രണ്ടുപേരും നടത്തിയത് പകപോക്കല്‍; സംഘടനയ്ക്ക് ഇതില്‍ കാര്യമില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം

സഭ്യതയുടെ അതിരുവിട്ട പ്രതികരണങ്ങളിലൂടെ കെ മുരളീധരനും രാജ്‌മോഹന്‍ ഉണ്ണിത്താനും നടത്തിയതു പകപോക്കലാണെന്നും അതില്‍ സംഘടനയ്ക്കു കാര്യമില്ലെന്നും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പ്രാധാന്യം നല്‍കി നടത്തിയ ഡിസിസി പ്രസിഡന്റുമാരുടെ പുനഃസംഘടന മൂലം പാര്‍ട്ടിയ്ക്കുണ്ടായ പുതുചൈതന്യം കെടുത്താനേ സംഭവം ഉപകരിച്ചുള്ളൂവെന്ന് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തുറന്നടിച്ചു.
പുനഃസംഘടനയോട് എതിര്‍പ്പുള്ള ചിലര്‍ എരിതീയില്‍ എണ്ണയൊഴിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കര്‍ശനമായ ഇടപെടലിലൂടെ തര്‍ക്കം അവസാനിപ്പിച്ചുവെന്നും ഇക്കാര്യത്തില്‍ പുതിയ വിവാദങ്ങള്‍ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. കെ മുരളീധരന്‍ കോഴിക്കോട്ടു നടത്തിയ വിമര്‍ശനം സദുദ്ദേശപരമായിരുന്നു എന്ന വിലയിരുത്തലായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്. സംഘടന കൂടുതല്‍ കരുത്താര്‍ജിക്കണമെന്ന സന്ദേശമാണ് അതിലുള്ളതെന്നും ഇത്തരം വിമര്‍ശനങ്ങള്‍ കോണ്‍ഗ്രസില്‍ പതിവുള്ളതാണെന്നുമായിരുന്നു നേതാക്കള്‍ക്കിടയില്‍ ഉരുത്തിരിഞ്ഞ പൊതുവികാരം. ഡിസിസി പ്രസിഡന്റുമാരുടെ പുനഃസംഘടനയില്‍ മുരളീധരനും യോജിപ്പായിരുന്നുവെന്ന വസ്തുതയും എടുത്തു പറയുന്നു.
എന്നാല്‍ ഈ വിമര്‍ശനങ്ങളോടു രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നടത്തിയ പ്രതികരണം, വ്യക്തിവൈരാഗ്യത്തില്‍ മാത്രം ഊന്നിയായിരുന്നു. അത്തരമൊരു പ്രതികരണത്തിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. മുരളിയോട് ഉണ്ണിത്താനുള്ള പൂര്‍വവൈരാഗ്യം പ്രകടിപ്പിക്കാന്‍ കിട്ടിയ അവസരം വിനിയോഗിക്കുകയായിരുന്നുവെന്നും ഗ്രൂപ്പു ഭേദമെന്യേ അഭിപ്രായമുയരുന്നു.
പക്ഷേ, മുരളീധരന്‍ പിന്നീടു നടത്തിയ പ്രതികരണങ്ങളോടു നേതാക്കള്‍ക്കു യോജിപ്പില്ല. 'കുശിനിക്കാരന്‍', 'മഞ്ചേരിയിലെ അനാശാസ്യം' തുടങ്ങിയ പരാമര്‍ശങ്ങള്‍ മുരളീധരന്‍ ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് പാര്‍ടിയ്ക്കുളളിലെ പൊതു അഭിപ്രായം. ആ പരാമര്‍ശങ്ങളോടു സ്വതസിദ്ധമായ നിലവാരത്തില്‍ ഉണ്ണിത്താനും പ്രതികരിച്ചതോടെ രംഗം വഷളായി. കേരളത്തില്‍ എല്ലാം കുഴപ്പമാണെന്നു വരുത്തിത്തീര്‍ക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഈ തര്‍ക്കം ഒരായുധമായി എന്നതല്ലാതെ സംഘടനയ്ക്കുള്ളില്‍ മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെന്ന അഭിപ്രായമാണു കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ശക്തിപ്പെടുന്നത്.
https://www.facebook.com/Malayalivartha