സിപിഎം പ്രവര്‍ത്തകന്റെ പാതി മീശ ബിജെപി പ്രവര്‍ത്തകര്‍ വടിച്ചുമാറ്റി; കൊടുങ്ങല്ലൂരില്‍ വീണ്ടും ഗുണ്ടായിസം

നിയമസഭാ തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റ സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകനെ പിടിച്ചുനിര്‍ത്തി ബിജെപി പ്രവര്‍ത്തകര്‍ പാതി മീശ വടിച്ചുമാറ്റി. ലോകമലേശ്വരം കരിശാംകുളം ചള്ളിയില്‍ കണ്ണന് (45) നേരെയായിരുന്നു അക്രമം നടന്നത്. സംഭവത്തില്‍ ബിനേഷ്, രതീഷ്, സനു, ശിവന്‍ എന്നീ നാലു ബിജെപി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് കരിശാംകുളം സെന്ററില്‍ നടന്ന സംഭവത്തില്‍ വീട്ടില്‍ നിന്നും ജംഗ്ഷനില്‍ എത്തിയ കണ്ണനെ ഇവിടെയുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. പിടിച്ചു നിര്‍ത്തി കൈകള്‍ പിറകിലേക്ക് വലിച്ചു കൂട്ടിപ്പിടിച്ച ശേഷം പാതിമീശ വടിക്കുകയായിരുന്നെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.
കരുനാഗപ്പള്ളിയിലാണ് കണ്ണന്‍ പാചകക്കാരനായി ജോലി ചെയ്യുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും അങ്ങിനെ സംഭവിച്ചാല്‍ പാതിമീശ വടിക്കുമെന്നും ബിജെപി പ്രവര്‍ത്തകരുമായി കണ്ണന്‍ പന്തയം വെച്ചിരുന്നു. ബിജെപി ഒ രാജഗോപാലിലൂടെ സംസ്ഥാനത്ത് അക്കൗണ്ട് തുറക്കുകയും ഇത് ലാക്കാക്കി മാസങ്ങള്‍ക്ക് ശേഷം എതിരാളികള്‍ പരസ്യമായി മീശ വടിക്കല്‍ നടത്തുകയുമായിരുന്നെന്നാണ് ആരോപണം.
രാജഗോപാല്‍ ജയിച്ചതോടെ പന്തയത്തില്‍ തോറ്റെങ്കിലും ദീര്‍ഘകാലമായി ആരും ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നില്ല. എന്നാല്‍ കരുനാഗപ്പള്ളിയിലെ ജോലി സ്ഥലത്തു നിന്നും കഴിഞ്ഞ ദിവസം നാട്ടില്‍ എത്തിയപ്പോഴാണ് ബിജെപിക്കാര്‍ ഇക്കാര്യം ചെയ്തത്. കണ്ണന്റെ സഹോദരഭാര്യ ബിന്ദു പ്രദീപ് കൊടുങ്ങല്ലുര്‍ നഗരസഭയിലെ ബിജെപി കൗണ്‍സിലറാണ്. ഇവര്‍ ഉള്‍പ്പെടെയുള്ളവര്‍ നോക്കി നില്‍ക്കുമ്പോഴായിരുന്നു സംഭവം. അഴീക്കോട് യുവാവിനെ നഗ്‌നനാക്കി വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ടു മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെയാണ് കൊടുങ്ങല്ലൂരില്‍ സദാചാര ഗുണ്ടായിസം വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha
























