പിണറായി വാക്കുമാറ്റി, കരിങ്കൊടി പരാമര്‍ശം ഒരു തന്റെ തോന്നല്‍ മാത്രമെന്ന് മുഖ്യമന്ത്രി

തന്നെ കരിങ്കൊടി കാണിച്ചത് യൂത്ത് കോണ്‍ഗ്രസുകാരല്ല മറിച്ച് ചാനലുകാര്‍ വാടകയ്‌ക്കെടുത്തവരാണെന്നുള്ള പരാമര്‍ശം തന്റെ തോന്നല്‍ മാത്രമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കരിങ്കൊടി കാട്ടിയതു ചാനലുകാര്‍ വാടകയ്‌ക്കെടുത്തവരാണെന്നു നിയമസഭയില്‍ പറഞ്ഞതിനാധാരം തന്റെ തോന്നലാണെന്നു പറഞ്ഞ് മുഖ്യമന്ത്രി നിലപാട് മാറ്റി. യൂത്ത് കോണ്‍ഗ്രസിന് നല്ല ആള്‍ബലമുണ്ടെന്നും തന്നെ കരിങ്കൊടി കാണിച്ചത് ചാനലുകാര്‍ വാടകയ്‌ക്കെടുത്തവരാണെന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. ഇന്നലെ പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി തന്റെ തോന്നലുമായി എത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയന്‍. തോന്നല്‍ തെറ്റിപ്പോയോ എന്നു ചോദിച്ചാല്‍, അങ്ങനെ പറയേണ്ട അവസരമില്ല. തന്റെ തോന്നല്‍ പോലെയല്ല, യൂത്ത് കോണ്‍ഗ്രസ് തന്നെയാണ് അതു സംഘടിപ്പിച്ചതെന്ന് അവര്‍ വിശദീകരിച്ചാല്‍ പിന്നെ അവിടെ തീര്‍ന്നല്ലോ, അങ്ങനെ പറഞ്ഞതു മുന്‍ അനുഭവങ്ങളുടെ കൂടി അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങളെയൊന്നും ആദ്യമായല്ലല്ലോ കാണുന്നത്. പോസ്റ്ററൊട്ടിച്ചു വാര്‍ത്തയാക്കിയതും മറ്റും ഓര്‍ക്കാതിരിക്കാന്‍ പറ്റില്ലല്ലോ. എല്ലാ വിവരങ്ങളും ആധികാരികമായി ലഭിക്കുന്ന മുഖ്യമന്ത്രി, തോന്നലാണോ സഭയില്‍ പറയേണ്ടതെന്നു ചോദിച്ചപ്പോള്‍ 'തോന്നല്‍ പറഞ്ഞു എന്നു മാത്രം കണ്ടാല്‍ മതി' എന്നായിരുന്നു മറുപടി.
താന്‍ കാറില്‍ പോകുമ്പോള്‍ രണ്ടുപേര്‍ ക്യാമറയുമായി വന്നു. ഏഷ്യാനെറ്റും വേറൊന്നുമാണ്. അവരെ നോക്കിക്കൊണ്ടിരുന്നപ്പോള്‍ രണ്ടു ചെറുപ്പക്കാര്‍ കരിങ്കൊടി കാണിച്ചു. യൂത്ത് കോണ്‍ഗ്രസുകാരല്ല അതെന്നു മനസ്സില്‍ തോന്നി. കാരണം, യൂത്ത് കോണ്‍ഗ്രസിനെപ്പോലൊരു സംഘടന കരിങ്കൊടി കാണിക്കുന്നതു രണ്ടുപേരെ വച്ചല്ലല്ലോ. ഇങ്ങനെ തോന്നാനുള്ള അനുഭവം നേരത്തെ ഉണ്ടായിട്ടുണ്ടല്ലോ എന്നു പറഞ്ഞുകൊണ്ട് ഉള്‍പാര്‍ട്ടി യുദ്ധവേളയിലെ പോസ്റ്റര്‍ അനുഭവം പിണറായി ഓര്‍മിപ്പിച്ചു.
ഒരു ചാനല്‍ പ്രവര്‍ത്തകനാണു പിണറായിപക്ഷ വിരുദ്ധ പോസ്റ്ററിനു പിന്നില്‍ എന്ന ആക്ഷേപം പിന്നീടു കേസ് വരെ ആയതായിരുന്നു . എന്നാല്‍ ആ കേസ് കോടതി തള്ളിയതു മുഖ്യമന്ത്രി അറിഞ്ഞില്ലേയെന്നു ചോദ്യം ഉയര്‍ന്നു. കേസ് തള്ളിയാലും വസ്തുത, വസ്തുത തന്നെയല്ലേ എന്നായി മുഖ്യമന്ത്രി. കോടതി തീര്‍പ്പാക്കുന്നതല്ലേ മുഖവിലയ്‌ക്കെടുക്കേണ്ടത് എന്നായി മാധ്യമപ്രവര്‍ത്തകര്‍. പോസ്റ്ററൊട്ടിച്ചതും അതിന്റെ പടം എടുത്തതും അതു ടിവിയില്‍ വന്നതുമെല്ലാം വസ്തുതയല്ലേ എന്നു പിണറായി തിരിച്ചു ചോദിച്ചു. പഴയ കാര്യമല്ലേ എന്നു കൂട്ടിച്ചേര്‍ത്തപ്പോള്‍, പഴയ കാര്യം എടുത്തിട്ടതു മുഖ്യമന്ത്രി തന്നെയാണല്ലോ എന്നു മാധ്യമപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടി.
തര്‍ക്കിക്കാന്‍ നില്‍ക്കണ്ടല്ലോയെന്നും പറഞ്ഞു പിണറായി വിവാദത്തില്‍ നിന്നു തടിയൂരി. സ്വാശ്രയ പ്രശ്‌നത്തില്‍ തനിക്കെതിരെ നടന്ന യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രകടനം അവരല്ല, ചാനലുകള്‍ സംഘടിപ്പിച്ചതാണ് എന്ന നിയമസഭയിലെ വിവാദ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു വാര്‍ത്താസമ്മേളനത്തില്‍ മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
https://www.facebook.com/Malayalivartha