നവോത്ഥാന നായകരില്‍ ശ്രീനാരായണ ഗുരുവിന്റെ സ്ഥാനം മുന്‍പന്തിയിലെന്ന് മുഖ്യമന്ത്രി

ജാതീയതയുടെയും, സാമ്പത്തികാസമത്വങ്ങളുടെയും ചങ്ങലക്കെട്ടുകളില്‍ ബന്ധിക്കപ്പെട്ടിരുന്ന ഒരു ജനതയെ അവകാശബോധത്തിലേക്ക് ഉയര്‍ത്തുന്നതില്‍ പങ്ക് വഹിച്ച നവോത്ഥാന നായകരില്‍ മുന്നില്‍ നില്‍ക്കുന്ന പേരാണ് ശ്രീനാരായണ ഗുരുവിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
മനുഷ്യരായി പോലും പരിഗണിക്കപ്പെടാതിരുന്ന അധസ്ഥിത വര്‍ഗത്തെ മുഖ്യധാരയിലേക്ക് എത്തിക്കണമെങ്കില്‍ വിദ്യാഭ്യാസം കൂടിയേ തീരൂ എന്ന് മനസിലാക്കിയ നാരായണ ഗുരു 'സംഘടിച്ച് ശക്തരാകുക, വിദ്യ കൊണ്ട് പ്രബുദ്ധരാകുക' എന്ന് ആഹ്വാനം ചെയ്തു.
തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും തങ്ങളുടെ വിധിയാണെന്ന കരുതി മാനസികാടിമത്തത്തില്‍ കഴിഞ്ഞിരുന്ന ഒരു വിഭാഗം മനുഷ്യര്‍ക്ക് അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ പുത്തനുണര്‍വ് നല്‍കി.
അദ്ദേഹം നടത്തിയ അരുവിക്കരയിലെ ശിവപ്രതിഷ്ഠയും, കളവംകോടത്തെ കണ്ണാടി പ്രതിഷ്ഠയും കേരള നവോത്ഥാന ചരിത്രത്തിലെ ഉജ്ജ്വലാധ്യായങ്ങളാണ്.
'ഒരു ഭ്രാന്താലയ'മെന്ന് സ്വാമിവിവേകാനന്ദന്‍ വിശേഷിപ്പിച്ച കേരളത്തെ
'ജാതിഭേദം, മതദ്വേഷം
ഏതുമില്ലാതെ സര്‍വരും
സോദരത്വേന വാണിടുന്ന
മാതൃകാസ്ഥാന'മാക്കി മാറ്റാന്‍ ഒരു പരിധി വരെയെങ്കിലും കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതില്‍ ശ്രീനാരായണ ഗുരുവിന്റെ പങ്ക് വളരെ വലുതാണ്.
സ്വാതന്ത്ര്യം ലഭിച്ച് 69 വര്‍ഷം കഴിഞ്ഞിട്ടും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ജാതീയമായ അടിച്ചമര്‍ത്തലുകളും അനാചാരങ്ങളും നിലനില്‍ക്കുന്നു എന്നത് രാജ്യത്തിനൊട്ടാകെ അപമാനമാണ്. 'നമുക്കു ജാതിയില്ല' എന്ന ഗുരുവിളംബരത്തിന്റെ നൂറാം വര്‍ഷത്തില്‍ തന്നെയാണ് 'ഉന'യും, രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളും അടിച്ചമര്‍ത്തപ്പെട്ടവരുടെ ഉയിര്‍ത്തെഴുന്നേല്പിന് സാക്ഷ്യം വഹിച്ചത് എന്നത് ഏറെ പ്രസക്തമാണ്.
അതു കൊണ്ടു തന്നെ മനുഷ്യസ്‌നേഹത്തില്‍ അധിഷ്ഠിതമായ സമത്വസുന്ദരമായ കേരളത്തെയും ഭാരതത്തെയും നിര്‍മിക്കുവാന്‍ ഗുരുവിന്റെ ചിന്തകളെ മനസ്സിലും ജീവിതത്തിലും ഉള്‍ക്കൊള്ളാന്‍ പ്രേരിപ്പിക്കുന്നതാവട്ടെ ഗുരുദേവജയന്തിയെന്ന് പിണറായി വിജയന്‍ ചതയദിന സന്ദേശത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha