന്നത്. സുപ്രീംകോടതിയില്‍ കേസ് വാധിക്കാന്‍ മുതിര്‍ന്ന അഭിഭാഷകനായ തോമസ് പി. ജോസഫിനെ തീരുമാനിച്ചത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ അഡ്വക്കേറ്റ് ജനറലായിരുന്ന കെ.പി.ദണ്ഡപാണിയായിരുന്നു. സര്‍ക്കാര്‍ മാറി പുതിയ സ്റ്റാന്റിംഗ് കോണ്‍സല്‍മാര്‍ വന്നു. സര്‍ക്കാരിനെ സംബന്ധിച്ച ഏറെ പ്രധാനപ്പെട്ട കേസുകളില്‍ നടത്തേണ്ട വിലയിരുത്തലുകള്‍ ഈ കേസില്‍ നടന്നില്ല.
സൗമ്യകേസില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് എടുത്ത തീരുമാനങ്ങള്‍ മാറ്റേണ്ടതില്ല എന്നായിരുന്നു പുതിയ അഡ്വക്കേറ്റ് ജനറല്‍ സുധാകരപ്രസാദിന്റെ ഓഫീസും എടുത്തത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ക്രിമിനല്‍ കേസുകളില്‍ കൂടുതല്‍ വൈഭവമുള്ള അഭിഭാഷകരെ വേണമെങ്കില്‍ സര്‍ക്കാരിന് നിയോഗിക്കാമായിരുന്നു. അക്കാര്യം സര്‍ക്കാരിനെ ബോധ്യപ്പെടുത്തുന്നതില്‍ സുപ്രീംകോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരും പരാജയപ്പെട്ടു.
സൗമ്യകേസ് വിചാരണ കോടതിയിലും ഹൈക്കോടതിയിലും നടത്തിയ പബഌക് പ്രോസിക്യുട്ടര്‍ സുരേഷനെ സുപ്രീംകോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനുമായുള്ള ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്താതിരുന്നതും വീഴ്ചയായി. കേസിന്റെ വാദത്തിനിടെ കൊലപാതകത്തിന് തെളിവ് എവിടെ എന്ന കോടതിയുടെ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ സര്‍ക്കാരിന് സാധിച്ചുമില്ല.
സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി എന്നതില്‍ നേരിട്ടുള്ള സാക്ഷിമൊഴിയും ഇല്ല. ഊഹാപോഹങ്ങള്‍ പറയരുതെന്ന മുന്നറിയിപ്പ് സര്‍ക്കാരിന് കോടതി നല്‍കുകയും ചെയ്തു. അടിസ്ഥാനമില്ലാത്ത വാദങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന വിലയിരുത്തലും കോടതി നടത്തി. ഒടുവില്‍ ബലാല്‍സംഗത്തിനുള്ള ജീവപര്യന്തം ശിക്ഷ ശരിവെച്ച കോടതി ഗോവിന്ദച്ചാമിയെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കി. സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം പക്ഷെ, പുനഃപരിശോധന ഹര്‍ജി പരിഗണിക്കുക ഇപ്പോള്‍ കേസില്‍ വിധിപറഞ്ഞ ജഡ്ജിമാരുടെ ചേംബറിലായിരിക്കും. പുറപ്പെടുവിച്ച വിധിയില്‍ നിയമപരമായ പിഴവുകള്‍ ഇല്ലെങ്കില്‍ പുനഃപരിശോധന ഹര്‍ജികള്‍ കോടതി തള്ളാറാണ് പതിവ്.
അതുകൊണ്ട് തന്നെ ഈ കേസില്‍ മറ്റ് സാധ്യതകളൊന്നും സര്‍ക്കാരിന് മുമ്പില്‍ അവശേഷിക്കുന്നില്ല. ജിഷവധ കേസ് ഉള്‍പ്പടെ വരാനിരിക്കുന്ന കേസുകളിലെങ്കിലും ഇപ്പോള്‍ പറ്റിയ പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടികളാണ് സര്‍ക്കാര്‍ ഇനി സ്വീകരിക്കേണ്ടത്.
https://www.facebook.com/Malayalivartha