പ്രണയത്തെ എതിര്‍ത്ത മാതാപിതാക്കളോട് നഴ്‌സായ മകള്‍ കാട്ടിയ ക്രൂരത

പ്രണയത്തെ എതിര്‍ത്ത മാതാപിതാക്കളോട് മകള്‍ നടത്തിയ ആസൂത്രിത കൊലപാതകത്തില്‍ ഞെട്ടി അന്വേഷണ സംഘം. തെലങ്കാനയിലെ വികാരാബാദ് ജില്ലയിലാണ് മനസാക്ഷിയെ നടുക്കിയ ഈ സംഭവം നടന്നത്. സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ഇരുപതുകാരിയായ നക്കല സുരേഖയാണ് അച്ഛനെയും അമ്മയെയും വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയത്.
ആശുപത്രിയില്‍ നിന്ന് മരുന്നും സിറിഞ്ചും സംഘടിപ്പിച്ചതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. രണ്ട് കൊലപാതകങ്ങള്‍ക്ക് കേസെടുത്ത പൊലീസ് സുരേഖയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. നിലവില്‍ റിമാന്‍ഡിലുള്ള യുവതിയുടെ ഫോണ്‍ രേഖകളും മറ്റ് ബന്ധങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. ഇതില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
സുരേഖ കഴിഞ്ഞ കുറച്ചുനാളുകളായി ഒരാളുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ സുരേഖയുടെ മാതാപിതാക്കള്‍ ശക്തമായി എതിര്‍ത്തതാണ് പകയ്ക്ക് കാരണമായത്. വീട്ടില്‍ ഇതിനെച്ചൊല്ലി മാസങ്ങളായി തര്‍ക്കങ്ങള്‍ പതിവായിരുന്നു. മാതാപിതാക്കള്‍ തന്റെ പ്രണയത്തിന് തടസ്സമാകുന്നു എന്ന് തോന്നിയതോടെ അവരെ ഇല്ലാതാക്കാന്‍ സുരേഖ പദ്ധതിയിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ബിഎസ്സി നഴ്‌സിംഗ് ബിരുദധാരിയായ സുരേഖ, താന്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ നിന്നാണ് കൊലപാതകത്തിനുള്ള മരുന്ന് മോഷ്ടിച്ചത്. ആശുപത്രിയില്‍ നിന്നും 2.5 മില്ലിയുടെ 4 കുപ്പി വിഷമരുന്ന് സുരേഖ കൈക്കലാക്കി. ഇതില്‍ അഞ്ച് മില്ലി വീതം മാതാപിതാക്കള്‍ക്ക് കുത്തിവെച്ചു. അമ്മയ്ക്ക് മാംസപേശികളിലൂടെയും അച്ഛന് സിരകളിലൂടെയുമാണ് വിഷം നല്‍കിയത്. കുത്തിവെപ്പിന് പിന്നാലെ തളര്‍ന്നുവീണ മാതാപിതാക്കളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മരണത്തില്‍ അസ്വാഭാവികത തോന്നിയ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടാണ് കേസന്വേഷണത്തില്‍ വഴിത്തിരിവായത്. ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതിനെത്തുടര്‍ന്ന് പൊലീസ് സുരേഖയെ ചോദ്യം ചെയ്തു. പ്രണയത്തെ എതിര്‍ത്തതിലുള്ള കടുത്ത ദേഷ്യത്തിലാണ് ഈ കടുംകൈ ചെയ്തതെന്ന് പ്രതി സമ്മതിച്ചു.
https://www.facebook.com/Malayalivartha


























