പിണറായിയെ കണ്ട് കളിക്കേണ്ട..ആരാണ് ഈ പിണറായി..? യുവമോര്‍ച്ച വനിതാ നേതാവിന്റെ വീഡിയോ പോസ്റ്റ് വൈറലാകുന്നു!

മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള സിപിഎം നേതാക്കളെയും പ്രവര്‍ത്തകരെയും അധിക്ഷേപിച്ചും പരിഹസിച്ചുമുള്ള യുവമോര്‍ച്ച നേതാവിന്റെ ഫേസ്ബുക്ക് വീഡിയോ പോസ്റ്റ് വൈറലാകുന്നു. യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ലസിത പാലയ്ക്കലിന്റെ പോസ്റ്റാണ് വിവാദമായിരിക്കുന്നത്.
തനിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റില്‍ സഖാക്കള്‍ വേട്ടയാടുകയാണെന്ന് ആരോപിച്ചാണ് വനിതാ നേതാവിന്റെ തിരിച്ചടി. സിബിഐ എന്ന് കേള്‍ക്കുമ്പോള്‍ മുട്ട് വിറയ്ക്കുന്ന അച്ഛന്റെ മകനാണ് എന്ന് പറഞ്ഞ് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്റെ മകന്‍ ജെയിന്‍ രാജിനെ അധിക്ഷേപിച്ച ലസിത ആര്‍എസ്എസ് കോട്ട വിട്ട് സിപിഎമ്മില്‍ എത്തിയ സുധീഷ് മിന്നിയെ തറയെന്നും കൂതറയെന്നുമാണ് വിശേഷിപ്പിക്കുന്നത്. അതിനേക്കാള്‍ മോശമായ ഭാഷ തനിക്കറിയാമെന്ന മുന്നറിയിപ്പും അവര്‍ നല്‍കുന്നുണ്ട്.
ഇവരെല്ലാം കളിക്കുന്നത് പിണറായിയെ കണ്ടിട്ടാണെങ്കില്‍ ആരാണ് ഈ പിണറായി എന്നാണ് യുവമോര്‍ച്ച വനിതാ നേതാവിന്റെ ചോദ്യം. വണ്‍,ടു,ത്രി എന്ന് പറഞ്ഞ മന്ത്രി മണിയെ പോലെയുള്ളവരെ കണ്ടിട്ടാണോ ജനങ്ങള്‍ പഠിക്കേണ്ടതെന്നും അവര്‍ ചോദിക്കുന്നു.
തന്നെ ഝാന്‍സി റാണിയെന്ന് ആര്‍എസ്എസുകാര്‍ വിളിക്കുന്നത് സുഖമുള്ള കാര്യമാണെന്നും മാക്രികള്‍ കുരച്ചാലൊന്നും ആര്‍എസ്എസ് ഇല്ലാതായി പോവില്ലെന്നും പറയുന്ന ലസിത, മരിക്കുകയാണെങ്കില്‍ കാവിക്കൊടി പുതച്ചേ മരിക്കുവെന്ന് പറഞ്ഞാണ് വീഡിയോ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഈ പോസ്റ്റ് കൈരളി ഓണ്‍ലൈന്‍ തന്നെ വാര്‍ത്തയാക്കിയതോടെയാണ് വൈറലായത്. ആര്‍എസ്എസുകാര്‍ ആവേശത്തോടെയാണ് ലസിതയുടെ പോസ്റ്റിനോട് പ്രതികരിക്കുന്നതെങ്കില്‍ രൂക്ഷവിമര്‍ശനങ്ങളുമായാണ് ഡിവൈഎഫ്‌ഐ സിപിഎം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയിരിക്കുന്നത്.
കണ്ണൂരിലെ സംഘപരിവാറിന്റെ തീപ്പൊരി നേതാവായി അറിയപ്പെടുന്ന ലസിത മുന്‍പും വിവാദ നായികയാണ്. തലശേരി കൊടുവള്ളിയില്‍ ദേശീയപാതയില്‍ മുഴുപ്പിലങ്ങാട് സ്വദേശികളായ കാര്‍ യാത്രക്കാരെ ആക്രമിച്ചവരുടെ കൂട്ടത്തില്‍ ലസിത അടക്കമുള്ളവരുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ആര്‍എസ്എസ് നടത്തിയ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരും കാര്‍ യാത്രക്കാരുമായിട്ടായിരുന്നു സംഘര്‍ഷം.
https://www.facebook.com/Malayalivartha