ബിജെപി അംഗത്വമെടുത്തത് മോഡി പറഞ്ഞിട്ട്: അടുത്ത പുനഃസംഘടനയില്‍ താരത്തെ കേന്ദ്രമന്ത്രിയാക്കിയേക്കും

താരത്തിനോട് മോഡിക്ക് പെരുത്ത ഇഷ്ടം. പാര്‍ട്ടിക്കായി ഓടാനും ചാവാനും നേതാക്കളും അണികളും. സ്ഥാനമാനങ്ങള്‍ ഇന്നലെ വന്ന താരത്തിനും. ബിജെപി കേരളഘടകത്തിന് വിഷയത്തില്‍ കടുത്ത അതൃപ്തി.
കഴിഞ്ഞ ദിവസമാണ് ബിജെപി അംഗത്വം സുരേഷ് ഗോപി എടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുമതിയോടെയാണ് ഇത്. അംഗത്വം എടുത്തതോടെ സുരേഷ് ഗോപിക്ക് കൂടുതല്‍ പാര്‍ട്ടി അംഗീകാരവും കിട്ടും. സുരേഷ് ഗോപിയെ ബിജെപിയുടെ ദേശീയ നേതൃത്വത്തിന്റെ ഭാഗമാകുമെന്നും സൂചനയുണ്ട്. സുരേഷ് ഗോപിയുടെ വരവോടെ കേരളത്തിലെ ബിജെപി. കൂടുതല്‍ ശക്തിപ്പെടുമെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. അംഗത്വ സ്വീകരണച്ചടങ്ങില്‍ ബിജെപി. ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ് ജാര്‍ഖണ്ഡ് മന്ത്രി സി.പി. സിങ് എന്നിവര്‍ പങ്കെടുത്തു. ഏപ്രില്‍ 18നാണ് സുരേഷ് ഗോപി രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്തും നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തുമെല്ലാം ബിജെപി അംഗത്വം സുരേഷ് ഗോപിക്ക് നല്‍കാന്‍ ശ്രമം നടത്തിയിരുന്നു. കേരളത്തില്‍ വമ്പന്‍ ചടങ്ങ് സംഘടിപ്പിക്കാനായിരുന്നു പദ്ധതി. എന്നാല്‍ അന്നൊന്നും സുരേഷ് ഗോപി തയ്യാറായില്ല. ഇതിനിടെയാണ് എംപിയായി സുരേഷ് ഗോപിയെ നാമനിര്‍ദ്ദേശം ചെയ്തത്. ബിജെപിയുമായി ചേര്‍ന്ന് തന്നെ പ്രവര്‍ത്തിക്കുകയും ചെയ്തു. ഇപ്പോള്‍ അംഗത്വമെടുത്തതോടെ സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലെത്താനും സാധ്യത തെളിഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നിലപാടാണ് ഇതില്‍ ഇനി നിര്‍ണ്ണായകമാവുക.,
അടുത്ത കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ കേരളത്തിന്റെ മുഖമായി സുരേഷ് ഗോപി മോദി മന്ത്രിസഭയില്‍ എത്തുമെന്നാണ് സൂചന. അതിന് വേണ്ടിക്കൂടിയാണ് അംഗത്വമെടുക്കല്‍. ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അംഗത്വമെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ താര പ്രചാരകനായിരുന്ന സുരേഷ് ഗോപിയെ രാഷ്ട്രപതിയുടെ നോമിനേറ്റഡ് അംഗമായാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുത്തത്. പാര്‍ലമെന്റിലും ബിജെപി അംഗമാണെന്ന് കാണിച്ച് സുരേഷ് ഗോപി അപേക്ഷ നല്‍കിയിട്ടുണ്ട്. നോമിനേറ്റഡ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് ആറുമാസത്തിനകം പാര്‍ട്ടിയേതെന്ന് തീരുമാനിക്കാന്‍ അവസരമുണ്ട്.
മലയാളിയായ രാജീവ് ചന്ദ്രശേഖറും ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മലയാളി എംപിയാണ്. കര്‍ണ്ണാടകയില്‍ നിന്ന് ബിജെപി പിന്തുണയോടെ ജയിച്ച് രാജ്യസഭയിലെത്തിയ ഏഷ്യാനെറ്റ് ചെയര്‍മാന്‍ നിലവില്‍ എന്‍ഡിഎയുടെ കേരള ഘടകം വൈസ് ചെയര്‍മാനാണ്. കേന്ദ്രമന്ത്രിപദം ലക്ഷ്യമിട്ടാണ് ഏഷ്യാനെറ്റ് മുതലാളിയും കേരളത്തില്‍ ബിജെപിയുടെ സജീവ മുഖമായത്. അതിനിടെയാണ് സുരേഷ് ഗോപിയുടെ അംഗത്വമെടുക്കല്‍. അതുകൊണ്ട് തന്നെ കേന്ദ്രമന്ത്രിയാകാന്‍ ചാനല്‍ വ്യവസായി നടത്തുന്ന നീക്കങ്ങള്‍ക്ക് തിരിച്ചടിയുമാകും.
https://www.facebook.com/Malayalivartha

























