ഇ.ശ്രീധരനെ പരിഹസിച്ച് എം.വി.ഗോവിന്ദന്‍

ഇ. ശ്രീധരന്‍ കഴിഞ്ഞ തവണ മുഖ്യമന്ത്രി ആയതല്ലേ എന്നു പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. അതിവേഗ റെയില്‍ സംബന്ധിച്ച് ഇ.ശ്രീധരന്‍ പറഞ്ഞതിനോടു പ്രതികരിക്കുകയായിരുന്നു എം.വി.ഗോവിന്ദന്‍. ഞാനാണ് അടുത്ത മുഖ്യമന്ത്രി, അതിനാണു മത്സരിക്കുന്നതെന്നു പറഞ്ഞ ആളാണ് ശ്രീധരന്‍. അതുകൊണ്ട് അദ്ദേഹം പറഞ്ഞതില്‍ ഒരു ഉത്കണ്ഠയുമില്ല. പറഞ്ഞത് അദ്ദേഹം തന്നെ മാറ്റിക്കൊള്ളുമെന്നും ഗോവിന്ദന്‍ പറഞ്ഞു.
എന്നാല്‍ ശ്രീധരന്‍ പറയുന്ന അതിവേഗ റെയില്‍ പദ്ധതിക്കാണ് കേന്ദ്രം അനുമതി നല്‍കുന്നതെങ്കില്‍ അത് അംഗീകരിക്കും. അതിവേഗ റെയില്‍ ആരു കൊണ്ടുവരുന്നതിനും എതിരല്ല. കേന്ദ്രം പറഞ്ഞു എന്ന വിവരം വന്നാല്‍ പോരല്ലോ, അവര്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിക്കണ്ടേ?. ഇ.ശ്രീധരന്‍ പറഞ്ഞതിനു ശേഷം അതേക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ കേന്ദ്രമന്ത്രിയെ കണ്ടു സംസാരിച്ചപ്പോഴും അവര്‍ക്ക് അതിനെക്കുറിച്ച് അറിവില്ലെന്നാണു പറഞ്ഞത്. പദ്ധതിയെക്കുറിച്ച് ശ്രീധരനുമായി ആലോചിക്കുന്നതില്‍ ഒരു പ്രശ്‌നവുമില്ല.
കേരളത്തിനു വേണ്ടത് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ അതിവേഗം അല്ലെങ്കില്‍ അര്‍ധഅതിവേഗ റെയില്‍ ആണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ യുഡിഎഫിന് അതില്‍ തര്‍ക്കമുണ്ട്. ഞങ്ങള്‍ കെ റെയില്‍ കൊണ്ടുവന്നപ്പോള്‍ അവര്‍ വലിയ തര്‍ക്കമാണ് ഉന്നയിച്ചത്. സാഹസികമായി കുറ്റി ഊരുകയാണ് അവര്‍ ചെയ്തത്. കേന്ദ്രവും സംസ്ഥാനവും സംയുക്തമായ പദ്ധതി ആവിഷ്‌കരിച്ചാല്‍ സഹായിക്കാമെന്ന കേന്ദ്രത്തിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കെ റെയില്‍ ആസൂത്രണം ചെയ്തത്.
ഒടുവില്‍ രാഷ്ട്രീയത്തിന്റെ പേരിലാണ് കേന്ദ്രം പദ്ധതിക്ക് അനുമതി നല്‍കാതിരുന്നത്. ഭൂമി ഏറ്റെടുക്കേണ്ടതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനായതു കൊണ്ടാണ് കുറ്റി ഇട്ടതെന്നും ഗോവിന്ദന്‍ പറഞ്ഞു. കെ റെയില്‍ വേണ്ട, പകരം ശ്രീധരന്‍ പറയുന്ന റെയില്‍ വരട്ടെ എന്ന് പ്രതിപക്ഷം പറയുന്നത് അവസരവാദമാണെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha


























