സ്ത്രീ സൗഹൃദം മുന്നില്‍ കണ്ട് സ്ഥാപിച്ച ഷീ ടോയ്‌ലറ്റുകളോട് സ്ത്രീകള്‍ക്ക് വിരക്തി

കേരള സംസ്ഥാന മഹിളാ വികസന കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ 2012 ജനുവരിയിലാണ് സ്ത്രീകള്‍ക്ക് സുരക്ഷിതത്വവും സ്വകാര്യതയും വാഗ്ദാനം ചെയ്ത് കൊണ്ട് ഷീ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചത്. കേരള സംസ്ഥാനത്തില്‍ ഏകദേശം 200 ഓളം ഷീ ടോയ്‌ലറ്റുകള്‍ നിലവിലുണ്ട്. അതില്‍ 23 എണ്ണവും തലസ്ഥാന നഗരമായ തിരുവനന്തപുരത്താണ്. എന്നാല്‍ വലിയ മുടക്കുമുതലില്‍ നിര്‍മ്മിച്ച പല ടോയ്‌ലറ്റുകളും ഇന്ന് ഉപയോഗ ശൂന്യമാണ്.
പലപ്പോഴും ഷീ ടോയ്‌ലറ്റുകളില്‍ കയറാന്‍ ഭയമാണെന്ന് സ്ത്രീകള്‍ തന്നെ പറയുന്നു. പല നിറത്തിലുള്ള ബട്ടണുകള്‍, സ്വയം തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന വാതിലുകള്‍, പല സമയങ്ങളിലും ഉണ്ടാകുന്ന വെള്ളത്തിന്റെ അപര്യാപ്തത എന്നിവ ഉപഭോക്താവിന് ആശയക്കുഴപ്പമുണ്ടാക്കുന്നു. വെളിച്ചമില്ലാത്ത അവസരങ്ങളില്‍ ബട്ടണുകളുടെ നിറം തിരിച്ചറിയാന്‍ പ്രയാസമാണ്. വാതില്‍ തുറന്ന് അതിനുള്ളില്‍ കയറിയാല്‍ പെട്ടു പോകുമോ എന്ന് സ്ത്രീകള്‍ പേടിക്കുന്നു. സ്വകാര്യത ഇഷ്ടപ്പെടുന്ന മലയാളി സ്ത്രീകള്‍ ജംഗ്ഷനുകള്‍, സിസി ടിവിയുള്ള പ്രദേശം എന്നിവിടങ്ങളിലെ ടോയ്‌ലറ്റുകള്‍ ഉപയോഗിക്കാന്‍ മടിക്കുന്നു.

പല സ്ഥലങ്ങളിലും ടോയ്‌ലറ്റിന്റെ പരിസര പ്രദേങ്ങളിലുണ്ടാവുക ഭൂരിഭാഗവും പുരുഷന്മാരാണ്. പലപ്പോഴും അശ്ലീലച്ചുവയുള്ള സംസാര രീതി ഉണ്ടാകാറുണ്ടെന്ന് സ്ത്രീകള്‍ പരാതി പറയുന്നു. തിരക്കേറിയ സ്ഥലങ്ങളായ തിരുവനന്തപുരം മ്യൂസിയത്തിനടുത്തുള്ള ടോയ്‌ലറ്റിനെ റോഡില്‍ നിന്നും മറയ്ക്കുന്നതിനായി ഒരു മതിലുപോലുമില്ല.

ടോയ്‌ലറ്റിനു മുന്നില്‍ കടക്കാനാകാത്ത വിധം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് സ്ഥിരം കാണാന്‍ കഴിയുന്ന കാഴ്ചയാണ്. പൊതു നിരത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം നല്‍കാന്‍ സ്ത്രീ സൗഹൃദ ടോയ്‌ലറ്റുകളല്ലേ വേണ്ടത് എന്ന ചോദ്യം ഉയരുന്നു.
https://www.facebook.com/Malayalivartha


























