ഞാന്‍ അച്ഛന്റെ ആഗ്രഹം പൂര്‍ത്തിയാക്കും; അച്ഛന്റെ ഓര്‍മ്മയില്‍ 2 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി ചന്ദ്രബോസിന്റെ മകള്‍ രേവതി

അച്ഛനെപ്പോലെ ലക്ഷ്യം വെക്കുന്ന കാര്യങ്ങള്‍ സാധിച്ചെടുക്കാനുള്ള തീവ്രപരിശ്രമത്തിലാണ് രേവതി. തളരരുത് പിടിച്ച് നില്‍ക്കണം അതെങ്ങനെ ആയിരിക്കണം എന്ന് മരണക്കിടക്കിയില്‍ അച്ഛന്‍ കാണിച്ചുകൊടുത്തു. അതാണ് ഇന്നും അവളെ മുന്നോട്ട് നയിക്കുന്നത്. മികച്ചൊരു ജോലി സ്വന്തമാക്കണം അതായിരുന്നു അച്ഛന്റെ ആഗ്രഹം. രേവതി ഇവിടെയുണ്ട്. ചന്ദ്രബോസിന്റെ മകള്‍. 2015 ജനുവരി 29. ആ ദിവസം ഇന്നും രേവതിയുടെ ഓര്‍മ്മകളില്‍ നിന്ന് മാഞ്ഞിട്ടില്ല. അത് ജീവിതത്തിലെ സാധാരണ ദിനമായിരുന്നില്ല. രേവതി അടക്കമുള്ള കുടുംബത്തിന്റെ താങ്ങും തണലുമായ ചന്ദ്രബോസ് അന്നാണ് തൃശൂര്‍ ശേഭാസിറ്റിയില്‍ ആക്രമിക്കപ്പെട്ടത്. സ്വന്തം ജോലി ആത്മാര്‍ത്ഥയോടെ ചെയ്തു എന്നത് മാത്രമായിരുന്നു സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിന്റെ തെറ്റ്. പണത്തിന്റെ ലഹരി തലയ്ക്ക് പിടിച്ച ഒരു ക്രിമിനലിന്റെ അക്രമാസക്തിക്ക് ഇരയായ ചന്ദ്രബോസിന്റെ കുടുംബം അപ്രതീക്ഷിതമായ ആ ആഘാതത്തില്‍ തകര്‍ന്നുപോയി.
പിന്നീടുള്ള 19 ദിനങ്ങള്‍ ജീവിതത്തിനും മരണത്തിനുമിടയില്‍ ചന്ദ്രബോസ് കഴിഞ്ഞപ്പോള്‍ പിതാവ് തിരിച്ചുവരണമെന്നുള്ള പ്രാര്‍ത്ഥനയിലായിരുന്നു രേവതി. എന്നാല്‍ രേവതിയുടെ പ്രാര്‍ത്ഥനകള്‍ വിഫലമാക്കി ഫെബ്രുവരി 16ാം തീയതി ഒരു മണിക്ക് ചന്ദ്രബോസ് മരിച്ചു. മരണശയ്യയില്‍ കിടക്കുമ്പോഴും ചന്ദ്രബോസ് രേവതിയോട് പലതവണ സംസാരിച്ചിരുന്നു. ഭയപ്പെടേണ്ടെന്നും അച്ഛന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്നും ആ നിമിഷത്തിലും ചന്ദ്രബോസ് പറയുന്നുണ്ടായിരുന്നു. നട്ടെല്ല് ആന്തരികാവയവങ്ങളിലേക്ക് തുളച്ചു കയറിയതിനാല്‍ ചന്ദ്രബോസ് 24 മണിക്കൂറെങ്കിലും ജീവിച്ചിരിക്കുമെന്ന പ്രതീക്ഷ ഡോക്ടര്‍മാര്‍ക്കുപോലുമുണ്ടായിരുന്നില്ല. മരണത്തിന് മുന്നില്‍ 19 ദിവസം പൊരുതി നില്‍ക്കുവാന്‍ ചന്ദ്രബോസ് കാണിച്ച കരുത്ത്. ആ കരുത്താണ് രേവതിക്ക് ആത്മവിശ്വാസം പകര്‍ന്ന നല്‍കുന്നത്.
