ശബരിമലയില്‍ കയറാന്‍ ഉറച്ച് തൃപ്തി ദേശായി

ഉറപ്പ് ഞങ്ങള്‍ കയറും വേഷം മാറിയെങ്കിലും കടക്കും. ശബരിമലയില്‍ പ്രവേശിക്കുമെന്ന നിലപാടിലുറച്ച് വനിത ആക്ടിവിസ്റ്റ് തൃപ്തി ദേശായി. ഈ മാസം 10 നും 25 നും ഇടയ്ക്കുള്ള ഒരു ദിവസം ശബരിമലയിലെത്തുമെന്നും വിഷയത്തില്‍ കേരളത്തില്‍ നിന്നുള്ള വിവിധ സംഘടനകളുടെ പിന്തുണ തനിക്ക് ലഭിക്കുന്നുണ്ടെന്നും ഒരു പ്രമുഖ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി.
ഉത്തരേന്ത്യയില്‍ നിന്ന് നുറോളം സ്ത്രീകള്‍ തനിക്കൊപ്പം ഇതില്‍ പങ്കു ചേരുമെന്നും കേരളത്തില്‍ നിന്നും അത്രയും തന്നെ സ്ത്രീകള്‍ തങ്ങള്‍ക്കൊപ്പം അണിചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ അറിയിച്ചു. നിശ്ചിത പ്രായപരിധിയിലുള്ള സ്ത്രീകള്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശനം നിഷേധിക്കുന്നത് അനീതിയാണ്. ക്രമസമാധാനം പാലിച്ചുകൊണ്ടു തന്നെയായിരിക്കും ശബരിമല യാത്ര. നിയമം ലംഘിക്കപ്പെടുകയാണെങ്കില്‍ അത് കൈകാര്യം ചെയ്യേണ്ടത് ഭരണകൂടത്തിന്റെ കടമയാണെന്നും ഇതില്‍ സര്‍ക്കാരിന്റെ പിന്തുണ ആവശ്യപ്പെടുമെന്നും തൃപ്തി അറിയിച്ചിട്ടുണ്ട്.
ഭരണഘടന സ്ത്രീകള്‍ക്ക് ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും മതപ്രവര്‍ത്തനത്തിന്റെ എല്ലാ തലങ്ങളിലും സ്ത്രീകള്‍ക്ക് തുല്യ അവസരം ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും ഇക്കാര്യത്തില്‍ ദൈവവും തങ്ങളുടെ കൂടെയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പോരാട്ടം തടസ്സപ്പെടുത്തുമെന്ന ഭീഷണികളെ ഭയപ്പെടുന്നില്ലെന്നും തൃപ്തി വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ ശനി ക്ഷേത്രം, ഹാജി അലി ദര്‍ഗ എന്നിവിടങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചത് തൃപ്തിയുടെ നേതൃത്വത്തിലുള്ള ഭൂമാത ബ്രിഗേഡ് എന്ന വനിത ആക്ടിവിസ്റ്റ് സംഘടന നടത്തിയ പോരാട്ടത്തിന്റെ ഫലമായാണ്. ഇത്തരത്തിലുള്ള പോരട്ടം നല്‍കിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് സ്ത്രീ പ്രവേശന വിഷയത്തില്‍ തര്‍ക്കത്തിലിരിക്കുന്ന ശബരിമലയില്‍ പ്രവേശിക്കുമെന്ന് തൃപ്തി അറിയിച്ചത്.
മതവിശ്വാസങ്ങളെ തകര്‍ക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ചില ഹൈന്ദവ സംഘടനകള്‍ തൃപ്തിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. സമാന നിലപാട് തന്നെയായിരുന്നു ദേവസ്വം മന്ത്രിയും സ്വീകരിച്ചത്. ആ സാഹചര്യത്തിലും പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഉറച്ച നിലപാടിലാണ് തൃപ്തി.
https://www.facebook.com/Malayalivartha