സ്പ്രിന്‍ക്ലര്‍ കരാറില്‍ നടപടിക്രമങ്ങളില്‍ ഗുരുതര വീഴ്ചയെന്ന് ഹൈക്കോടതി

കോവിഡ് കാലത്ത് വിവരങ്ങള്‍ ശേഖരിക്കാനായി അമേരിക്കന്‍ കമ്പനിയായ സ്പ്രിന്‍ക്ലറുമായി ഉണ്ടാക്കിയ കരാറില്‍ രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെങ്കിലും നടപടിക്രമങ്ങളില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന് ഹൈക്കോടതി. കരാര്‍ ഒപ്പിടുന്നതില്‍ അന്നത്തെ ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം.ശിവശങ്കറിന് വീഴ്ച്ച പറ്റി. മന്ത്രിസഭയുടെ അനുമതി ഇല്ലാതെയാണ് കരാര്‍ ഒപ്പിട്ടത്. നിയമവകുപ്പിന്റെയോ ധനവകുപ്പിന്റെയോ കൂടിയാലോചനയും ഉണ്ടായില്ല.
ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പാലിക്കണമെന്നും ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍, ജസ്റ്റിസ് വി.എം.ശ്യാംകുമാര്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. കരാര്‍ സ്വകാര്യതയുടെ ലംഘനമാണെന്ന് കാണിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ തുടങ്ങിയവരടക്കം നല്‍കിയ ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ട് പുറത്തുവന്ന ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശങ്ങള്‍.
മന്ത്രിസഭയുടെ അനുമതിയോ മുഖ്യമന്ത്രിയുടെ സമ്മതമോ ഇല്ലാതെയാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കരാറില്‍ ഒപ്പുവച്ചത് എന്ന് കോടതി ചൂണ്ടിക്കാട്ടി. സ്പ്രിന്‍ക്ലറുമായുള്ള കരാര്‍ ഒപ്പുവയ്ക്കലില്‍ സര്‍ക്കാരിന്റെ നടപടിക്രമങ്ങളോ കേരള സെക്രട്ടറിയേറ്റ് മാനുവലോ പാലിക്കപ്പെട്ടിട്ടില്ലെന്ന് ഇതു സംബന്ധിച്ച അന്വേഷണ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതു സംബന്ധിച്ച് നിയമ വകുപ്പിനോടോ ധനവകുപ്പിനോട് ആലോചിച്ചിട്ടില്ല. ഇക്കാര്യത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് വീഴ്ച പറ്റി. സര്‍ക്കാര്‍ ഇതു സംബന്ധിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കുകയും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണമെന്ന് കോടതി വ്യക്തമാക്കി.
കോവിഡ് രോഗികളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നും, സ്പ്രിന്‍ക്ലര്‍ ഈ വിവരങ്ങള്‍ പരസ്യപ്പെടുത്തുകയോ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയോ ചെയ്യരുതെന്നും 2020ല്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെട്ടുവെന്ന് കോടതി വ്യക്തമാക്കി. വ്യക്തികളുടെ സ്വകാര്യതാലംഘനം ഉണ്ടായിട്ടില്ല. കോവിഡ് രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള ഉപാധി എന്ന നിലയില്‍ മാത്രമാണ് സ്പ്രിന്‍ക്ലര്‍ ഉപയോഗിച്ചത്. കരാര്‍ അവസാനിച്ചു. സ്പ്രിന്‍ക്ലര്‍ വഴി ശേഖരിച്ച വിവരങ്ങള്‍ നീക്കം ചെയ്തു. മറ്റ് ഉത്തരവുകള്‍ ആവശ്യമില്ലെന്ന് കാട്ടി കോടതി ഹര്‍ജികള്‍ തീര്‍പ്പാക്കി.
https://www.facebook.com/Malayalivartha


























