അവ്യക്തത മാറാതെ മെഡിക്കല്‍ പ്രവേശനം, പൂര്‍ത്തിയായെന്ന് അവകാശപ്പെടുമ്പോഴും ഒഴിഞ്ഞു കിടക്കുന്നതു നിരവധി സീറ്റുകള്‍, പ്രവേശനത്തിന് വഴി തേടി മാനേജ്മെന്റുകള്‍

സ്വാശ്രയ മെഡിക്കല്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു എന്നു വ്യക്തമാക്കപ്പെട്ടതിനാല്‍, സീറ്റുകള്‍ അവശേഷിക്കുന്നെങ്കില്‍ എന്തുചെയ്യണമെന്നു സുപ്രീം കോടതി പറഞ്ഞിട്ടില്ല. എന്നാല്‍, കോളജുകള്‍ക്കു സ്വന്തമായി കൗണ്‍സലിങ് നടത്താമെന്ന ഹൈക്കോടതി നിര്‍ദേശം സുപ്രീം കോടതി റദ്ദാക്കിയിട്ടുണ്ട്. ഫലത്തില്‍, സംയുക്ത കൗണ്‍സലിങ് നടത്തണമെന്ന് എന്‍ട്രന്‍സ് കമ്മിഷണര്‍ ആദ്യം നല്‍കിയ ഉത്തരവു വീണ്ടും പ്രാബല്യത്തിലായി.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എംബിബിഎസ് പ്രവേശന നടപടികള്‍ പൂര്‍ത്തിയായെന്ന മാനേജ്മെന്റുകളുടെ വാദം അംഗീകരിച്ചാണ് ഇന്നലത്തെ സുപ്രീം കോടതി ഉത്തരവ്. അതുകൊണ്ടുതന്നെ സീറ്റുകള്‍ അവശേഷിക്കുന്നെങ്കില്‍ അറിയിക്കണമെന്ന എന്‍ട്രന്‍സ് കമ്മിഷണറുടെ നിര്‍ദേശത്തോടു മാനേജ്മെന്റുകള്‍ എങ്ങനെ പ്രതികരിക്കുന്നുവെന്നതു ശ്രദ്ധേയമാകും. പ്രവേശന നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെങ്കില്‍, സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന പ്രശ്നവും മാനേജ്മെന്റുകള്‍ക്കെതിരെ ഉന്നയിക്കപ്പെടാം.
കോഴിക്കോട് കെഎംസിടി, തിരുവനന്തപുരം ഗോകുലം മെഡിക്കല്‍ കോളജുകള്‍ക്ക് ഈ അധ്യയന വര്‍ഷംതന്നെ 150 സീറ്റില്‍ വീതം എംബിബിഎസിനു പ്രവേശനം നല്‍കാന്‍ ജസ്റ്റിസ് ആര്‍.എം.ലോധ അധ്യക്ഷനായ മെഡിക്കല്‍ കൗണ്‍സില്‍ പ്രവര്‍ത്തന മേല്‍നോട്ടസമിതി കഴിഞ്ഞ 26ന് അനുമതി നല്‍കിയിട്ടുണ്ട്. ഇവര്‍ പാലിക്കേണ്ട നടപടികളെക്കുറിച്ചു ജെയിംസ് കമ്മിറ്റി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണു സൂചന. ഈ കോളജുകള്‍ സുപ്രീം കോടതിയുടെ ഇന്നലത്തെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടപടികളെടുക്കേണ്ടിവരുമെന്നാണു നിയമവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ എംബിബിഎസിന് മാനേജ്മെന്റ് ക്വോട്ടയിലേക്കു കോളജുകള്‍ സ്വന്തമായി നടത്തിയ കൗണ്‍സലിങ്ങും പ്രവേശനവും സുപ്രീം കോടതി ശരിവച്ചിരുന്നു. സര്‍ക്കാരുമായി കരാറുണ്ടാക്കിയെന്നും സര്‍ക്കാര്‍ നിയമിച്ച സമിതിയുടെ മേല്‍നോട്ടത്തില്‍ പ്രവേശനം പൂര്‍ത്തിയായെന്നുമുള്ള മാനേജ്മെന്റുകളുടെ വാദം അംഗീകരിച്ചാണ് ജഡ്ജിമാരായ എ.കെ.സിക്രി, എല്‍.നാഗേശ്വര റാവു എന്നിവരുടെ ബെഞ്ചിന്റെ നടപടി.
ഹൈക്കോടതി ഉത്തരവില്‍ നാലു നിര്‍ദ്ദേശങ്ങളാണുണ്ടായിരുന്നത്. കോളജുകള്‍ക്കു ലഭിച്ച അപേക്ഷകള്‍ മെരിറ്റ് അടിസ്ഥാനത്തില്‍ പരിഗണിച്ച് കൗണ്‍സലിങ് നടത്താന്‍ അനുവദിക്കുന്നതായിരുന്നു ഒന്നാമത്തെ വ്യവസ്ഥ. മറ്റു മൂന്നു വ്യവസ്ഥകള്‍ മേല്‍നോട്ട സമിതിയടെ നടപടികളുമായി ബന്ധപ്പെട്ടതാണ്. ഒന്നാമത്തെ വ്യവസ്ഥ റദ്ദാക്കുന്നതായി സുപ്രീം കോടതി വ്യക്തമാക്കി. സംയുക്ത കൗണ്‍സലിങ് എന്നതാണു വ്യവസ്ഥയെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് അംഗീകരിച്ചാണ് ഈ നടപടി. അതിനാല്‍ തന്നെ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളില്‍ പ്രവേശനം നടത്തണമെന്ന് മാനേജ്‌മെന്റുകള്‍ തീരുമാനിച്ചാലും കോടതി ഇടപെട്ടതിനെ തുടര്‍ന്ന് മാനേജ്‌മെന്റുകള്‍ എടുക്കുന്ന നിലപാട് എന്തായിരിക്കുമെന്നത് ശ്രദ്ധേയമായിരിക്കും.
https://www.facebook.com/Malayalivartha