കോഴിക്കോട് യു.ഐ.ഇ.റ്റി എഞ്ചിനിയറിംഗ് കോളേജില്‍ പഠിക്കുന്ന രേവതി ചന്ദ്രബോസിന്റെ സ്വപ്നങ്ങള്‍ സഫലമാക്കാനുള്ള തിരക്കിലാണിപ്പോള്‍. ആക്രമണവും തുടര്‍ന്ന് 19 ദിവസത്തിലുണ്ടായ സംഭവങ്ങളും രേവതി ഒരിക്കലും പ്രതീക്ഷിച്ചതല്ല. നിയമത്തിന്റെ പഴുതുകളുപയോഗിച്ച് നിസാം രക്ഷപ്പെടുമെന്ന് പലരും പറഞ്ഞിരുന്നു. കൊടും കുറ്റവാളിക്ക് പരമാവധി ശിക്ഷ ലഭിക്കണം എന്ന നിര്‍ബ്ബന്ധമുണ്ടായിരുന്നു ചന്ദ്രബോസിന്റെ കുടുംബത്തിന്. വിചാരണത്തടവില്‍ കഴിയവേ നിസാം ഫോണ്‍ ഉപയോഗിച്ചതിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ പുറത്തു വന്നപ്പോള്‍ നിയമവ്യവസ്ഥയെപ്പോലും അവിശ്വസിക്കേണ്ടി വരുമെന്ന് ഭയന്നിരുന്നുവെന്ന് രേവതി പറയുന്നു. ജീവപര്യന്തം ശിക്ഷ ലഭിച്ച് നിസാം ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്. എങ്കിലും പണവും സ്വാധീനവും അഴിക്കുള്ളില്‍ നിന്ന് അയാളെ പുറത്തു കൊണ്ടുവരുമെന്ന് രേവതി ഭയക്കുന്നു.
നിസാം രക്ഷപ്പെട്ടാലും ഇല്ലെങ്കിലും ചന്ദ്രബോസിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ജീവിക്കണമെന്ന ആഗ്രഹമാണ് രേവതിക്ക്. ആത്മാഭിമാനം പണയപ്പെടുത്താതെ അന്തസ്സോടെ തൊഴിലെടുത്ത് ജീവിച്ച അച്ഛന്റെ മകളെന്ന അഭിമാനം രേവതിയുടെ വാക്കുകളിലുണ്ട്. സമൂഹത്തിന്റെ സഹതാപമല്ല ഈ കുട്ടിക്ക് ആവശ്യം.എന്നാല്‍ മുഴുവന്‍ സമൂഹത്തിന്റെയും പിന്തുണ രേവതിക്കും കുടുംബത്തിനുമുണ്ടാകണം.
രേവതിയെക്കുറിച്ച് വലിയ പ്രതീക്ഷയാണ് അമ്മ ജമന്തിക്കുള്ളത്. ഭര്‍ത്താവ് കണ്ട സ്വപ്നങ്ങളിലേക്ക് രേവതി എത്തുമെന്ന് ജമന്തി പറയുന്നു. നിസാമിന്റെ പണം പറ്റുന്ന ആരെങ്കിലും മകളെ ഉപദ്രവിക്കുമോ എന്ന ഭയവും ഈ അമ്മയ്ക്കുണ്ട്. രേവതിയും മെക്കാനിക്കല്‍ ഡിപ്ലോമ വിദ്യാര്‍ത്ഥിയായ അമലും പഠിക്കാനും മറ്റും വീട് വിട്ട് പോകുന്നു. അവര്‍ തിരിച്ചെത്തുന്നതുവരെ ഈ അമ്മയുടെ നെഞ്ചില്‍ തീയാണ്. പക്ഷേ അവര്‍ നല്ലൊരു ജീവിതം സ്വപ്‌നം കാണുകയാണ്.
https://www.facebook.com/Malayalivartha
























