മദ്യഉപഭോഗം വര്‍ധിപ്പിക്കുന്നതിനുള്ള ഏജന്‍സിയായി സര്‍ക്കാര്‍ മാറുന്നു: വി.എം.സുധീരന്‍

മദ്യഉപഭോഗം വര്‍ധിപ്പിക്കുന്നതിനുള്ള ഏജന്‍സിയായി സര്‍ക്കാര്‍ മാറുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. മദ്യനയത്തില്‍ തിരുത്തല്‍ വരുത്തി ബിവറേജസ് ഔട്ട് ലെറ്റുകള്‍ പൂട്ടാനുള്ള തീരുമാനം പിന്‍വലിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മദ്യനയം അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പുകാലത്ത് മദ്യലോബികളുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് എല്‍ഡിഎഫ് നീങ്ങുന്നതെന്നും സുധീരന്‍ കുറ്റപ്പെടുത്തി. സിപിഐഎം നേതാക്കള്‍ തറഭാഷയിലാണ് നിയമസഭയില്‍ സംസാരിക്കുന്നത്.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അന്തസത്ത തകര്‍ക്കുന്ന ഭരണമാണ് കേരളത്തില്‍ നടക്കുന്നത്. ഇക്കാര്യത്തില്‍ സിപിഐഎമ്മിന്റെ കേന്ദ്രനേതൃത്വം ഇടപെടണം. സംസ്ഥാനത്തെ ഇടതുസര്‍ക്കാര്‍ കേന്ദ്രത്തിലെ മോദി ഭരണത്തിന്റെ പതിപ്പാകുകയാണെന്നും സുധീരന്‍ ആരോപിച്ചു.
അതേസമയം മദ്യ ഉപഭോഗത്തിന്റെ ആളോഹരിയില്‍ കേരളം തമിഴ്‌നാട്, തെലങ്കാന, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളെക്കാള്‍ പിന്നിലാണെന്നു മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചു. കേരളത്തില്‍ 3.34 കോടി ജനങ്ങള്‍ക്ക് 306 ഔട്ട്‌ലെറ്റുകളുള്ളപ്പോള്‍ തമിഴ്‌നാട്ടില്‍ ഏഴു കോടിക്ക് 6,000 ഔട്ട്‌ലെറ്റുകളും കര്‍ണാടകയില്‍ ആറു കോടിക്ക് 8,734 ഉം ആന്ധ്രയില്‍ എട്ടു കോടിക്ക് 6,505 ഔട്ട്‌ലെറ്റുകളുമുണ്ട്. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ വില്‍പനയില്‍ ചെറിയ കുറവു വന്നതായും, എന്നാല്‍ ബിയറിന്റെ വില്‍പനയില്‍ ഗണ്യമായ വര്‍ധനയുണ്ടായതായും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























