പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സപ്പിഴവ് ആരോപണവുമായി യുവതി

ചികിത്സപ്പിഴവ് ആരോപിച്ച് ഡോക്ടര്‍ക്കെതിരെ പരാതി നല്‍കി യുവതി. നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായെന്നു കാട്ടി വിതുര സ്വദേശി ഹസ്‌ന ഫാത്തിമയാണ് മനുഷ്യാവകാശ കമ്മിഷനും വനിതാ കമ്മിഷനും പരാതി നല്‍കിയത്.
പ്രസവത്തിനു ശേഷം തുന്നിക്കെട്ടിയത് ശരിയായ രീതിയില്‍ അല്ലെന്നും ഇതുമൂലം മലദ്വാരത്തിലെ ഞരമ്പ് മുറിഞ്ഞ് അണുബാധയുണ്ടായെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് വിവിധ ആശുപത്രികളിലായി മൂന്നു ശസ്ത്രക്രിയകള്‍ കൂടി ചെയ്യേണ്ടിവന്നു. രണ്ട് സെന്റിമീറ്ററോളം നീളത്തില്‍ ഞരമ്പ് മുറിഞ്ഞതായി സ്‌കാനിങ്ങില്‍ കണ്ടെത്തിയിരുന്നു. മലമൂത്ര വിസര്‍ജനത്തിന് ബാഗുമായി നടക്കേണ്ട അവസ്ഥയിലാണെന്ന് യുവതി പറഞ്ഞു.
2025 ജൂണ്‍ 19നാണ് പ്രസവം നടന്നത്. മൂന്നു ദിവസത്തിനു ശേഷം മുറിവില്‍ പ്രശ്‌നം തുടങ്ങി. തുന്നിക്കെട്ടിയതിലുണ്ടായ പിഴവ് മറച്ചു വച്ച ഡോക്ടര്‍, വാര്‍ഡിലേക്ക് മാറ്റിയെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.
കോസ്‌റ്റോമി ശസ്ത്രക്രിയയും പ്ലാസ്റ്റിക് സര്‍ജറിയും ചെയ്തു. രണ്ടു ശസ്ത്രക്രിയകള്‍ കൂടി ചെയ്യാനുണ്ട്. ഇതുവരെ ചികിത്സയ്ക്കായി ആറു ലക്ഷം രൂപ ചെലവായെന്നും പരാതിക്കാരി വ്യക്തമാക്കുന്നു. പരാതിയില്‍ അന്വേഷണം നടക്കുകയാണെന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രി അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























